ഐക്യത്തിന്റെ അടിസ്ഥാനം പരിശുദ്ധാത്മാവ്: മാര്‍പാപ്പ

നമ്മുടെയെല്ലാം ഐക്യത്തിന്റെ അടിസ്ഥാനം പരിശുദ്ധാത്മാവാണെന്ന് മാര്‍പാപ്പാ. നമുക്ക് ഒരു പിതാവെയുള്ളൂവെന്നും അതിനാല്‍ നമ്മള്‍ സഹോദരീസഹോദരന്മാരാണെന്നും പെന്തക്കുസ്താ തിരുനാളിന് മുന്നോടിയായി നല്‍കിയ സന്ദേശത്തില്‍ പാപ്പാ ഓര്‍മ്മപ്പെടുത്തി.

“ലോകം കാണുന്നതുപോലെയല്ല, പരിശുദ്ധാത്മാവ് കാണുന്നതുപോലെ സഭയെ കാണാം. ലോകം നമ്മെ പല വേര്‍തിരിവുകളില്‍ കണ്ടേക്കാം. എന്നാല്‍ പരിശുദ്ധാത്മാവ് നമ്മെ പിതാവിന്റെയും യേശുവിന്റേതുമായി കാണുന്നു. ലോകം നമ്മെ യാഥാസ്ഥിതികരായോ പുരോഗമനവാദികളായോ കാണുന്നു. പരിശുദ്ധാത്മാവ് ദൈവമക്കളായി കാണുന്നു. പരിശുദ്ധാത്മാവ് നമ്മെ സ്‌നേഹിക്കുന്നു. എല്ലാറ്റിലുമുള്ള നമ്മുടെ ഓരോരുത്തരുടേയും സ്ഥാനം അറിയുന്നു” – പാപ്പാ ഓര്‍മ്മപ്പെടുത്തി.

സഭയില്‍ പ്രഘോഷണം ചെയ്യുന്നവര്‍ക്ക് ഐക്യത്തിന്റെ ഉറപ്പ് നല്‍കുന്നത് പരിശുദ്ധാത്മാവാണ്. അങ്ങനെയാണ് അപ്പോസ്തലന്മാര്‍ മുന്നൊരുക്കങ്ങളൊന്നുമില്ലാതെ, തങ്ങളെ തന്നെ വിട്ടുകൊടുത്തു കൊണ്ട് പുറത്തേക്കിറങ്ങിയത്. ഒരാഗ്രഹം മാത്രമാണ് അവരെ നയിക്കുന്നത്. അവര്‍ക്ക് നല്‍കപ്പെട്ടത് ദാനമായി നല്‍കുക.

പരിശുദ്ധാത്മാവാണ് ഐക്യത്തിന്റെ രഹസ്യം. അത് ദാനമാണ്. കാരണം പരിശുദ്ധാത്മാവ് തന്നെ ദാനമാണ്, സ്വയം നല്‍കിക്കൊണ്ട് ജീവിക്കുന്നു. സ്വീകരിച്ചു കൊണ്ടല്ല നല്‍കിക്കൊണ്ടാണ് ദൈവം പ്രവര്‍ത്തിക്കുന്നതെന്നും വിശ്വസിക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. കാരണം ദൈവത്തെക്കുറിച്ച് നമ്മള്‍ എങ്ങനെ മനസ്സിലാക്കുന്നുവോ അതനുസരിച്ചായിരിക്കും നമ്മുടെ വിശ്വാസജീവിതം.

നമ്മുടെ ഹൃദയത്തിലുള്ളത് ദാനമാകുന്ന ഒരു ദൈവമാണെങ്കില്‍ എല്ലാറ്റിനും മാറ്റം വരും. അപ്പോള്‍ നമുക്ക് മനസ്സിലാക്കാന്‍ കഴിയും നമ്മള്‍ തന്നെ ദൈവത്തിന്റെ ദാനമാണെന്നും അത് സൗജന്യവും അനര്‍ഹവുമായതാണെന്നും. അതിനാല്‍ നമ്മളും നമ്മുടെ ജീവിതത്തെ ഒരു ദാനമാക്കാന്‍ ആഗ്രഹിക്കും. പിന്നെ എളിമയോടെ സ്‌നേഹിച്ചും സന്തോഷത്തോടെ സേവിച്ചും ലോകത്തിനു മുന്നില്‍ ദൈവത്തിന്റെ യഥാര്‍ത്ഥ മുഖം അവതരിപ്പിക്കാന്‍ കഴിയും. നമ്മെ തന്നെ നല്‍കാതിരിക്കാന്‍ നമ്മെ തടസ്സപ്പെടുത്തുന്നതെന്താണെന്ന് നമ്മുടെ ഉള്ളിലേക്ക് നോക്കി നമുക്ക് ചോദിക്കാം. പരിശുദ്ധാത്മാവ് വെളിപ്പെടുത്തുക തന്നെ ചെയ്യും – പാപ്പാ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.