പാവപ്പെട്ടവരിലും പാര്‍ശ്വവത്കരിക്കപ്പെട്ടവരിലും ക്രിസ്തുവിനെ കണ്ട് ശുശ്രൂഷ ചെയ്യുന്നവരോട് നന്ദി പറഞ്ഞ് ഫ്രാന്‍സിസ് പാപ്പാ

തെരുവില്‍ അലയുകയും വലയുകയും ചെയ്യുന്ന പാവപ്പെട്ടവരെ കണ്ടെത്തി അവര്‍ക്കു വേണ്ടി വിവിധ ശുശ്രൂഷകള്‍ ചെയ്തുവരുന്ന അര്‍ജന്റീനയിലെ രണ്ട് ചാരിറ്റി സംഘടനകളിലെ അംഗങ്ങളോട് ഫ്രാന്‍സിസ് പാപ്പാ തന്റെ കൃതജ്ഞത രേഖപ്പെടുത്തി.

“നൈറ്റ് ഓഫ് ചാരിറ്റി, ഹോം ഓഫ് നസ്രത്ത് എന്നീ രണ്ട് സംഘടനകളില്‍ ശുശ്രൂഷ ചെയ്യുന്ന എല്ലാവരേയും പ്രത്യേകം അഭിനന്ദിക്കാനും നന്ദി പറയാനും ഞാന്‍ ആഗ്രഹിക്കുകയാണ്. ഭവനരഹിതരോടുള്ള അവരുടെ സമീപനം സ്തുത്യര്‍ഹമാണ്. നിങ്ങള്‍ ചെയ്തതിനല്ലാം നിങ്ങളോട് നന്ദി പറയുന്നു” – രണ്ട് സംഘടനയ്ക്കുമായി അയച്ച വീഡിയോ സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

എല്ലാവര്‍ക്കും അത്മായര്‍ക്കും വൈദികര്‍ക്കും സഭാശുശ്രൂഷകര്‍ക്കും ക്രിസ്തുവിന്റെ മുഖം അശരണരില്‍ കണ്ടുകൊണ്ട് ശുശ്രൂഷ ചെയ്യുന്നതിന് യേശുനാമത്തില്‍ പാപ്പാ നന്ദി പറഞ്ഞു. “ക്രിസ്തു അവിടെയാണ്. കാരണം സുവിശേഷത്തിന്റെ കേന്ദ്രം തന്നെ ദരിദ്രരിലാണ്” – പാപ്പാ കൂട്ടിച്ചേര്‍ത്തു.

മാര്‍ ജെല്‍ പ്ലാറ്റ എന്ന അര്‍ജന്റീനിയന്‍ രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള അംഗങ്ങള്‍ ചേര്‍ന്നതാണ് നൈറ്റ് ഓഫ് ചാരിറ്റി എന്ന സംഘടന. തെരുവില്‍ കഴിയുന്നവര്‍ക്ക് ചൂടുള്ളതും സ്വാദിഷ്ടവുമായ ഭക്ഷണം നല്‍കുക, സ്‌നേഹവും കരുതലും അറിയിച്ചുകൊണ്ട് സന്ദേശങ്ങള്‍ അയയ്ക്കുക, വസ്ത്രവും കമ്പിളിയും പുതപ്പുമെല്ലാം വിതരണം ചെയ്യുക തുടങ്ങിയ സേവനങ്ങളാണ് ഇവര്‍ ചെയ്യുന്നത്. സ്വന്തം വാഹനങ്ങളാണ് ഇത്തരം സേവനങ്ങള്‍ക്കായി പ്രവര്‍ത്തകര്‍ ഉപയോഗിക്കുന്നതും.

കാരിത്താസ് ചാരിറ്റി സംഘടനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നതാണ് ഹോം ഓഫ് നസ്രത്ത്. ഭവനരഹിതരായവര്‍ക്ക് രാത്രികാല താമസ സൗകര്യം ഒരുക്കുക എന്നതാണ് ഇവരുടെ സേവനമേഖല. കൂടാതെ അഭയം തേടിയെത്തുന്നവര്‍ക്ക് ഭക്ഷണവും വസ്ത്രവുമെല്ലാം ഇവര്‍ നല്‍കിവരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.