പൊതുഭവനമായ ഭൂമി സംരക്ഷിക്കാനുള്ള പോരാട്ടം തുടരാം: ഫ്രാന്‍സിസ് പാപ്പാ

‘ലൗദാത്തോ സി’ വാരാചരണത്തിന് അവസാനമായെങ്കിലും പൊതുഭവനമായ ഭൂമി സംരക്ഷിക്കാനുള്ള പോരാട്ടം തുടര്‍ന്നുകൊണ്ടേയിരിക്കാമെന്ന് മാര്‍പാപ്പാ പറഞ്ഞു. ലൗദാത്തോ സി 2021 പ്രവര്‍ത്തനവേദിയുടെ ഉദ്ഘാടനം നടത്തിക്കൊണ്ട് നല്‍കിയ സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

ഭൂമിയുടെയും ദരിദ്രരുടെയും രോദനത്തിന് ഉത്തരം നല്‍കുക, പാരിസ്ഥിതിക സമ്പദ്വ്യവസ്ഥ സംരക്ഷിക്കുക, ലളിത ജീവിതശൈലി പാലിക്കുക, പാരിസ്ഥിതിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക, പാരിസ്ഥിതിക ആത്മീയത വളര്‍ത്തുക, സമൂഹപ്രതിബദ്ധത നേടുക എന്നിവയൊക്കെയാണ് ഏഴു വര്‍ഷം നീളുന്ന ‘ലൗദാത്തോ സി’ പ്രവര്‍ത്തനവേദിയുടെ ലക്ഷ്യങ്ങള്‍.

പൊതുനന്മ കാംക്ഷിക്കുന്ന എല്ലാവരേയും നമ്മുടെയെല്ലാം പൊതുഭവനമായ ഭൂമിയേയും ഭൂവിഭവങ്ങളേയും സംരക്ഷിക്കുന്നതിനായുള്ള ദൗത്യത്തിലേയ്ക്ക് താന്‍ ക്ഷണിക്കുകയാണെന്നും കാരണം നമ്മെ സംരക്ഷിച്ചുപോരുന്ന വീട് കുറെയധികം നാളുകളായി ബുദ്ധിമുട്ടിലാണെന്നും കവര്‍ച്ചാസ്വഭാവമുള്ള നാം ആ ഭവനത്തെ മുറിപ്പെടുത്തിയെന്നും പാപ്പാ പറഞ്ഞു.

ലോകവാസത്തിലും ജീവിതശൈലിയിലും ഭൂവിഭവങ്ങളുമായുള്ള ബന്ധത്തിലും പൊതുവില്‍ മനുഷ്യനെക്കുറിച്ചുള്ള കാഴ്ചപ്പാടിലും ജീവിതരീതിയിലും ഒരു പുതിയ പാരിസ്ഥിതിക സമീപനത്തിന്റെ ആവശ്യകതയിലേക്ക് ഫ്രാന്‍സിസ് പാപ്പാ വിരല്‍ചൂണ്ടി. പാരിസ്ഥിതിക പ്രശ്നനങ്ങള്‍ മാത്രമല്ല, ദരിദ്രരുടെ നിലവിളി കേള്‍ക്കുന്ന പുതിയൊരു സമൂഹത്തിന് പുളിമാവാകുന്ന ഒരു സമഗ്ര മാനുഷികപരിസ്ഥിതി ശാസ്ത്രത്തിന്റെ ആവശ്യകതയാണെന്ന് പാപ്പാ എടുത്തുപറഞ്ഞു.

അവസാനമായി തനിക്ക് പ്രതീക്ഷയുണ്ടെന്നും ഒന്നിച്ചുചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍, സ്വന്തം സംസ്‌കാരവും അനുഭവവും ക്രിയാത്മകതയും കഴിവും ഉപയോഗിച്ച് പ്രവര്‍ത്തിച്ചാല്‍ തീര്‍ച്ചയായും ഭൂമീമാതാവിനെ അവളുടെ പൂര്‍വ്വസൗന്ദര്യത്തിലേയ്ക്ക് തിരികെ എത്തിക്കാമെന്നും ദൈവഹിതത്തിന് അനുസരിച്ച് അവളെ പുനഃസ്ഥാപിക്കാമെന്നും പാപ്പാ പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.