ധ്യാനാത്മക പ്രാര്‍ത്ഥന, ക്രിസ്തുവിലേയ്ക്കുള്ള സ്‌നേഹവീഥിയിലെ വഴികാട്ടി: മാര്‍പാപ്പ

ധ്യാനാത്മക പ്രാര്‍ത്ഥനയുടെ പ്രാധാന്യത്തേയും പ്രത്യേകതകളേയും കുറിച്ചാണ് ബുധനാഴ്ചത്തെ പൊതുദര്‍ശന പ്രഭാഷണത്തില്‍ ഫ്രാന്‍സിസ് പാപ്പാ വിവരിച്ചത്. ധ്യാനാത്മക പ്രാര്‍ത്ഥനയിലൂടെ സ്‌നേഹത്തിന്റെ പാതയിലൂടെ സഞ്ചരിക്കാനും യേശുവിനെ അനുഗമിക്കാനും സാധിക്കുമെന്ന് പാപ്പാ പറഞ്ഞു.

ഓരോ ഭക്ഷണവിഭവങ്ങള്‍ക്കും ഉപ്പ് രുചി പകരുന്നതുപോലെ നമ്മുടെ അനുദിന ജീവിതത്തെ രുചികരമാക്കാന്‍ ധ്യാനചിന്തകള്‍ക്ക് കഴിയുന്നുണ്ട്. പക്ഷികള്‍ ചിലയ്ക്കുന്നതും സൂര്യന്‍ ഉദിക്കുന്നതും കലയും സംഗീതവുമെല്ലാം ഇത്തരത്തില്‍ നമ്മുടെ ധ്യാനാത്മക ഭാവങ്ങളെ ഉണര്‍ത്താന്‍ കെല്‍പുള്ളവയാണ്. ധ്യാനിക്കുക എന്നാല്‍ എന്തെങ്കിലും ചെയ്യുക എന്നല്ല, മറിച്ച് എന്തിലെങ്കിലും ആയിരിക്കുക എന്നാണ് – പാപ്പാ പറഞ്ഞു.

ധ്യാനാത്മക പ്രാര്‍ത്ഥനയിലേയ്ക്ക് കടക്കുന്നതിനു മുമ്പ് വിശ്വാസത്തിലും സ്‌നേഹത്തിലും അഭിവൃദ്ധി പ്രാപിക്കണമെന്നും ധ്യാനവേളയില്‍ കണ്ണിനേക്കാള്‍ പ്രാധാന്യം ഹൃദയത്തിനാണെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. ദൈവവുമായുള്ള നമ്മുടെ ബന്ധത്തിന്റെ ജീവവായുവായും നമ്മുടെ വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും പ്രകടനമായുമാണ് ധ്യാനത്തില്‍ പ്രാര്‍ത്ഥന കടന്നുവരേണ്ടതെന്നും പാപ്പാ വ്യക്തമാക്കി.

ധ്യാനാത്മക പ്രാര്‍ത്ഥനയില്‍ ചുരുക്കം വാക്കുകള്‍ മാത്രമേ ആവശ്യമുള്ളുവെന്നും ദൈവത്തെ നോക്കുക, അവിടുത്തെ നോട്ടം സ്വീകരിക്കുക എന്നത് മാത്രമാണ് പ്രധാനമെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു. അതുപോലെ തന്നെ ധ്യാനം എന്നത് ഒരിക്കലും ദൈവസ്‌നേഹം പ്രകടമാക്കുന്ന മറ്റ് പ്രവര്‍ത്തികളേക്കാള്‍ ഒട്ടും താഴെയല്ലെന്നും ഈശോയുടെ സ്‌നേഹപാതയെ പിന്തുടരുക എന്ന രീതിയിലും സ്‌നേഹത്തിന്റെ നിശബ്ദമായ പ്രകടനമെന്ന നിലയിലും വലിയ ദൈവാരാധനയാണ് അതെന്നും പാപ്പാ വിശദീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.