കുവൈറ്റ് കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ ചരിത്രപ്രസിദ്ധമായ വജ്ര ജൂബിലി ആഘോഷിച്ച അഹമ്മദി ദൈവാലയത്തിലേക്ക് തീർഥാടനം നടത്തി

കുവൈറ്റിലെ അബ്ബാസിയയിൽ നിന്ന് 35 കിലോമീറ്ററിലധികം ദൂരമുള്ള  ചരിത്രപ്രസിദ്ധമായ വജ്ര ജൂബിലി ആഘോഷിച്ച അഹമ്മദി ഔർ ലേഡി ഓഫ് അറേബ്യ ദൈവാലയത്തിലേക്ക് സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് വിശ്വാസികളെ ഉൾപ്പെടുത്തി കുവൈറ്റിലെ വിവിധ രൂപതാ പ്രവാസി അപ്പസ്തോലറ്റുകളുടെ ആദ്യത്തെ സംയുക്ത കൂട്ടായ്മയായ കുവൈറ്റ് കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ തീർഥാടനം നടത്തി.

അബ്ബാസിയ ഇടവക ദൈവാലയത്തിന്റെ മുന്നിൽ നിന്നും ആരംഭിച്ച തീർഥാടനം അഹമ്മദി ദൈവാലയത്തിൽ പ്രാർഥനയോടെ എത്തിച്ചേർന്നപ്പോൾ തീർഥാടകസംഘത്തിനെ അഹമ്മദി ദൈവാലയ വികാരി ഫാ. റോസ്‌വിൻ പൈറസ്, അസിസ്റ്റന്റ് വികാരിയും സീറോമലബാർ ഇൻചാർജുമായ ഫാ. ജിജോ തോമസും ചേർന്ന് ദൈവാലയത്തിൽ സ്വീകരണം നൽകി, പ്രാർഥനാശുശ്രൂഷകൾ നടത്തി, അനുഗ്രഹിച്ച് ആശീർവദിച്ചു. തുടർന്ന് വിശ്വാസികൾക്ക് വെഞ്ചരിച്ച ജപമാലകൾ പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിൽ വൈദികൻ നൽകി.

തീർഥാടനം വളരെ അനുഗ്രഹപ്രദവും സന്തോഷകരവുമായിരുന്നു എന്ന് വിശ്വാസി സമൂഹം പ്രതികരിച്ചു. വളരെ ലളിതജീവിതം നയിക്കുന്ന ഒരു സീറോമലബാർ വൈദികനെയാണ് അവിടെ വിശ്വാസികൾക്ക് കണ്ടുമുട്ടാനായത്. കുവൈത്ത് പോലുള്ള അത്യുഷ്ണവും അതിശൈത്യവുമുള്ള രാജ്യത്ത് യാത്രയ്ക്കായി    എയർകണ്ടീഷൻഡ് ഫോർ വീലറുകൾ മുതലുള്ള വാഹനങ്ങളെ മാത്രം ജനങ്ങൾ  ആശ്രയിക്കുമ്പോൾ കുവൈത്ത് ഓയിൽ കമ്പനി നൽകിയിരിക്കുന്ന തന്റെ താമസസ്ഥലത്തു നിന്ന് ദിവസവും തിരുകർമ്മങ്ങൾക്കായി ദൈവാലയത്തിലേക്ക്  സൈക്കിൾ ചവിട്ടിയെത്തുന്ന ഒരു തികഞ്ഞ മിഷനറി കപ്പൂച്ചിൻ സന്യാസി വൈദികനെ കാണാൻ സാധിച്ചപ്പോൾ വിശ്വാസികളിൽ അത് അത്ഭുതമുളവാക്കി. കാരണം, കുവൈറ്റിൽ ശാരീരിക എക്സർസൈസ് ആവശ്യത്തിനായി പ്രത്യേകം ക്രമീകരിച്ച സ്ഥലങ്ങളിൽ സൈക്കിൾ ചവിട്ടുന്നവരെ മാത്രമേ കാണാൻ സാധിക്കുകയുള്ളൂ.

