പ്രസിഡന്‍റ് ബുഷിന്‍റെ നിര്യാണത്തില്‍ ഫ്രാന്‍സിസ് പാപ്പാ അനുശോചനം അറിയിച്ചു

അമേരിക്കന്‍ ഐക്യനാടുകളുടെ 41-Ɔമത്തെ പ്രസിഡന്‍റിന്‍റെ മരണത്തില്‍ വേദനിക്കുന്ന ബുഷ്-കുടുംബത്തെ ഫ്രാന്‍സിസ് പാപ്പാ അനുശോചനവും സാന്ത്വനവും പ്രാര്‍ത്ഥനാപൂര്‍വ്വം അറിയിച്ചു. അമേരിക്കന്‍ ജനതയെ ധീരമായി നയിച്ച രാഷ്ട്രനേതാവിന്‍റെ ആത്മാവിനെ ദൈവകരങ്ങളില്‍ സമര്‍പ്പിച്ച പാപ്പാ, വിലപിക്കുന്ന ജനതയ്ക്കു സമാധാനവും ദൈവാനുഗ്രഹവും നേര്‍ന്നു.

വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ വഴിയാണ് ഫ്രാന്‍സിസ് പാപ്പാ അനുശോചനം അറിയിച്ചത്.

നവംബര്‍ 30-Ɔο തിയതി വെള്ളിയാഴ്ച വാര്‍ദ്ധക്യസഹജമായ രോഗങ്ങളാല്‍ പ്രസിഡന്‍റ് ബുഷ് അന്തരിച്ചത്. അമേരിക്കന്‍ ജനത ഡിസംബര്‍ 5, ബുധനാഴ്ച പ്രസിഡന്‍റ് ബുഷിന്‍റെ വേര്‍പാടില്‍ ദുഃഖം ആചരിച്ചു. കാപ്പിതോളില്‍ നടന്ന ഭൗതികശേഷിപ്പുകളുടെ പൊതുദര്‍ശനത്തെ തുടര്‍ന്ന് ദേശീയ ബഹുമതികളോടെയുള്ള അന്തിമോപചാര ശുശ്രൂഷകള്‍ ബുധനാഴ്ച, പ്രാദേശിക സമയം 11 മണിക്ക് വാഷിങ്ടണിലെ ദേശീയ ഭാദ്രാസന ദോവലയത്തില്‍ നടത്തപ്പെട്ടു. തലസ്ഥാന നഗരത്തിലെ വിടപറയല്‍ ചടങ്ങുകളെ തുടര്‍ന്ന് ബുധാഴ്ച വൈകുന്നേരം പ്രസിഡന്‍റ് ബുഷിന്‍റെ ഭൗതികശേഷിപ്പുകള്‍ ജന്മനാടായ ഹ്യൂസ്റ്റണിലേയ്ക്ക് കൊണ്ടുപോയി.

ബുധാനാഴ്ച വൈകുന്നേരവും, വ്യാഴാഴ്ച ഡിസംബര്‍ 6-Ɔο തിയതി രാവിലെയും ഹ്യൂസ്റ്റണിലെ സെന്‍റ് മാര്‍ട്ടിന്‍ എപ്പിസ്കോപ്പല്‍ ദേവാലയത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്ന പ്രസിഡന്‍റ് ബുഷിന്‍റെ ഭൗതികശേഷിപ്പുകള്‍ വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് ടെക്സസിലെ കുടുംബക്കല്ലറയില്‍ സംസ്കരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.