മെക്സിക്കോയിലെ അപകടത്തിൽ മരിച്ച അമ്പതിലധികം പേർക്കു വേണ്ടി പ്രാർത്ഥിച്ച് ഫ്രാൻസിസ് മാർപാപ്പ

മെക്സിക്കോയിൽ ട്രക്ക് അപകടത്തിൽ മരണമടഞ്ഞ അമ്പതിലധികം ആളുകൾക്കായി ഫ്രാൻസിസ് മാർപാപ്പ പ്രാർത്ഥന നടത്തി. അപകടത്തിൽ മരിച്ചവരുടെ ആത്മശാന്തിക്കു വേണ്ടി പ്രാർത്ഥിക്കുകയും അവരുടെ കുടുംബങ്ങളെ ഖേദം അറിയിക്കുകയും ചെയ്യുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ ടെലിഗ്രാം സന്ദേശത്തിലൂടെ അറിയിച്ചു. ടക്‌സ്‌റ്റ്‌ല ആർച്ചുബിഷപ്പ് മോൺസിനാണ് ടെലിഗ്രാം സന്ദേശം അയച്ചത്.

50-ലധികം കുടിയേറ്റക്കാരുടെ മരണത്തിനു കാരണമായ അപകടം മെക്സിക്കോയിലെ ചിയാപാസിലാണ് നടന്നത്. ഡിസംബർ 9 -ന് ഉച്ച കഴിഞ്ഞ് ടക്‌സ്‌റ്റ്‌ല ഗുട്ടിറസിലേക്കുള്ള ഹൈവേയിൽ അമിതവേഗതയിലെത്തിയ ട്രക്ക് മറിഞ്ഞാണ് ദാരുണമായ അപകടം നടന്നത്. 150- ഓളം ആളുകളാണ് ട്രക്കിൽ ഉണ്ടായിരുന്നത്.

മരിച്ചവരിൽ ഭൂരിഭാഗവും ഗ്വാട്ടിമാലൻ കുടിയേറ്റക്കാരും ബാക്കിയുള്ളവർ മധ്യ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരുമാണ്. മെക്സിക്കോയിലെ ഗ്വാട്ടിമാലൻ അംബാസഡർ മരിയോ ബുക്കാരോയാണ് ഈ സ്ഥിരീകരണം നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.