പരിശുദ്ധ കന്യകാമറിയം ഓരോ വ്യക്തിയുടെയും ആത്മീയതയെ പരിപോഷിപ്പിക്കുന്നു: ഫിലിപ്പീന്‍സ് പ്രസിഡന്റ്

ഫിലിപ്പീന്‍സ് ജനതക്കൊപ്പം മാതാവിന്റെ അമലോത്ഭവ തിരുനാള്‍ ആഘോഷങ്ങളില്‍ ഭക്ത്യാദരവോടെ പങ്കെടുത്ത് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടെര്‍ട്ടെ. പരിശുദ്ധ കന്യകാമാതാവിന്റെ അമലോത്ഭവ തിരുനാള്‍ ആഘോഷിക്കുന്ന ഫിലിപ്പീന്‍സ് ജനതയോടൊപ്പം താനും പങ്കുചേരുന്നുവെന്നും ഭക്തിയുടേയും നന്മയുടേയും ഉത്തമ മാതൃകയായി ലോകമെങ്ങുമുള്ള കത്തോലിക്കര്‍ ആദരിച്ചുവരുന്ന പരിശുദ്ധ കന്യകാമാതാവ് കത്തോലിക്കാ വിശ്വാസികളായ നമ്മുടെ ആത്മീയതയെ പരിപോഷിപ്പിക്കട്ടെയെന്നും അദ്ദേഹം തിരുനാള്‍ സന്ദേശത്തില്‍ പറഞ്ഞു.

പരിശുദ്ധ കന്യകാമറിയത്തിന്റെ നിസ്വാര്‍ത്ഥ സേവനവും കുടുംബത്തോടുള്ള ഭക്തിയും സര്‍വ്വശക്തനായ ദൈവത്തിലുള്ള അവളുടെ പരിപൂര്‍ണ്ണമായ വിശ്വാസവും നമ്മുടെ കഷ്ടതയേറിയ ജീവിതവഴിയില്‍ വഴിവിളക്കാകട്ടെ. ഓരോ പൗരനിലും സമാധാനവും ഉത്തമബോധ്യവും വളര്‍ത്തുവാന്‍ മാതാവിന്റെ അമലോത്ഭവ തിരുനാള്‍ പ്രചോദനമാകട്ടെയെന്നും ആശംസിച്ചുകൊണ്ടാണ് ഡ്യൂട്ടെര്‍ട്ടെ തന്റെ അമലോത്ഭവ തിരുനാള്‍ മംഗളങ്ങള്‍ നേര്‍ന്നുകൊണ്ടുള്ള പ്രസ്താവന അവസാനിപ്പിച്ചിരിക്കുന്നത്.

മാതാവിന്റെ അമലോത്ഭവ തിരുനാള്‍ ദിനമായ ഡിസംബര്‍ 8 ഫിലിപ്പീന്‍സില്‍ പൊതു അവധിയുമാണ്.