പ്രതിരോധ കുത്തിവയ്പ് എല്ലാവര്‍ക്കും ലഭ്യമാക്കണം: ഫ്രാന്‍സിസ് പാപ്പാ

സമഗ്ര മാനവപുരോഗതിക്കായുളള വത്തിക്കാന്‍ സംഘത്തിലെ ഡോണ്‍ അഗുസ്‌തൊ സംമ്പീനിയുമായുള്ള അഭിമുഖത്തില്‍ നിന്ന്

1. അഭിമുഖം

കോവിഡ് 19-ന്റെ പ്രതിരോധ കുത്തിവയ്പ്പ് എല്ലാവര്‍ക്കും നല്‍കണമെന്നാണ് ഫ്രാന്‍സിസ് പാപ്പയുടെ നിലപാട്, പ്രത്യേകിച്ച് സമൂഹത്തിലെ വ്രണിതാക്കളും പാവങ്ങളുമായവര്‍ക്കെന്ന് സമഗ്ര മാനവപുരോഗതിക്കായുള്ള വത്തിക്കാന്‍ സംഘത്തിന്റെ വക്താവ്, ഡോണ്‍ അഗുസ്‌തോ സമ്പീനി പ്രസ്താവിച്ചു. വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന് ഡിസംബര്‍ 30, ബുധാനാഴ്ചയായിരുന്നു അഭിമുഖം.

2. പണമില്ലാത്തവരെയും ഉള്‍ക്കൊള്ളണം

സമത്വവും നീതിയുമുള്ള ഒരു സമൂഹത്തില്‍ മഹാമാരിയില്‍ നിന്നുള്ള മോചനത്തിനുള്ള ഏക ഉപാധിയായ കുത്തിവയ്പ് സമ്പന്നര്‍ക്കായി സംവരണം ചെയ്യുകയോ, പണമില്ലാത്തതിനാല്‍ പാവങ്ങള്‍ പുറംതള്ളപ്പെടുകയും രോഗത്താല്‍ അവര്‍ ക്ലേശിക്കുയോ മരിക്കുകയോ ചെയ്യുന്ന അവസ്ഥ മനുഷ്യത്വത്തിന് നിരക്കാത്തതായി കാണണമെന്ന്, മഹാമാരിയുമായി ബന്ധപ്പെട്ട സഭയുടെ സമുന്നത കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഡോണ്‍ അഗസുസ്‌തോ അഭിപ്രായപ്പെട്ടു.

3. സൗജന്യമായിട്ടല്ലെങ്കിലും വില കുറച്ചു നല്‍കാം

സാമ്പത്തിക ചുറ്റുപാടുകളില്ലാത്തവര്‍ക്ക് മരുന്നു വാങ്ങുവാനുള്ള സാദ്ധ്യത ഇല്ലാത്തതിനാല്‍ പൊതുവായ നന്മയുടെ ഒരു കാഴ്ചപ്പാടില്‍ അത് സൗജന്യമായല്ലെങ്കില്‍പ്പോലും വില കുറച്ചും അഭ്യൂദയകാംക്ഷികളെ കണ്ടെത്തിയും സഭാസ്ഥാപനങ്ങളും ഉപവി പ്രസ്ഥാനങ്ങളും കൈകോര്‍ത്ത് ഈ അടിയന്തിരാവസ്ഥയില്‍ പാവങ്ങളെയും സംരക്ഷിക്കുന്നൊരു രീതി കൈക്കൊള്ളണമെന്നാണ് പാപ്പായുടേയും വത്തിക്കാന്റെയും നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി.

4. ചികിത്സാമേഖലയിലെ അധാര്‍മ്മിക നിലപാട്

മഹാമാരിയുടെ പശ്ചാത്തലത്തില്‍ കോവിഡ് 19-ന് ചികിത്സയായി ഇറങ്ങിയിട്ടുള്ള പ്രതിരോധ കുത്തിവയ്പിന്റെ സിംഹഭാഗവും ചില രാജ്യങ്ങളിലെ ഒരു ചെറിയ ശതമാനം സമ്പന്നര്‍ക്കു മാത്രമായി സംവരണം ചെയ്യപ്പെട്ടിരിക്കുന്ന സംഭവങ്ങളും വിരളമല്ലെന്ന് ഫാ. അഗസ്‌തോ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി. ഇത് ചികിത്സാമേഖലയില്‍ അനുവദനീയമല്ലാത്ത പാര്‍ശ്വവത്ക്കരണവും (Pharmaceutical marginality) അധാര്‍മ്മിക നിലപാടുമാണെന്ന് ഫാ. അഗുസ്‌തോ അഭിപ്രായപ്പെട്ടു.

5. ആരോഗ്യം സകലരുടെയും അവകാശം

ആരോഗ്യത്തിന്റെ മേഖലയില്‍ കമ്പോള നിലപാടോ, കുത്തക നിലപാടോ എടുക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാല്‍ കമ്പനികളും സര്‍ക്കാരും വിതരണക്കാരും സാമൂഹ്യസ്ഥാപനങ്ങളും സന്നദ്ധസംഘടനകളും തമ്മില്‍ ശരിയായ ധാരണകള്‍ ഉണ്ടാക്കുകയും സമൂഹത്തില്‍ സകലര്‍ക്കും വൈദ്യശാസ്ത്രം കണ്ടെത്തിയ പുതിയ മരുന്നു ലഭ്യമാക്കാന്‍ പരിശ്രമിക്കുകയുമാണു വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

6. വൈറസ് ഉയര്‍ത്തുന്ന പ്രതിസന്ധികള്‍

നവവും കഠിനവുമായ ആരോഗ്യപ്രതിസന്ധി ഈ വൈറസ് സമൂഹത്തില്‍ ഉയര്‍ത്തുന്നതോടൊപ്പം സാമ്പത്തികവും രാഷ്ട്രീയവും നൈയ്യാമികവുമായ പ്രതിസന്ധികള്‍ ഉണര്‍ത്തുന്നുണ്ട്. അതിനാല്‍ മനുഷ്യത്തിന്റെ നല്ലവശം അനുകമ്പയായും സ്‌നേഹമായും പാവങ്ങളോടും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരോടും കാണിക്കണമെന്ന പാപ്പായുടെ അഭിപ്രായം ഉദ്ദരിച്ചുകൊണ്ടാണ് അഭിമുഖം ഉപസംഹരിച്ചത്.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.