ജീവകാരുണ്യ പ്രവര്‍ത്തികളിലൂടെ മികച്ച ലോകം സാധ്യമാകും; ദരിദ്രരാജ്യങ്ങളില്‍ സേവനം ചെയ്യുന്ന സംഘടനയ്ക്ക് നന്ദി പറഞ്ഞ് പാപ്പാ

കഴിഞ്ഞ നാല്‍പതു വര്‍ഷമായി ദരിദ്രരാജ്യങ്ങളിലെ പാവപ്പെട്ടവരുടെ ഇടയില്‍ അവരുടെ സമഗ്രപുരോഗതിക്കായി സേവനം ചെയ്തുവരുന്ന കത്തോലിക്കാ എന്‍ജിഒ, ഫിഡെസ്‌കോയ്ക്കും അതിലെ ഓരോ അംഗങ്ങള്‍ക്കും നന്ദി പറഞ്ഞ് ഫ്രാന്‍സിസ് പാപ്പാ. സംഘടനയുടെ 40-ാം വാര്‍ഷികദിനത്തില്‍ തന്നെ സന്ദര്‍ശിച്ച സംഘടനയുടെ പ്രതിനിധികളോട് സംസാരിക്കവേയാണ് അവരുടെ നിസ്വാര്‍ത്ഥ സേവനങ്ങള്‍ക്ക് പാപ്പാ നന്ദി പറഞ്ഞത്.

“പാവപ്പെട്ടവന്റെ കരച്ചില്‍ കേട്ട് അവരിലേയ്ക്ക് ഇറങ്ങിച്ചെല്ലാനും ക്രിസ്തുവിന്റെ തിരുമുറിവുകളായി അവരെ ഓരോരുത്തരേയും കാണാനും ശുശ്രൂഷിക്കാനും അതുവഴിയായി മികച്ച ലോകവും ദൈവത്തിന്റെ രാജ്യവും സംജാതമാക്കാനും നിങ്ങള്‍ക്ക് കഴിയുന്നു എന്ന് മനസിലാക്കുന്നതില്‍ സന്തോഷം. നിങ്ങളുടെ പ്രവൃത്തികള്‍ അനേകര്‍ക്ക് മാതൃകയുമാവട്ടെ” – പാപ്പാ പറഞ്ഞു.

ആഫ്രിക്കന്‍ ബിഷപ്പുമാരുടെ ആവശ്യപ്രകാരം 1981-ല്‍ ഇമ്മാനുവല്‍ കമ്മ്യൂണിറ്റി സ്ഥാപിച്ചതാണ് ഫിഡെസ്‌കോ എന്ന സംഘടന. വിദ്യാഭ്യാസം, ആതുരസേവനം, സമൂഹ്യസേവനം, കാര്‍ഷികമേഖല എന്നിവയിലെല്ലാം സംഘടന പാവപ്പെട്ട ജനങ്ങള്‍ക്ക് ആവശ്യമായ സഹായം നല്‍കിവരുന്നു. ദൈവത്തിന്റെ കരുണയുടെ ഭാഗമാവുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് സംഘടനാംഗങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.