വിശ്വാസം സംരക്ഷിക്കുക, ദൈവത്തെ അന്വേഷിക്കുന്നതില്‍ മടുപ്പുണ്ടാവാതിരിക്കുക: മാര്‍പാപ്പ

യേശു കടലിനെ ശാന്തമാക്കുന്ന സുവിശേഷഭാഗത്തെക്കുറിച്ചാണ് ഈ ഞായറാഴ്ചത്തെ ഏഞ്ചലസ് പ്രാര്‍ത്ഥനയ്ക്കിടെ പാപ്പാ വായിച്ചതും സന്ദേശം നല്‍കിയതും. കാറ്റും തിരമാലയും ആഞ്ഞടിച്ചപ്പോള്‍ ശിഷ്യന്മാര്‍ ഭയപ്പെടുകയുണ്ടായി. ആ സമയത്ത് ഈശോയുടെ ശിഷ്യന്മാര്‍ക്ക് ഉണ്ടായ അതേ പേടിയും പരിശ്രമവുമാണ് വിവിധ ജീവിതപരീക്ഷണങ്ങളുടെ അവസരത്തില്‍ നമുക്കും തോന്നുന്നതെന്ന് പാപ്പാ സൂചിപ്പിച്ചു.

“ഇത്തരം ഘട്ടങ്ങളില്‍ കരഞ്ഞുകൊണ്ട് നാം കര്‍ത്താവിനെ വിളിക്കുമെന്നും എന്നാല്‍ അവിടുന്ന് പ്രതികരിക്കാത്തതായി തോന്നുമ്പോള്‍ നാം ആ പ്രതിസന്ധിയില്‍ മുങ്ങിത്താണ് മരിക്കാന്‍ പോകുന്നതായി നമുക്കു തോന്നാമെന്നും പാപ്പാ പറഞ്ഞു. എന്നാല്‍ ഏറ്റവും പ്രധാനമായ ആ സത്യം നാം മനസിലാക്കാതെ പോകുന്നു; ഈശോ അവിടെത്തന്നെയുണ്ട് എന്നത്. അവിടുന്ന് നമ്മെ കാണുന്നില്ലെന്നു തോന്നിയാലും എല്ലാം മനസിലാക്കുന്ന ദൈവമാണ് അവിടുന്ന്. നമ്മുടെ വിശ്വാസത്തിന്റെ പരീക്ഷണമാണ് ഇത്തരം പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോള്‍ സംഭവിക്കുന്നത്” – പാപ്പാ പറഞ്ഞു.

“നമ്മുടെ ആവശ്യങ്ങളിലേയ്ക്ക് അവിടുത്തെ ക്ഷണിക്കാന്‍ ദൈവം കാത്തിരിക്കുന്നു. അതില്‍ ഇടപെടാന്‍ കാത്തിരിക്കുന്നു. നമ്മുടെ ജീവിതാനുഭവങ്ങളുടെ കേന്ദ്രത്തില്‍ അവിടുത്തെ പ്രതിഷ്ഠിക്കാന്‍ അവിടുന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു. നമ്മള്‍ ചെയ്യേണ്ടത് ഇത്രമാത്രം, അവിടുത്തോട് എല്ലാം പറയുക. ഒറ്റയ്ക്ക് ആയിരുന്നുകൊണ്ട് പ്രതിസന്ധിക്കടലുകളില്‍ മുങ്ങിപ്പോകാതെ പൊങ്ങിക്കിടക്കാന്‍ നമുക്കാവില്ല. അതിന് അവിടുത്തെ സഹായം കൂടിയേ മതിയാവൂ. ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി നാവികര്‍ യാത്ര ചെയ്യുന്നതുപോലെ നമുക്കും കര്‍ത്താവിനെ നോക്കി യാത്ര ചെയ്യാം. അതിനായി വിശ്വാസം സംരക്ഷിക്കുക, ദൈവത്തെ അന്വേഷിക്കുന്നതില്‍ മടുപ്പുണ്ടാവാതിരിക്കുക” – പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.