ലെബനനിലെ ക്രൈസ്തവ നേതാക്കളുമായി കൂടിക്കാഴ്ചയ്‌ക്കൊരുങ്ങി മാര്‍പാപ്പ

ലെബനനിലെ ക്രൈസ്തവ സമൂഹങ്ങളുടെ നേതാക്കളുമായി ജൂലൈ ഒന്നാം തീയതി താന്‍ കൂടിക്കാഴ്ച നടത്തുമെന്ന് ഫ്രാന്‍സിസ് പാപ്പാ അറിയിച്ചു. ഞായറാഴ്ച ഏഞ്ചലസ് പ്രാര്‍ത്ഥനയ്ക്കിടെയാണ് പാപ്പാ ഇക്കാര്യം വെളിപ്പെടുത്തിയത്. നേതാക്കളെ വത്തിക്കാനില്‍ സ്വീകരിച്ചാണ് പാപ്പാ പ്രസ്തുത കൂടിക്കാഴ്ച നടത്താനിരിക്കുന്നത്. ലബനന്‍ ജനത കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന പ്രത്യേക അവസ്ഥകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനു വേണ്ടിക്കൂടിയാണ് പാപ്പാ നേതാക്കളുമായി കൂടിക്കാഴ്ചയ്‌ക്കൊരുങ്ങുന്നത്.

“രാജ്യത്തെ ദുഃഖപൂരിതമായ അവസ്ഥകളെക്കുറിച്ച് ചര്‍ച്ച ചെയ്യാനും രാജ്യത്തില്‍ സമാധാനവും സ്ഥിരതയും ഉറപ്പുവരുത്താനും എന്തൊക്കെ ചെയ്യാമെന്നത് നേതാക്കളുമായി സംസാരിക്കും. ദൈവമാതാവിന്റെ പ്രത്യേക ഇടപെടല്‍ ലബനന്‍ ജനതയുടെമേല്‍ ഉണ്ടാകുന്നതിനുവേണ്ടിയും നമുക്കു പ്രാര്‍ത്ഥിക്കാം. ലബനന്റെ മികച്ച ഭാവിക്കുവേണ്ടി നടത്തുന്ന ഈ പ്രത്യേക ഉദ്യമത്തില്‍ പ്രാര്‍ത്ഥനയിലൂടെ നിങ്ങളും പങ്കുചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു” – ഏഞ്ചലസ് പ്രാര്‍ത്ഥനയ്ക്കിടെ പാപ്പാ പറഞ്ഞു.

രാഷ്ട്രീയവും സാമ്പത്തികവുമായ പ്രതിസന്ധികളിലൂടെയാണ് ലബനന്‍ കടന്നുപോകുന്നത്. യൂറോപ്യന്‍ ബിഷപ്പുമാരുടെ സമിതി, യൂറോപ്പ്യന്‍ യൂണിയനോട് ലബനന്‍ ജനതയ്ക്ക് പിന്തുണ ആവശ്യപ്പെട്ടുകൊണ്ട് അഭ്യര്‍ത്ഥന നടത്തിയിരുന്നു. ലബനന്‍ സഭയും സഹായവും പ്രാര്‍ത്ഥനയും ആവശ്യപ്പെട്ടുകൊണ്ട് യൂറോപ്യന്‍ ബിഷപ്പുമാര്‍ക്ക് സന്ദേശം അയയ്ക്കുകയും ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.