കോവിഡ് 19: ‘കറുത്ത നസ്രായന്റെ’ തിരുനാൾ ഈ വർഷവും റദ്ദാക്കി ഫിലിപ്പീൻസ്

കോവിഡ് കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ ‘കറുത്ത നസ്രായന്റെ’ തിരുനാളാഘോഷം ഈ വർഷവും റദ്ദാക്കി ഫിലിപ്പീൻസ് സർക്കാർ. ഫിലിപ്പീൻസിലെ മനിലയിൽ ദശലക്ഷക്കണക്കിന് കത്തോലിക്കർ ഒന്നിച്ചുകൂടുന്ന തിരുനാളായിരുന്നു ഇത്.

നൂറ്റാണ്ടുകളായി, ‘കറുത്ത നസ്രായന്റെ’ രൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം വളരെ ആഘോഷപൂർവ്വം കൊണ്ടാടിയിരുന്നു. കുരിശ് ചുമക്കുന്ന കറുത്ത നിറമുള്ള യേശുവിന്റെ വലിയ രൂപമാണ് ‘കറുത്ത നസ്രായന്റെ രൂപം’ എന്ന പേരിൽ അറിയപ്പെടുന്നത്. ഇത് ഫിലിപ്പീൻസിലെ കത്തോലിക്കരുടെ അഭിനിവേശത്തെയും പോരാട്ടത്തെയും വിശ്വാസത്തെയും പ്രതിനിധീകരിക്കുന്നു. കറുത്ത നസ്രായന്റെ തിരുനാൾ ദിനം ജനുവരി ഒൻപതിനാണ്.

‘ക്വിയാപ്പോ ചർച്ച്’ എന്നറിയപ്പെടുന്ന മനിലയിലെ ഒരു മൈനർ ബസിലിക്കയിൽ രണ്ടു തവണ ഉണ്ടായ തീപിടുത്തത്തെ അതിജീവിച്ച അത്ഭുതകരമായ രൂപമാണിത്. മാത്രമല്ല, രണ്ടാം ലോകമഹായുദ്ധ സമയത്ത് ഭൂകമ്പങ്ങൾ, ചുഴലിക്കാറ്റ് വെള്ളപ്പൊക്കം, ബോംബാക്രമണങ്ങൾ എന്നിവയെയും ഈ രൂപം അതിജീവിച്ചു.

കോവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ വർഷവും ഈ തിരുനാൾ ആഘോഷവും പ്രദക്ഷിണവും റദ്ദാക്കിയിരുന്നു. ഫിലിപ്പീൻസിൽ ജനുവരി അഞ്ചിന് 10,775 പുതിയ കോവിഡ് കേസുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ഒക്ടോബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.