സംഗീതം പ്രാർഥനയാക്കിയ ജീവിതം: പാട്ടിന്റെ വഴിയേ മാർപാപ്പയുടെ വേദിയിലെത്തിയ അഥീനസ്

​15 -ാം വയസ്സിൽ മനസ്സിൽ കുറിക്കപ്പെട്ട ഒരു ആത്മീയ സന്ദേശത്തിലൂടെയാണ് അർജന്റീനിയൻ കത്തോലിക്കാ ഗായിക അഥീനസ് തന്റെ സംഗീത ജീവിതം ആരംഭിക്കുന്നത്. ദൈവം തനിക്ക് നൽകിയ കഴിവ് അവിടുത്തെ സുവിശേഷ പ്രചാരണത്തിനായി സമർപ്പിക്കാൻ ആഗ്രഹിച്ച ആ കൊച്ചു പെൺകുട്ടി ഇന്ന് ആഗോളതലത്തിൽ അറിയപ്പെടുന്ന കത്തോലിക്കാ സംഗീതജ്ഞരിൽ ഒരാളാണ്.

​തന്റെ പതിനഞ്ചാം വയസ്സിലെ ഒരു ധ്യാനവേളയിലാണ് ‘ഇനിമുതൽ നീ മനുഷ്യരെ പിടിക്കുന്നവനാകും’ എന്ന ബൈബിൾ വാക്യം അഥീനസിന്റെ ഹൃദയത്തിൽ തട്ടുന്നത്. തനിക്ക് ലഭിച്ച സംഗീതമാലപിക്കാനുള്ള കഴിവിലൂടെ ആത്മാക്കളെ ദൈവത്തിലേക്ക് അടുപ്പിക്കാനാണ് യേശു തന്നെ വിളിച്ചതെന്ന് അവർ തിരിച്ചറിഞ്ഞു. ​വർഷങ്ങൾക്കിപ്പുറം തന്റെ കുടുംബത്തെയും സംഗീത ശുശ്രൂഷയെയും ഒരുമിച്ച് കൊണ്ടുപോകുന്ന അഥീനസിന് ഇപ്പോൾ ലഭിച്ചിരിക്കുന്നത് ഒരു വലിയ ദൗത്യമാണ്.

അർജന്റീനയിലെ ബ്യൂണസ് അയേഴ്സിൽ നടന്ന ലെയോ മാർപാപ്പയുടെ സന്ദർശന വേളയിൽ ഗാനാലാപനം നടത്താൻ അഥീനസിന് സാധിച്ചു. 150 -ലധികം അണിനിരന്ന ഗായകസംഘത്തിനും വാദ്യവൃന്ദത്തിനും ഒപ്പം സംഗീത ക്രമീകരണങ്ങൾ നടത്തിയത് അഥീനസിന്റെ ഭർത്താവ് ടോബിയാസ് ആണ്. ​

തനിക്ക് ലഭിക്കുന്ന ജനപ്രീതി തന്റേതല്ലെന്നും ദൈവത്തിന്റെ വലിയൊരു ദാനമാണെന്നും വിശ്വസിക്കുന്ന അഥീനസ് തന്റെ പാട്ടുകൾ കേൾവിക്കാരിൽ ദൈവാനുഭവം ഉണ്ടാക്കാൻ ഇടയാക്കട്ടെ എന്ന് പ്രാർഥിക്കുന്നു. കുടുംബജീവിതത്തിലെ വിശുദ്ധിയും ആത്മീയതയുമാണ് തന്റെ ഏറ്റവും വലിയ ആദ്യത്തെ വിളിയെന്ന് ഈ കലാകാരി ഓർമ്മിപ്പിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.