ദൈവം നമ്മുടെ സുഹൃത്തും വഴികാട്ടിയും; മാര്‍പാപ്പ

ദൈവം മനുഷ്യന് ആരാണ് എന്നതിനെക്കുറിച്ചായിരുന്നു ഈ ബുധനാഴ്ചത്തെ പൊതുദര്‍ശന പരിപാടിയില്‍ പാപ്പാ വിശദമാക്കിയത്. അബ്രാഹത്തിന്റെ ജീവിതത്തിലെ ചില ഏടുകള്‍ ചൂണ്ടിക്കാട്ടിയും വിശദീകരിച്ചും ദൈവം മനുഷ്യന് സുഹൃത്തും വഴികാട്ടിയുമാണെന്ന് പാപ്പാ പഠിപ്പിക്കുകയും ചെയ്തു.

വാഗ്ദാനത്തിലുള്ള വിശ്വാസത്തില്‍ അധിഷ്ഠിതമായ പുറപ്പാട്

അബ്രഹാമിന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഒരു ശബ്ദം മുഴങ്ങുന്നു. ഭോഷത്തം എന്നു തോന്നുന്ന ഒരു യാത്ര ആരംഭിക്കാന്‍ അബ്രഹാമിനെ ക്ഷണിക്കുന്ന ഒരു സ്വരം. സ്വദേശവും സ്വകുടുംബവും വിട്ട് നൂതനവും വിഭിന്നവുമായ ഒരു ഭാവിയിയിലേക്കു നീങ്ങാന്‍ ആഹ്വാനം ചെയ്യുന്ന ശബ്ദം. ഒരു വാഗ്ദാനം മാത്രമാണ് ഇതിനെല്ലാം അടിസ്ഥാനം. അതില്‍ വിശ്വസിക്കുക മാത്രമാണ് ഏക പോംവഴി. വാഗ്ദാനത്തില്‍ വിശ്വസിക്കുക അത്ര എളുപ്പമല്ല. അതിന് ധൈര്യം വേണം. എന്നാല്‍ അബ്രഹാം വിശ്വസിച്ചു.

ദൈവവുമായുള്ള ബന്ധത്തിന്റെ നൂതന ശൈലി

അബ്രഹാം പുറപ്പെടുന്നു. അദ്ദേഹം ദൈവത്തിന്റെ സ്വരം ശ്രവിക്കുകയും അവിടത്തെ വാക്കുകള്‍ വിശ്വസിക്കുകയും ചെയ്യുന്നു. ദൈവവചനത്തില്‍ വിശ്വസിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. അബ്രഹാമിന്റെ ഈ പുറപ്പാടോടുകൂടി ദൈവവുമായുള്ള ബന്ധം മനസ്സിലാക്കാന്‍ കഴിയുന്ന നൂതനമായൊരു ശൈലി പിറവിയെടുക്കുന്നു; ഇക്കാരണത്താലാണ് ദൈവഹിതം കഠിനവും അഗ്രാഹ്യവുമാണെങ്കിലും അവിടത്തേക്കു വിധേയനാകാന്‍ കഴിയുന്ന പരിപൂര്‍ണ്ണനായ മനുഷ്യനായി കാണപ്പെടുന്നത്.

അബ്രഹാം വചനത്തിന്റെ മനുഷ്യന്‍

ആകയാല്‍, അബ്രഹാം വചനത്തിന്റെ മനുഷ്യനാണ്. ദൈവം സംസാരിക്കുമ്പോള്‍ മനുഷ്യന്‍ ആ വചനത്തിന്റെ സ്വീകര്‍ത്താവും അവന്റെ ജീവിതം ആ വചനം മാംസംധരിക്കുന്ന വേദിയുമായിത്തീരുന്നു. വിശ്വാസിയുടെ ജീവിതം ഒരു വിളിയായും വാഗ്ദാനം സാക്ഷാത്ക്കരിക്കപ്പെടുന്ന വേദിയായും മനസ്സിലാക്കാന്‍ തുടങ്ങുന്നു. ഒരു ദിവസം സാക്ഷാത്ക്കരിക്കപ്പെടുന്ന വാഗ്ദാനത്തിന്റെ ശക്തിയാലാണ് അവന്‍ ചരിക്കുക. അബ്രഹാം വാഗ്ദാനത്തില്‍ വിശ്വസിച്ചു. വിശ്വസിക്കുകയും എങ്ങോട്ടെന്നറിയാതെ പുറപ്പെടുകയും ചെയ്തു.

