ഇറാന്‍ വിദേശകാര്യ മന്ത്രിയുമായും തുര്‍ക്കി പ്രസിഡന്റുമായും ഇസ്രായേല്‍ – പാലസ്തീന്‍ വിഷയത്തില്‍ പാപ്പാ ചര്‍ച്ച നടത്തി

ഇസ്രായേല്‍ ഗാസാ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവദ് സരീഫുമായും തുര്‍ക്കി പ്രസിഡന്റ് റിസപ്പ് തായിപ്പ് എര്‍ദോഗനുമായും ഫ്രാന്‍സിസ് പാപ്പാ ചര്‍ച്ച നടത്തി. മുഹമ്മദ് ജാവദിനെ വത്തിക്കാനിലെ അപ്പസ്‌തോലിക് പാലസില്‍ സ്വീകരിച്ച പാപ്പാ, തുര്‍ക്കി പ്രസിഡന്റുമായി ഫോണിലാണ് ചര്‍ച്ച നടത്തിയത്.

പാലസ്തീനെക്കുറിച്ചും മതാന്തര സംവാദത്തെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകള്‍ തങ്ങള്‍ പങ്കുവച്ചതായി മുഹമ്മദ് ജാവദ് പറഞ്ഞു. തുര്‍ക്കി പ്രസിഡന്റുമായി പാപ്പാ മേയ് 17-നു നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ ഇസ്രായേല്‍ – പാലസ്തീന്‍ സംഘര്‍ഷത്തെപ്പറ്റിയായിരുന്നു ഇരുവരും സംസാരിച്ചതെന്ന് തുര്‍ക്കി ഗവണ്‍മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. പാലസ്തീനികള്‍ക്കെതിരെയുള്ള കൂട്ടക്കൊല അവസാനിപ്പിക്കുവാന്‍ മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമിടയില്‍ ഒരു പൊതു പ്രതിബദ്ധത ആവശ്യമാണെന്നു എര്‍ദോഗന്‍ പറഞ്ഞതായും നിലവിലെ പ്രതിസന്ധിയുടെ പരിഹാരത്തിനായി ഫ്രാന്‍സിസ് പാപ്പയുടെ സഹായം അഭ്യര്‍ത്ഥിക്കുകയാണ് ചെയ്തതെന്നും വിവിധ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഫ്രാന്‍സിസ് പാപ്പ അടക്കമുള്ള ലോകനേതാക്കളുടെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ച് ക്രൈസ്തവ ദേവാലയമായ ഹാഗിയ സോഫിയയെ മോസ്‌ക്കാക്കി മാറ്റിയ തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ പാലസ്തീന്‍ വിഷയത്തില്‍ സ്വീകരിച്ച നിലപാട് വൈരുദ്ധ്യാത്മകമാണെന്നാണ് പൊതുവെ ചൂണ്ടിക്കാട്ടുന്നത്. ഇസ്രായേലികളും പാലസ്തീനികളും സംഭാഷണത്തിന്റെയും പൊറുക്കലിന്റെയും പാത കണ്ടെത്തെണമെന്നും പൊതുവായൊരു പ്രതീക്ഷയിലേക്കും സഹോദരങ്ങള്‍ക്കിടയില്‍ സഹവര്‍ത്തിത്വത്തിലേക്കും പടിപടിയായി പ്രവേശിച്ചുകൊണ്ട് സമാധാനത്തിന്റെയും നീതിയുടെയും ക്ഷമാശീലരായ ശില്പികളാകണമെന്നും പാപ്പാ ഇതിനോടകം പലതവണ ആവര്‍ത്തിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.