പരിസ്ഥിതിസ്‌നേഹവും മനുഷ്യസ്‌നേഹവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ

നമ്മുടെ ജീവിതശൈലിയെ, ഭൂവിഭവങ്ങളുമായുള്ള നമ്മുടെ ബന്ധത്തെ, പരിവര്‍ത്തനം ചെയ്യുന്ന ഒരു സമഗ്രമാനവ പരിസ്ഥിതിവിജ്ഞാനീയം നമുക്ക് ആവശ്യമാണെന്ന് മാര്‍പാപ്പ. അത്, പാരിസ്ഥിതികപ്രശ്നങ്ങളെ മാത്രമല്ല സമഗ്ര മനുഷ്യനെയും ഉള്‍ക്കൊള്ളുന്നതും ദരിദ്രരുടെ നിലവിളിയോട് പ്രതികരിക്കുന്നതുമാകണം എന്നും പാപ്പാ പറഞ്ഞു. ഐക്യരാഷ്ട്രസഭ ആഗോള പരിസ്ഥിതിദിനമായി ആചരിക്കുന്ന ജൂണ്‍ അഞ്ചിന് നല്‍കിയ സന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

ഉത്തരവാദിത്വബോധമുള്ള പ്രകൃതിസംരക്ഷകരായിത്തീരുകയും നാം ദീര്‍ഘകാലം ഹാനി വരുത്തുകയും ചൂഷണം ചെയ്യുകയും ചെയ്ത പ്രകൃതിക്ക് അടിയന്തിരമായി പുത്തനുണര്‍വ്വ് നല്‍കുകയും ചെയ്യുന്നതിനുവേണ്ടി പരിശ്രമിക്കാനും ഇന്നത്തെ പാരിസ്ഥിതികാവസ്ഥ നമ്മെ ക്ഷണിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

“പരിസ്ഥിതിയെക്കുറിച്ചുള്ള യഥാര്‍ത്ഥ ആശങ്ക മനുഷ്യജീവികളോടുള്ള ആത്മാര്‍ത്ഥമായ സ്‌നേഹവും സമൂഹ്യപ്രശ്നങ്ങളോടുള്ള നിരന്തരമായ പ്രതിബദ്ധതയുമായി സംയോജിപ്പിക്കണം” എന്ന് പാപ്പാ ‘ലൗദാത്തൊസീ’ എന്ന തന്റെ ചാക്രികലേഖനം ഉദ്ധരിച്ചുകൊണ്ട് ഓര്‍മ്മിപ്പിക്കുകയും ചെയ്തു. മനുഷ്യരെയും പ്രകൃതിയെയും ചൂഷണം ചെയ്യുകയും നശിപ്പിക്കുകയും ചെയ്യുന്ന പ്രക്രിയ തുടരുന്നത് അന്യായവും കരുതലില്ലായ്മയുമാണെന്ന് കുറ്റപ്പെടുത്തിയ പാപ്പാ, നാം പ്രകൃതിയുടെ സംരക്ഷകരാകാത്തപക്ഷം നമ്മുടെ അടിത്തറ നാം തന്നെ നശിപ്പിക്കുന്ന അപകടമുണ്ടെന്ന് മുന്നറിയിപ്പും നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.