ചരിത്രമായി ഭവിക്കുന്ന വിശ്വാസവും എന്റെ ദൈവവും

തന്റെ യാത്രയില്‍ കാലാനുസാരിയായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്ന വചനത്തോടുള്ള നിരന്തര വിശ്വസ്തതയോടെ അബ്രഹാം എപ്രകാരം പ്രാര്‍ത്ഥനാജീവിതം നയിച്ചുവെന്ന് ഉല്പത്തിപ്പുസ്തകം വായിക്കുമ്പോള്‍ നമുക്കു മനസ്സിലാക്കാന്‍ സാധിക്കും. ചുരുക്കത്തില്‍, അബ്രഹാത്തിന്റെ ജീവിതത്തില്‍ വിശ്വാസം ചരിത്രമായി മാറുന്നുവെന്ന് നമുക്കു പറയാന്‍ സാധിക്കും: അബ്രഹാമിന്റെ ദൈവം ‘എന്റെ ദൈവം’ ആയി മാറുന്നു, എന്റെ ചുവടുകളെ നയിക്കുന്ന, എന്നെ കൈവെടിയാത്ത, എന്റെ വ്യക്തിപരമായ ചരിത്രത്തിന്റെ ദൈവമാണ്. എന്റെ ദിനങ്ങളുടെ ദൈവം, എന്റെ സാഹസിക കൃത്യങ്ങളില്‍ തുണയായ ദൈവം, പരിപാലനയുടെ ദൈവം. ഞാന്‍ എന്നോടുതന്നെയും നിങ്ങളോടും ചോദിക്കുകയാണ്, നമുക്ക് ഈ അനുഭവം ഉണ്ടോ? നാമൊന്നു ചിന്തിക്കണം.

കര്‍മ്മാധിഷ്ഠിത പ്രാര്‍ത്ഥന

‘അബ്രഹാമിന്റെ പ്രാര്‍ത്ഥന, സര്‍വ്വോപരി, പ്രവര്‍ത്തികളില്‍ ആവിഷ്‌കൃതമാകുന്നു. മൗനിയായ മനുഷ്യന്‍ ഒരോ ഘട്ടത്തിലും കര്‍ത്താവിന് ഒരു ബലിപീഠം പണിയുന്നു’ എന്ന് കത്തോലിക്കാസഭയുടെ മതബോധനം പഠിപ്പിക്കുന്നു. അബ്രഹാം ഒരു ദേവാലയം പണിയുകയല്ല ചെയ്യുന്നത്, പിന്നെയോ, ദൈവത്തിന്റെ കടന്നുപോകലിനെ അനുസ്മരിപ്പിക്കുന്ന കല്‍പ്പാത വിരിക്കുകയാണ്. വിസ്മയവാനായ ദൈവം മൂന്നു അതിഥികളുടെ രൂപത്തില്‍ അബ്രഹാമിനെ സന്ദര്‍ശിക്കുമ്പോള്‍ അദ്ദേഹവും സാറായും അവരെ ഊഷ്മളമായി സ്വാഗതം ചെയ്യുകയും ഈ അതിഥികള്‍ അബ്രഹാത്തിനും സാറായ്ക്കും ഇസഹാക് എന്ന മകന്‍ ജനിക്കുമെന്ന് അവരെ അറിയിക്കുകയും ചെയ്യുന്നു (ഉല്‍പ്പത്തി 18,15). അബ്രഹാമിനു നൂറും അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് ഏതാണ്ട് തൊണ്ണൂറുമായിരുന്നു പ്രായം. എന്നിട്ടും അവര്‍ വിശ്വസിച്ചു. ദൈവത്തില്‍ വിശ്വസിച്ചു. അവന്റെ ഭാര്യ സാറാ ഗര്‍ഭിണിയായി. ആ പ്രായത്തില്‍! ഇതാണ് അബ്രഹാമിന്റെ ദൈവം, നമ്മുടെ ദൈവം, നമ്മെ തുണയ്ക്കുന്ന ദൈവം.

