സൈപ്രസ്, ഐക്യത്തിന്റെ തുറമുഖവും സംസ്കാരങ്ങളുടെ നാൽക്കവലയുമെന്ന് പാപ്പാ

നിക്കോസിയയിലെ രാഷ്ട്രപതി ഭവനിലെ സെറിമോണിയൽ ഹാളിൽ വച്ച് അധികാരികൾ, സിവിൽ സമൂഹം, നയതന്ത്രജ്ഞർ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തിയ അവസരത്തിൽ പരിശുദ്ധ പിതാവ് നൽകിയ പ്രഭാഷണം.

തനിക്ക് നൽകിയ ഹൃദയങ്കമമായ സ്വാഗതത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് പാപ്പാ തന്റെ പ്രഭാഷണം ആരംഭിച്ചത്. നൂറ്റാണ്ടുകളായി വിദേശീയരെ സ്വാഗതം ചെയ്യുന്ന ഒരു തുറന്ന വാതിലും ഐക്യത്തിന്റെ തുറമുഖവുമാണെന്നു മാത്രമല്ല ഇപ്പോഴും സൈപ്രസ് സംസ്കാരങ്ങളുടെ നാൽക്കവലയാണെന്നും പാപ്പാ പറഞ്ഞു.

ആദ്യത്തെ വലിയ പ്രേഷിതരായിരുന്ന വി. പൗലോസിന്റെയും ബർണ്ണബാസിന്റെയും മർക്കോസിന്റെയും കാൽപ്പാടുകളിലൂടെ നടക്കുമ്പോൾ താൻ വികാരഭരിതനാവുന്നു എന്നും താൻ ഒരു “തീർത്ഥാടകന്‍” ആയാണ് അവരുടെ മദ്ധ്യേ വന്നിരിക്കുന്നതെന്നും പാപ്പാ പറഞ്ഞു. രാജ്യത്ത് പാരമ്പര്യമായി ഉണ്ടായിരുന്ന അതുവരെയില്ലാതിരുന്ന ഒരു സൗന്ദര്യത്തിന്റെ സന്ദേശം എങ്ങനെയാണ് ഈ ആദിമ ക്രൈസ്തവർ കൊണ്ടുവന്നതെന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു. അതുമൂലം ഈ രാജ്യം ഭൂഖണ്ഡങ്ങളിലെല്ലാം സൗന്ദര്യത്തിന്റെ സന്ദേശവാഹകനായി എന്നു സമുദ്രത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന സൈപ്രസ് ദ്വീപിന്റെ പ്രകൃതിഭംഗി ധ്യാനിച്ചുകൊണ്ട് പാപ്പാ പറഞ്ഞു. മെഡിറ്ററേനിയൻ പ്രദേശത്തിന്റെ ഹൃദയത്തിലെ അമൂല്യമായ പവിഴമായാണ് സൈപ്രസിനെ പാപ്പാ വിവരിച്ചത്.

സമാധാനത്തിന്റെ തീക്ഷ്ണമായ പ്രതീക്ഷ

സൈപ്രസ് അഭിമുഖീകരിക്കുന്ന വെല്ലുവിളികളിൽ കോവിഡ് മഹാമാരി മൂലം വന്ന സാമ്പത്തിക ബുദ്ധിമുട്ടുകളും, മനുഷ്യക്കടത്തിന്റെ വിപത്തും, സമീപദശകങ്ങളിൽ നിലനിൽക്കുന്ന “ഭയാനകമായ മുറിവ്” എന്നു വിശേഷിപ്പിച്ച സൈപ്രസിലെ വിഭജനവും അതുമൂലം പ്രത്യേകിച്ച് കുടിയൊഴിപ്പിക്കപ്പെട്ടവർക്കുണ്ടായ കഷ്ടപ്പാടുകളും പാപ്പാ മറന്നില്ല. താൻ അവർക്കും മുഴുവൻ ദ്വീപിനും സമാധാനമുണ്ടാകാന്‍ വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും അതു തന്നെയാണ് തന്റെ തീക്ഷ്ണമായ പ്രത്യാശ എന്നും പാപ്പാ പറഞ്ഞു.

സമാധാനത്തിന്റെ വഴിയിൽ, സംഘർഷങ്ങളെ പൊരുത്തപ്പെടുത്തി ഐക്യത്തിന്റെ സൗന്ദര്യം സജീവമാക്കുന്നതിന്റെ താക്കോൽ പദം സംവാദമാണെന്ന് പാപ്പാ അറിയിച്ചു.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.