ജനസംഖ്യാ പ്രതിസന്ധി; പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കാനൊരുങ്ങി ഫ്രാന്‍സിസ് പാപ്പാ

ഇറ്റലി അടക്കമുള്ള നിരവധി രാജ്യങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ജനസംഖ്യാ പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഫ്രാന്‍സിസ് പാപ്പാ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ താല്‍പര്യപ്പെടുന്നതായി വത്തിക്കാന്‍. ‘ജനനവുമായി ബന്ധപ്പെട്ട പൊതു അവസ്ഥകള്‍’ എന്ന വിഷയത്തിലൂന്നിയായിരിക്കും സമ്മേളനത്തില്‍ ചര്‍ച്ചകള്‍ നടക്കുക.

ഇറ്റലി അടക്കമുള്ള യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ വൃദ്ധരുടെ സംഖ്യ കൂടുകയും ജനന നിരക്ക് കുറയുകയും ചെയ്യുന്ന സാഹചര്യം നിലനില്‍ക്കുമ്പോള്‍ തന്നെയുണ്ടായ കോവിഡ് വ്യാപനം സമൂഹത്തിലെ ജനന നിയന്ത്രണ പ്രവണതയ്ക്ക് ആക്കം കൂട്ടുകയുണ്ടായി. ഈ സാഹചര്യം കണക്കിലെടുത്താണ് വിഷയത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യാനും പരിഹാരം കണ്ടെത്താനുമായി പാപ്പാ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഉദ്ദേശിക്കുന്നത്.

ഫോറം ഫോര്‍ ഫാമിലി അസോസിയേഷന്റെ നേതൃത്വത്തില്‍ മേയ് 14-നാണ് വത്തിക്കാന് സമീപമുള്ള ഓഡിറ്റോറിയത്തില്‍ വച്ച് സമ്മേളനം നടക്കുക. ജനന നിരക്കില്‍ വര്‍ദ്ധനവ് ഉണ്ടാവുക എന്നത് ഒരു രാജ്യത്തിന്റെ നിലനില്‍പ്പിന് ആവശ്യമാണെന്നും അത് എല്ലാവരുടേയും ഉത്തരവാദിത്വമാണെന്നുമുള്ള സന്ദേശവും ആഹ്വാനവുമാണ് സമ്മേളനത്തിലൂടെ നല്‍കാന്‍ ഉദ്ദേശിക്കുന്നത്. ജനപ്രതിനിധികളും ആരോഗ്യരംഗത്തെ പ്രഗത്ഭരും ഉയര്‍ന്ന ഉദ്യോഗസ്ഥരുമെല്ലാം സമ്മേളനത്തില്‍ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.