ജീവനെ സ്വാഗതം ചെയ്യാത്ത ഒരു സമൂഹത്തിന് ഭാവിയില്ലെന്ന് ഫ്രാന്‍സിസ് പാപ്പാ

ജീവനെ സ്വാഗതം ചെയ്യാത്ത ഒരു സമൂഹത്തിന്റെ ജീവിതം അവിടം കൊണ്ട് അവസാനിക്കുകയാണെന്ന് ഫ്രാന്‍സിസ് പാപ്പാ. ഒരു ജനതയെ പുനര്‍ജ്ജനിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രത്യാശയാണ് കുട്ടികള്‍ എന്നു പ്രസ്താവിച്ച പാപ്പാ, ജന്മം കൊള്ളുന്ന ഒരോ കുഞ്ഞിന്റെയും പേരില്‍ കുടുംബത്തിന് സാമ്പത്തികസഹായം ഉറപ്പുവരുത്തുന്ന നിയമപരമായ തീരുമാനം ഇറ്റലി കൈക്കൊണ്ടിരിക്കുന്ന കാര്യം അനുസ്മരിക്കുകയും ചെയ്തു.

കുടുംബങ്ങളെ അര്‍ഹിക്കുന്ന ബഹുമാനത്തോടെ കണക്കാക്കാത്ത പക്ഷം ഭാവി ഉണ്ടാകില്ലെന്നും കുടുംബങ്ങള്‍ക്ക് പുനരാരംഭിക്കാന്‍ സാധിച്ചാല്‍ സകലത്തിനും വീണ്ടും തുടക്കമാകുമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. സ്ത്രീകള്‍ ഗര്‍ഭം ധരിക്കുന്നത് നിരുത്സാഹപ്പെടുത്തുന്ന പ്രവണത, അല്ലെങ്കില്‍, ഗര്‍ഭിണിയാണെന്ന് അറിയാത്തവിധം ഉദരം മറച്ചുവയ്‌ക്കേണ്ട അവസ്ഥ തൊഴില്‍മേഖലയില്‍ കണ്ടുവരുന്നത് പാപ്പാ ഖേദപൂര്‍വ്വം അനുസ്മരിച്ചു. ജീവിതത്തിന് പ്രദാനം ചെയ്യാന്‍ കഴിയുന്ന ഏറ്റം മനോഹരമായ ദാനത്തെപ്രതി ഒരു സ്ത്രീ ലജ്ജിക്കേണ്ട അവസ്ഥയുണ്ടാകുന്നതെങ്ങിനെ എന്ന് പാപ്പാ ചോദിച്ചു.

ആത്മസാക്ഷാത്ക്കാരം എന്നത് പണവും വിജയവും ആണെന്നും അതില്‍ നിന്ന് വഴിതിരിച്ചു വിടുന്നവരാണ് കുട്ടികള്‍ എന്നുമുള്ള തോന്നല്‍ സമൂഹത്തെ രോഗഗ്രസ്ഥമാക്കുകയും ഭാവിയെ അസ്ഥിരമാക്കുകയും ചെയ്യുന്നുവെന്ന് പാപ്പാ മുന്നറിയിപ്പും നല്‍കി. ഇറ്റലിയിലെ ജനനനിരക്കുമായി ബന്ധപ്പെട്ട് ക്രമീകരിച്ച കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യങ്ങളെല്ലാം പറഞ്ഞത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.