
ഈ ഭൂമിയിൽ ശാശ്വതമായത് ഒന്നും തന്നെയില്ല; എല്ലാവരും എന്നെങ്കിലുമൊരിക്കൽ വിടപറയേണ്ടവരാണ്. ആ അനിവാര്യ യാഥാർഥ്യത്തെ ഉൾക്കൊള്ളാൻ മനസ്സ് എപ്പോഴും മടികാണിക്കാറുണ്ടെങ്കിലും, ജീവിതത്തിന്റെ ഏറ്റവും വലിയ സത്യങ്ങളിലൊന്നാണ് വിടപറച്ചിലുകൾ എന്ന് നാം അംഗീകരിച്ചേ മതിയാവൂ. യാത്രപറയാതെ പെട്ടെന്നു പിരിഞ്ഞുപോകുന്നവരും, കണ്ണീരോടെ യാത്രയാക്കേണ്ടി വരുന്നവരും നമ്മുടെയൊക്കെ ജീവിതത്തിന്റെ ഭാഗമാണ്. ആ വേർപാടുകൾക്കു മുന്നിൽ തോറ്റുകൊടുക്കാതെ, അവയുടെ നോവിനെ അതിജീവിച്ച് മുന്നോട്ടുപോകാൻ ഈ തിരിച്ചറിവ് നമ്മെ പ്രാപ്തമാക്കുന്നു. വിടപറച്ചിലുകൾ ഒരു അവസാനമല്ല, പുതിയൊരു ഓർമ്മപ്പെടുത്തലാണ്.
ഇംഗ്ലീഷ് റൊമാന്റിക് കവിയായ ജോൺ കീറ്റ്സിന്റെ കവിതകളിൽ മനുഷ്യജീവിതത്തിന്റെ നശ്വരതയുടെയും അനിവാര്യമായ വിടപറച്ചിലുകളുടെയും ആഴത്തിലുള്ള വേദന പ്രകടമാണ്. തന്റെ ഇരുപത്തിരണ്ടാം വയസ്സിൽ, 1818 ജനുവരിയിൽ, പ്രിയ സഹോദരനായ റ്റോം ക്ഷയരോഗബാധിതനായ വേളയിലാണ് അദ്ദേഹം തന്റെ പ്രശസ്തമായ ‘വെൻ ഐ ഹാവ് ഫിയേഴ്സ് ദാറ്റ് ഐ മെയ് സീസ് ടു ബി’ (When I Have Fears That I May Cease To Be) എന്ന സോനെറ്റ് എഴുതുന്നത്. സ്വന്തം അകാലമരണത്തിന്റെ നിഴലും പ്രിയ സഹോദരന്റെ രോഗത്തിന്റെ വേദനയും ഒരുപോലെ അനുഭവിച്ചറിഞ്ഞുകൊണ്ട് കീറ്റ്സ് അതിൽ ഇങ്ങനെ കുറിച്ചു:
ഒരു നിമിഷത്തിന്റെ മാത്രം ആയുസ്സുള്ള പ്രിയപ്പെട്ടവളേ, ഇനി ഒരിക്കലും നിന്നെ കാണാൻ സാധിക്കുകയില്ല എന്ന് തിരിച്ചറിയുമ്പോൾ… (And when I feel, fair creature of an hour, That I shall never look upon thee more…)
കീറ്റ്സിന്റെ ഈ വരികളിൽ ജീവിതത്തിന്റെ സൗന്ദര്യവും അത് കൈവിട്ടുപോകുന്നതിന്റെ വിതുമ്പലും വ്യക്തമാണ്. സൗന്ദര്യവും സ്നേഹവും എത്രയൊക്കെ മുറുകെപ്പിടിച്ചാലും വേർപാടിന്റെ നിമിഷത്തിൽ അവയെ തടഞ്ഞുനിർത്താൻ നമുക്കാവില്ലെന്ന സത്യം ഈ കവിത നമ്മെ ഓർമ്മിപ്പിക്കുന്നു.
