പാവങ്ങൾക്ക് കാത്തിരിക്കാൻ സാധിക്കില്ല: മാർപാപ്പ

ദരിദ്രർക്കും പാവങ്ങൾക്കും കാത്തിരിക്കാൻ സാധിക്കില്ല. ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച്, ഭക്ഷ്യ, കാർഷിക സംഘടനാ ഡയറക്ടർ ജോസ് ഗ്രാസിയാനോ ഡ സിൽവയ്ക്ക് അയച്ച സന്ദേശത്തിൽ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞ പ്രധാന കാര്യമാണ് മുകളിൽ സൂചിപ്പിച്ചത്. 2030 ഓടെ സീറോ ഹംഗർ (വിശപ്പുരഹിതം) എന്ന നേട്ടം ലോകം കൈവരിക്കുമെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഉടനടി പരിഹാരം ആവശ്യമുള്ള ഒട്ടനവധി ജനതകൾ നിലവിൽ ലോകത്തിലുണ്ട്. കാരണം 2030 ലേയ്ക്ക് ഇനിയും പന്ത്രണ്ട് വർഷങ്ങളുണ്ട്. അതിനുമുമ്പ് ചെയ്തു തീർക്കാൻ നിരവധി കാര്യങ്ങളുണ്ട് എന്നത് മനസിലാക്കണം. പാപ്പാ പറഞ്ഞു.

Our actions are our future :zero hunger 2030 (നമ്മുടെ പ്രവർത്തികളാണ് നമ്മുടെ ഭാവി) എന്നതാണ് ഈ വര്‍ഷത്തെ ഭക്ഷ്യദിന മുദ്രാവാക്യം. അത് സാധ്യവുമാണ്. ഭാവിയെക്കുറിച്ച് ചിന്തയില്ലാതെ അലസ ജീവിതം നയിക്കുന്നവരെ വിളിച്ചുണർത്താനും കൂടിയുള്ള സമയമാണിത്. പാപ്പാ ഓർമിപ്പിച്ചു.

അളവിലോ ഗുണത്തിലോ കുറവില്ലാത്ത വിധം ലോകത്തുള്ള മുഴുവൻ ജനങ്ങൾക്കും യഥാസമയം ഭക്ഷണം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ രാജ്യങ്ങളും നേതാക്കളും സംഘടനകളും സഭയുമെല്ലാം ചേർന്നുനിന്ന് പ്രവർത്തിക്കണം. സമ്പർക്കമാധ്യമങ്ങളിലും അടിസ്ഥാന സൗകര്യങ്ങളിലും കൈവരിച്ചിട്ടുള്ള നേട്ടത്തിന് സമാനമായ നേട്ടം മനുഷ്യത്വത്തിലും സാഹോദര്യത്തിലും നേടണം.

നിസ്സഹായരായ ആളുകൾക്കുവേണ്ടി പലതും നമുക്ക് ചെയ്യാനുണ്ട്. അത് വേണ്ടതുപോലെ ചെയ്താൽ ദാരിദ്ര നിർമാർജനം പൂര്‍ണമായും സാധ്യമാക്കാം. സമ്പൂർണ സമർപ്പണത്തോടെ മുന്നിട്ടിറങ്ങണം എന്നുമാത്രം. ഐക്യത്തോടെയുള്ള പ്രവർത്തനങ്ങളും ഇക്കാര്യത്തിൽ ആവശ്യമാണ്. നാം ആയിരിക്കുന്നതിന് ചുറ്റുവട്ടത്തുള്ള ദരിദ്രരെയെങ്കിലും പരിഗണിക്കാൻ ശ്രമിച്ചാൽ ഇത് സാധ്യമാകും.

ആയുധങ്ങളുടെയും കൊലവിളികളുടെയും ശബ്ദം കുറച്ചാൽ മാത്രമേ ഭക്ഷണത്തിനുവേണ്ടിയുള്ള അനേകരുടെ നിലവിളി കേൾക്കാൻ സാധിക്കു. കരുണയുടെയും സ്നേഹത്തിന്റെയും ഉറപ്പുള്ള കരങ്ങളാണ് അവർക്കുനേരെ നീട്ടേണ്ടത്. പാപ്പാ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.