വി. യൗസേപ്പിന്റെ ലുത്തിനിയയിലെ ഏഴ് പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് പാപ്പായുടെ അംഗീകാരം

മെയ്‌ ഒന്നിലെ തൊഴിലാളി ദിനാഘോഷത്തോടനുബന്ധിച്ച് തൊഴിലാളി മദ്ധ്യസ്ഥനായ വി. യൗസേപ്പിന്റെ ലുത്തിനിയയിലെ ഏഴ് പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് ഫ്രാന്‍സിസ് പാപ്പാ അംഗീകാരം നല്‍കി. വത്തിക്കാനിലെ ആരാധനാക്രമങ്ങള്‍ക്കു വേണ്ടിയുള്ള കോണ്‍ഗ്രിഗേഷന്‍ സെക്രട്ടറി ആര്‍ച്ച്ബിഷപ്പ് ആര്‍ത്തര്‍ റോഹെയാണ് ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവില്‍ ഒപ്പ് വച്ചിരിക്കുന്നത്.

‘രക്ഷകന്റെ സംരക്ഷകന്‍’, ‘ക്രിസ്തുവിന്റെ ദാസന്‍’, ‘രക്ഷാകരകര്‍മ്മത്തിലെ സഹായകന്‍’, ‘ബുദ്ധിമുട്ടുകളില്‍ സഹായിക്കുന്നവന്‍’, ‘പ്രവാസികളുടെ മദ്ധ്യസ്ഥന്‍, കഷ്ടപ്പെടുന്നവരുടെ മദ്ധ്യസ്ഥന്‍, പാവങ്ങളുടെ മദ്ധ്യസ്ഥന്‍’ എന്നീ വിശേഷണങ്ങളാണ് വി. യൗസേപ്പിതാവിന്റെ ലുത്തിനിയയില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. വി. യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥനകളില്‍ പുതിയ വിശേഷണങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ പ്രാദേശിക മെത്രാന്‍സമിതികളോട് വത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്.

വി. യൗസേപ്പിന് മറ്റ് വിശുദ്ധര്‍ നല്‍കിയ വിശേഷണങ്ങളും ചില മാര്‍പാപ്പാമാര്‍ തങ്ങളുടെ അപ്പസ്‌തോലികലേഖനങ്ങളില്‍ വിശുദ്ധനെ വിശേഷിപ്പിച്ച വാക്കുകളും ഉള്‍പ്പെടുത്തിയാണ് ഈ പുതിയ വിശേഷണങ്ങള്‍ അദ്ദേഹത്തിന്റെ ലുത്തിനിയയില്‍ ഉള്‍പ്പെടുത്തിയത്. പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ പാപ്പാ അംഗീകരിച്ചതോടെ വി. യൗസേപ്പിന്റെ ലുത്തിനിയയിലെ വിശേഷണങ്ങള്‍ 31 എണ്ണമായി. 2020 ഡിസംബര്‍ 8 മുതല്‍ 2021 ഡിസംബര്‍ 8 വരെ തിരുസഭയില്‍ ആചരിക്കുന്ന വി. യൗസേപ്പിന്റെ വര്‍ഷാചരണത്തിന്റെ ഭാഗം കൂടിയായാണ് ഈ സവിശേഷ നടപടി ഉണ്ടായത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.