തീർഥാടനത്തിന് കുവൈറ്റ് കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്റ് മരീന ജോസഫ് ചിറയിൽ തെങ്ങുംപള്ളി, ജനറൽ സെക്രട്ടറി റോയ് ചെറിയാൻ കണിചേരി, ട്രഷറർ അനൂപ് ജോസ് ചേന്നാട്ട്, മറ്റ് കമ്മിറ്റിയംഗങ്ങളായ പോൾ ചാക്കോ പൈക്കാട്ട്, മാത്യു ജോസ്  ചെമ്പേത്തിൽ വാട്ടപ്പിള്ളി, സുനിൽ പവ്വംചിറ, റോയ് പൂവത്തിങ്കൽ, ജോസഫ് മൈലാടുംപാറ, ബെന്നി പുത്തൻ, സജി മൂലൻ കറുകുറ്റിക്കാരൻ, ബിനോയി മുട്ടുങ്കൽ, ആന്റണി തറയിൽ, ജോസഫ് പവ്വംചിറ, വിനോയ് കൂറയ്ക്കൽ, ജിൻസി ബിനോയ്, മാത്യു കൊങ്ങമലയിൽ, ബിനോജ് ജോസഫ്, ബിനോയ്  കുറ്റിപ്പുറത്ത് എന്നിവർ നേതൃത്വം നൽകി.

മരുഭൂമിയാൽ ചുറ്റപ്പെട്ട കുവൈറ്റിലെ പ്രധാന ഓയിൽ മേഖലയാണ് അഹമ്മദി. ആധുനിക ഗൾഫ് മേഖലയിൽ 1939-ൽ തിരുഹൃദയ നാമധേയത്തിലുള്ള ദൈവാലയം ബഹറിനിലും തുടർന്ന് 1948-ൽ കുവൈറ്റിലെ അഹമ്മദി കേന്ദ്രീകൃതമായി പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിൽ “ഔർ ലേഡി ഓഫ് അറേബ്യ” എന്ന പേരിൽ  മറ്റൊരു ദൈവാലയവും സ്ഥാപിക്കപ്പെട്ടു. പിന്നീടാണ് യു.എ.ഇയും ഒമാനും ഖത്തറും  ഉൾപ്പെടെയുള്ള മറ്റു ഗൾഫ് മേഖലയിൽ ക്രൈസ്തവ ദേവാലയങ്ങൾ രൂപീകൃതമാകുന്നത്.

കുവൈറ്റ് അഹമ്മദിയിലെ ഒരു പഴയ പവർ പ്ലാന്റിലാണ് ഒരു ചെറിയ ചാപ്പലായി  പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിൽ ദൈവാലയം ആദ്യം 1948 ഡിസംബർ എട്ടിന് സ്ഥാപിക്കപ്പെട്ടത്. തുടർന്ന് 1952-ൽ കുവൈറ്റ് ഓയിൽ കമ്പനി (KOC) അഹമ്മദി നഗരത്തിൽ ഒരു പുതിയ പള്ളി പണിയാൻ അനുമതി നൽകി. പിന്നീട് പന്ത്രണ്ടാം പിയൂസ് മാർപാപ്പ ആശീർവദിച്ച് അനുഗ്രഹിച്ച തറക്കല്ല് 1955 സെപ്റ്റംബർ എട്ടാം തീയതി പുതിയ അഹമ്മദി ദൈവാലയത്തിനായി സ്ഥാപിക്കപ്പെട്ടു. 1956 ഏപ്രിൽ ദൈവമാതാവിന് പുതിയ ദൈവാലയം സമർപ്പിക്കപ്പെട്ടു.

കുവൈറ്റ് മണ്ണിൽ ആദ്യമായി നിർമ്മിച്ച കത്തോലിക്കാ ദൈവാലയവും നോർത്തേൺ അപ്പസ്തോലിക് വികാരിയത്തിന്റെ മദർ ചർച്ചുമായ ഔർ ലേഡി  ഓഫ് അറേബ്യ  ദൈവാലയത്തിന്റെ 75-ാമത് ജൂബിലി ആഘോഷങ്ങൾ 2022 ഡിസംബർ മുതൽ 2023 ഡിസംബർ വരെ ഏകദേശം ഒരു വർഷത്തോളം നീണ്ടുനിന്നു. മധ്യപൂർവദേശത്തെ നിലവിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് ആഘോഷപരിപാടികൾ പലതും വളരെ ലളിതമായി ചുരുക്കേണ്ടതായിവന്നു.

അങ്ങനെ കുവൈറ്റ് കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ അഹമ്മദിയിലേക്ക് 2023 ഡിസംബറിൽ നടത്താനിരുന്ന തീർഥാടനം മാറ്റിവയ്ക്കപ്പെടുകയും ആയിരുന്നു. സഭയുടെ ആദ്യ കാലഘട്ടം മുതൽ എല്ലാ കാലങ്ങളിലും കത്തോലിക്കാ വിശ്വാസികൾ പരിശുദ്ധ ദൈവമാതാവിന്റെ മാധ്യസ്ഥം യാചിച്ചു പ്രാർഥിച്ചിരുന്നതായി സഭയുടെ ചരിത്രത്തിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും.

