ബാഗ്ദാദിലെ മാർക്കറ്റിലുണ്ടായ ബോംബാക്രമണത്തിൽ അനുശോചനം അറിയിച്ച് ഫ്രാൻസിസ് പാപ്പാ

ഇറാഖിന്റെ തലസ്ഥാന നഗരമായ ബാഗ്ദാദിലെ മാർക്കറ്റിലുണ്ടായ സ്ഫോടനത്തിൽ അനുശോചനമറിയിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. ബാഗ്ദാദിലെ അൽ – വുഹൈലത്ത് മാർക്കറ്റിൽ നടന്ന സ്‌ഫോടനത്തിൽ 30 ആളുകൾ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഈദ് ആഘോഷങ്ങൾക്ക് മുന്നോടിയായി അൽ വുഹൈലത്ത് മാർക്കറ്റിൽ നിരവധിയാളുകൾ ഉണ്ടായിരുന്നു. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും പാപ്പാ അനുശോചനം അറിയിച്ചു. സുന്നി മുസ്ലിം ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് ആണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം. ഇറാഖിലെ വിവിധ മാർക്കറ്റുകളിലായി നടന്ന ഈ വർഷത്തെ മൂന്നാമത്തെ സ്ഫോടനമാണ് ഇത്.

“മരണമടഞ്ഞവരുടെ ആത്മാക്കളെ സർവ്വശക്തനായ ദൈവത്തിന്റെ കാരുണ്യത്തിനു വിട്ടുകൊടുക്കുന്നു. അക്രമത്തിന്റെ പാത അവസാനിപ്പിച്ച് ഇറാക്കിൽ സമാധാനം പുലരുവാനായി പ്രത്യേകം പ്രാർത്ഥിക്കുന്നു. ഇറാക്കിൽ സമാധാനവും അനുരഞ്ജനവും കൂടുതൽ പ്രോത്സാഹിപ്പിക്കപ്പെടേണ്ടിയിരിക്കുന്നു,”-പാപ്പാ തന്റെ സന്ദേശത്തിൽ അറിയിച്ചു. ഇറാഖിലെ അപ്പസ്തോലിക നൂൻഷ്യോ ആയ ആർച്ച് ബിഷപ്പ് മിത്‍ജ ലെസ്കോവറിനെ അഭിസംബോധന ചെയ്തുകൊണ്ടാണ് പാപ്പാ സന്ദേശം അയച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.