ഝാര്‍ഖണ്ഡില്‍ ക്രിസ്ത്യാനികളെ ‘ജയ്‌ ശ്രീറാം’ വിളിക്കാൻ നിര്‍ബന്ധിച്ച് മര്‍ദ്ദനം

ഝാര്‍ഖണ്ഡിലെ സിംദേഗ ജില്ലയിലെ ഒരു ഗ്രാമത്തില്‍ ക്രിസ്ത്യാനികളെ ‘ജയ്‌ ശ്രീറാം’ വിളിക്കാൻ നിര്‍ബന്ധിച്ച് മര്‍ദ്ദനം. ഏഴ് ആദിവാസി ക്രിസ്ത്യാനികൾ പശുവിനെ കൊന്നെന്നുള്ള ആരോപണത്തെ തുടർന്നാണ് ‘ജയ്‌ ശ്രീറാം’ എന്ന് വിളിക്കാൻ നിർബന്ധിക്കുകയും തുടർന്ന് മർദ്ദിക്കുകയും ചെയ്തതെന്ന് ദ ടെലിഗ്രാഫ് ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ ബിജെപി സർക്കാരിന്റെ ഭരണകാലത്തും നിരവധി ഗോത്രവർഗ്ഗക്കാരെയും മുസ്‌ലിംങ്ങളെയും പശുവിനെ കൊന്നെന്ന് ആരോപിച്ചും ഗോമാംസം കൈയിൽ സൂക്ഷിച്ചെന്നു പറഞ്ഞും ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, ഈ വർഷം ആദ്യത്തെ സാമുദായിക ആക്രമണമാണിത്.

“സെപ്റ്റംബർ 16-ന് രാവിലെ ഇരുപത്തഞ്ചോളം ആളുകൾ വടികളും ആയുധങ്ങളുമായി ഗ്രാമത്തിൽ പ്രവേശിച്ചു. സമീപഗ്രാമങ്ങളിലുള്ള ഈ അക്രമകാരികൾ, പശുവിനെ കൊന്നെന്ന് ആരോപിച്ച് ആക്രമണം നടത്തുകയായിരുന്നു. ഏഴോളം ക്രിസ്ത്യാനികളെ ഇവർ പിടികൂടുകയും വലിച്ചിഴച്ച് കൊണ്ടുപോകുകയും അടിക്കുകയും ‘ജയ്‌ ശ്രീറാം’ ചൊല്ലുവാൻ നിര്‍ബന്ധിക്കുകയും ചെയ്തു. അവരുടെ തലയിൽ  ചവിട്ടിപ്പിടിക്കുകയും തല മുണ്ഡനം ചെയ്യുകയും ചെയ്തു” – ദൃക്‌സാക്ഷിയായ സിംഡെഗയിലെ ഭരികുദാറിൽ നിന്നുള്ള ആദിവാസി ക്രിസ്ത്യാനിയായ ദീപക് കുളു പറഞ്ഞു.

അടുത്ത ദിവസം തന്നെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഒമ്പത് പ്രതികളിൽ നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ബാക്കിയുള്ളവരെ ഉടൻ പിടികൂടുമെന്നുമാണ് പോലീസ് പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.