1949 ഡിസംബർ 17-ാം തീയതി വത്തിക്കാനിൽ വച്ച് പന്ത്രണ്ടാം പീയൂസ് മാർപാപ്പ ആശീർവദിച്ച് 1950 ജനുവരി ആറാം തീയതി കുവൈറ്റിലെത്തിച്ച പരിശുദ്ധ  അറേബ്യൻ മാതാവിന്റെ തിരുസ്വരൂപമാണ് ഇന്ന് അഹമ്മദി ദൈവാലയത്തിൽ അൾത്താരയ്ക്കു മുകളിലായി സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. പിന്നീട് 1954-ൽ അദ്ദേഹം പരിശുദ്ധ ദൈവമാതാവിന്റെ രാജ്ഞിപദവി ആഗോളസഭയിൽ (Queenship of Mary) പ്രഖ്യാപിച്ചു.

2011-ൽ പരിശുദ്ധ സിംഹാസനം ഗൾഫിലെ രണ്ട് വികാരിയത്തുകളുടെയും  മധ്യസ്ഥയായി, സംരക്ഷകയായി പരിശുദ്ധ അമ്മയെ (ഔർ ലേഡി ഓഫ് അറേബ്യ) പ്രഖ്യാപിച്ചു.

ലത്തീൻ, മറോനൈറ്റ്, ഗ്രീക്ക് കത്തോലിക്ക, കോപ്റ്റിക് കാത്തലിക്, സിറിയൻ കാത്തലിക്, അർമേനിയൻ കാത്തലിക്, സീറോമലബാർ, സീറോ മലങ്കര എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽപെടുന്ന കത്തോലിക്കാ സമൂഹം ഈ ദൈവാലയത്തിൽ ദിനംപ്രതി ആരാധനയ്ക്കായി എത്തിച്ചേരുന്നു. അതുപോലെ ലോകത്തിലെ വിവിധ ഭാഷകളിൽ ഇവിടെ പരിശുദ്ധ കുർബാനയും മറ്റു തിരുക്കർമ്മങ്ങളും നടത്തപ്പെടുന്നു.

ക്രിസ്തുമസ്, ഈസ്റ്റർ, ദുഃഖവെള്ളി പോലെയുള്ള പ്രധാന ദിവസങ്ങളിൽ ദൈവാലയത്തിന് ഉൾക്കൊള്ളാൻ കഴിയുന്നതിലധികം വിശ്വാസികൾ എത്തിച്ചേരുന്നതുമൂലം പള്ളിക്കു സമീപം ധാരാളം തൽക്കാലിക ടെന്റുകൾ തീർത്താണ് വിശ്വാസികൾക്ക് ആരാധനയ്ക്കായുള്ള സൗകര്യം ഏർപ്പെടുത്തുന്നത്. ഇത് ഗൾഫ് മേഖലയിലെ ക്രൈസ്തവ വിശ്വാസികളുടെ ത്യാഗോജ്വലമായ  വിശ്വാസത്തിന്റെ പ്രതീകമായാണ് കാണുന്നത്.

ഗൾഫ് മേഖലയിൽ വിസ്തൃതി കൊണ്ട് വളരെ ചെറിയൊരു രാജ്യമായ കുവൈറ്റിൽ അഹമ്മദി കൂടാതെ കത്തോലിക്കാ സഭയ്ക്ക് കുവൈറ്റ് സിറ്റിയിലും സാൽമ്യയിലും അബ്ബാസിയയിലും ദൈവാലയങ്ങളുണ്ട്.

2021-ൽ ബഹറിനിൽ പണിത പുതിയ ദൈവാലയത്തിനും കത്തീഡ്രൽ ചർച്ച് ഓഫ് ഔർ ലേഡി ഓഫ് അറേബ്യ എന്ന് നാമകരണം നൽകി. അഭിവന്ദ്യ ബിഷപ്പ് ആൽഡോ ബറാർഡിയാണ് അപ്പസ്തോലിക വികാരിയെറ്റ് ഓഫ് നോർത്തേൺ അറേബ്യയുടെ ( കുവൈത്ത്, ഖത്തർ ബഹറിൻ, സൗദി അറേബ്യ) ഇപ്പോഴത്തെ അപ്പോസ്തോലിക വികാർ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.