പ്ലാസ്റ്റിക്കോ അതോ ഒറിജിനലോ?

ഫാ. ജെൻസൺ ലാസലെറ്റ്
ഫാ. ജെൻസൺ ലാസലെറ്റ്

അത് അൾത്താരയിലെ ചർച്ചയായിരുന്നു; പൂക്കൾ തമ്മിലുള്ള ചർച്ച. രണ്ടുതരം പൂക്കളുണ്ട് അൾത്താരയിൽ; പ്ലാസ്റ്റിക്ക് പൂക്കളും ഒറിജിനൽ പൂക്കളും.

പ്ലാസ്റ്റിക്ക് പൂക്കൾ ഒറിജിനൽ പൂക്കളോടു പറഞ്ഞു: ”നിങ്ങളുടെ ആയുസ് രണ്ടു-മൂന്ന് ദിവസങ്ങളേയുള്ളൂ. അതു കഴിഞ്ഞാൽ നിങ്ങളുടെ സ്ഥാനം തെങ്ങിൻചുവട്ടിലായിരിക്കും.”

ഒറിജിനൽ പൂക്കൾ ഒന്നും മിണ്ടിയില്ല. പ്ലാസ്റ്റിക്ക് പൂക്കൾ പറഞ്ഞതുപോലെ തന്നെ സംഭവിച്ചു. മൂന്നാം ദിവസമായപ്പോഴേയ്ക്കും വാടിത്തുടങ്ങിയ പൂക്കളെല്ലാം തെങ്ങിൻചുവട്ടിലേയ്ക്ക് വലിച്ചെറിയപ്പെട്ടു. പ്ലാസ്റ്റിക്ക് പൂക്കളുടെ അഹങ്കാരവും പരിഹാസവും തുടർന്നുകൊണ്ടേയിരുന്നു. കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ പ്ലാസ്റ്റിക്ക് പൂക്കളുടെ ജീവിതത്തിൽ തീർത്തും അപ്രതീക്ഷിതമായതൊന്ന് സംഭവിച്ചു. പള്ളിയിലേയ്ക്ക് ആരോ പുതിയ ഒരു സെറ്റ് പ്ലാസ്റ്റിക്ക് പൂക്കൾ സമ്മാനിച്ചു. അന്നുവരെ അൾത്താരയിൽ ഇടം പിടിച്ച പ്ലാസ്റ്റിക്ക് പൂക്കൾ പഴകിയെന്നും പറഞ്ഞ് ദേവാലയശുശ്രൂഷി തെങ്ങിൻചുവട്ടിലിട്ട് കത്തിച്ചുകളഞ്ഞു. കത്തിക്കരിഞ്ഞ പ്ലാസ്റ്റിക്ക് പൂക്കളുടെ അരികിൽ തന്നെ രണ്ടു മാസങ്ങൾക്കു മുമ്പ് വലിച്ചെറിയപ്പെട്ട പൂക്കളുടെ വിത്തുകൾ മുളച്ച് നിറയെ പൂക്കളുള്ള ചെടികളായി നിൽപുണ്ടായിരുന്നു!

ആ പൂക്കൾ, പ്ലാസ്റ്റിക്ക് പൂക്കളോടു പറഞ്ഞു: “അന്നേ ഞങ്ങൾക്കറിയാമായിരുന്നു നിങ്ങളും ഒരുനാൾ വലിച്ചെറിയപ്പെടുമെന്ന്. ഒന്നോർക്കുക, ഞങ്ങൾ ഇനിയും അൾത്താരയിലെ പൂപാത്രത്തിൽ ഇടംപിടിക്കും. എന്നാൽ, നിങ്ങൾക്കിനി ഒരിക്കലും അൾത്താരയിലെത്താനാകില്ല. എന്തെന്നാൽ, നിങ്ങളുടെ ഉള്ളിൽ വിത്തുകളില്ല. നിങ്ങൾ പൂക്കളാണെന്ന് കബളിപ്പിക്കുകയായിരുന്നു. ഗന്ധവും ജീവനുമില്ലാത്ത നിങ്ങൾക്ക് എല്ലാക്കാലവും മറ്റുള്ളവരെ ആകർഷിച്ച് ജീവിക്കാനാകില്ല!”

പ്ലാസ്റ്റിക്ക് പൂക്കൾ അൾത്താരകളിൽ ഇടംപിടിച്ച ഈ കാലഘട്ടത്തിൽ, പ്ലാസ്റ്റിക്ക് ഏത് ഒറിജിനൽ എത് എന്ന് തിരിച്ചറിയാൻ അത്ര എളുപ്പമല്ല. അല്ലേ? അൾത്താരയിലെ ആ പ്ലാസ്റ്റിക്ക് പൂക്കൾ പോലെയല്ലേ ചിലപ്പോൾ നമ്മളും? നല്ലവരെന്ന് മറ്റുള്ളവരെ ധരിപ്പിക്കാൻ വേണ്ടിയുള്ള എന്തുമാത്രം ശ്രമങ്ങളാണ് ഇന്ന് നടക്കുന്നത്? പക്ഷേ, ഒന്നോർക്കുക. എല്ലാവരെയും എല്ലാക്കാലവും കബളിപ്പിക്കാനാവില്ല. ക്രിസ്തു പറഞ്ഞതുപോലെ, ”വെളിപ്പെടുത്തപ്പെടാതെ മറഞ്ഞിരിക്കുന്ന ഒന്നുമില്ല. വെളിച്ചത്തു വരാതെ രഹസ്യമായിരിക്കുന്നതും ഒന്നുമില്ല” (മര്‍ക്കോ.‌ 4:22).

അഴകും മികവും ആകർഷണവും അല്പം കുറഞ്ഞാലും ഒറിജിനൽ ആയിരിക്കുന്നതാണ് നല്ലത്, അല്ലേ? അങ്ങനെയെങ്കിൽ ഒന്നു ചോദിക്കട്ടെ. നിങ്ങൾ പ്ലാസ്റ്റിക്കോ അതോ ഒറിജിനലോ?

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.