ദൈവവുമായി തര്‍ക്കിക്കത്തക്കതായ സ്വാതന്ത്ര്യം

അങ്ങനെ അബ്രഹാം ദൈവമുമായി ചര്‍ച്ചചെയ്യാന്‍ കഴിയത്തക്കവിധം അവിടന്നുമായി അടുപ്പത്തിലാകുകയും എന്നും വിശ്വസ്തനായിരിക്കുകയും ചെയ്യുന്നു. അബ്രഹാം ദൈവവുമായി സംസാരിക്കുകയും തര്‍ക്കിക്കുകയും ചെയ്യുന്നു. വാര്‍ദ്ധക്യത്തില്‍ തനിക്കു ലഭിച്ച ഏക പുത്രന്‍, ഏക അവകാശി ആയ ഇസഹാക്കിനെ ബലിയര്‍പ്പിക്കാന്‍ ദൈവം ആവശ്യപ്പെടുന്ന പരമമായ പരീക്ഷണം വരെയുള്ളതായിരുന്നു ആ വിശ്വസ്ത. ഇവിടെ അബ്രഹാം ഒരു നാടകം പോലെ, നക്ഷത്രരഹിതമായ ആകാശത്തിന്‍ കീഴില്‍, ഇരുളില്‍ തപ്പിത്തടഞ്ഞു നടക്കുന്നതു പോലെ വിശ്വാസം ജീവിക്കുന്നു. ഇരുളില്‍ എന്നാല്‍ വിശ്വാസത്തോടെ നടക്കുന്ന അവസ്ഥ ചിലപ്പോള്‍ നമുക്കും ഉണ്ടാകുന്നു. ബലിനടത്താന്‍ തയ്യാറായ അബ്രഹാമിന്റെ കരം ദൈവം തന്നെ തടയും. കാരണം അബ്രഹാമിന്റെ സന്നദ്ധത സമ്പൂര്‍ണ്ണമായിരുന്നു.( ഉല്‍പ്പത്തി 22,119)

പുത്രസഹജമായ തുറവോടെ പിതാവിനോട് സംസാരിക്കുക

സഹോദരീസഹോദരന്മാരേ, വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കാന്‍, അതായത്, ദൈവവചനം സ്വീകരിക്കാനും അതു പ്രാവര്‍ത്തികമാക്കാനും സദാ സന്നദ്ധരായിക്കൊണ്ട്, കര്‍ത്താവിനെ ശ്രവിക്കാനും നടക്കാനും ചര്‍ച്ചയിലെത്തുന്നതുവരെ സംഭാഷണത്തിലേര്‍പ്പെടാനും നമുക്ക് അബ്രഹാത്തില്‍ നിന്നു പഠിക്കാം. ദൈവവുമായി തര്‍ക്കിക്കാന്‍ നാം ഭയപ്പെടേണ്ടതില്ല. നീ ദൈവത്തോടു കോപിച്ചോ? അതും ഒരു പ്രാര്‍ത്ഥനയാണ്. കാരണം പുത്രനു മാത്രമെ പിതാവിനോടു കോപിക്കാനും പിതാവുമായി വീണ്ടും കൂടിക്കാഴ്ച നടത്താനും സാധിക്കുകയുള്ളു. പുത്രന്‍ സ്വപിതാവിനോടെന്നപോലെ, ദൈവത്തോടു സംസാരിക്കാന്‍ നമുക്കു പഠിക്കാം. അപ്പനോടു പുത്രനുള്ളതു പോലെ സുതാര്യത വേണം. അപ്രകാരം പ്രാര്‍ത്ഥിക്കാനാണ് അബ്രഹാം നമ്മെ പഠിപ്പിക്കുന്നത്. പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.