റോബർട്ട് ഫ്രോസ്റ്റിന്റെ കവിതകളിൽ ജീവിതയാത്രയിലെ വഴിപിരിയലുകളെക്കുറിച്ചും വിടപറച്ചിലുകളെക്കുറിച്ചുമുള്ള ദാർശനികമായ ചിന്തകൾ കാണാം. അദ്ദേഹത്തിന്റെ ലോകപ്രശസ്തമായ ‘ദി റോഡ് നോട്ട് ടേക്കൺ’ (The Road Not Taken) എന്ന കവിതയിൽ ജീവിതയാത്രയിലെ തിരഞ്ഞെടുപ്പുകളും വിടപറച്ചിലുകളും മനോഹരമായി ചിത്രീകരിക്കുന്നു:
മഞ്ഞമരങ്ങൾ നിറഞ്ഞ കാട്ടിൽ വഴി രണ്ടായി പിരിയുന്നു,
രണ്ടിലും ഒരുപോലെ സഞ്ചരിക്കാൻ കഴിയാത്തതിൽ ഞാൻ ഖേദിച്ചു…
ഞാൻ അധികമാരും സഞ്ചരിക്കാത്ത വഴി തിരഞ്ഞെടുത്തു;
അതായിരുന്നു എന്റെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കിയത്.
(Two roads diverged in a yellow wood, And sorry I could not travel both… I took the one less traveled by, And that has made all the difference).
ജീവിതം നമ്മെ എങ്ങനെയൊക്കെയാണ് വ്യത്യസ്ത വഴികളിലൂടെ വേർപിരിക്കുന്നതെന്ന് കവി ഈ വരികളിലൂടെ തുറന്നുകാട്ടുന്നു. നാം തിരഞ്ഞെടുക്കുന്ന വഴികൾക്കൊപ്പം പലരെയും നാം പിന്നിലുപേക്ഷിച്ച് മുന്നേറേണ്ടി വരുന്നു. പ്രിയപ്പെട്ടവരുമായുള്ള അത്തരം വിടപറച്ചിലുകൾ ഹൃദയത്തെ എത്രയധികം വേദനിപ്പിച്ചാലും, അത് ഈ പ്രപഞ്ചത്തിന്റെ അനിവാര്യമായ നിയമമാണെന്ന് നാം തിരിച്ചറിയുന്നു.
വേർപാടിന്റെയും വിടപറച്ചിലിന്റെയും വേദനയിൽ സമാധാനം നൽകിക്കൊണ്ട് വിശുദ്ധ ഗ്രന്ഥത്തിൽ പൗലോസ് അപ്പസ്തോലൻ എഫെസ്യ സഭയോട് യാത്ര പറയുന്ന സന്ദർഭം ഏറെ ഹൃദയസ്പർശിയാണ്:
“അവരെല്ലാവരും കരഞ്ഞുകൊണ്ട് പൗലോസിനെ ആലിംഗനം ചെയ്തു ഗാഢമായി ചുംബിച്ചു. ഇനിമേല് അവര് അവന്റെ മുഖം ദര്ശിക്കയില്ല എന്നു പറഞ്ഞതിനെക്കുറിച്ചാണ് എല്ലാവരും കൂടുതല് ദുഃഖിച്ചത്. അനന്തരം, അവര് കപ്പലിന്റെ അടുത്തുവരെ അവനെ അനുയാത്ര ചെയ്തു” (നടപടി 20:38).
ഈ വരികളിൽ പ്രിയപ്പെട്ടവരിൽ നിന്നുള്ള വേർപാട് മനുഷ്യഹൃദയത്തിലുണ്ടാക്കുന്ന ശൂന്യത വ്യക്തമാണ്. എങ്കിലും ആ വേദനയിലും സ്നേഹത്തിന്റെ അനശ്വരത നിലനിൽക്കുന്നുണ്ട്. ജീവിതത്തിൽ ചില വിടപറച്ചിലുകൾ ഒരിക്കലും തിരിച്ചുപിടിക്കാനാവാത്തതാണെങ്കി
പ്രായോഗികം
വിടപറഞ്ഞുപോയ പ്രിയപ്പെട്ടവരെ ഓർത്ത് സങ്കടപ്പെട്ടിരിക്കുന്നതിനു പകരം, അവർ നമ്മോടൊപ്പമുണ്ടായിരുന്ന അമൂല്യ നിമിഷങ്ങൾക്ക് ദൈവത്തിന് നന്ദി പറയുക. ആ ബന്ധങ്ങളുടെ നന്മകൾ സ്വന്തം ജീവിതത്തിലൂടെ മറ്റുള്ളവർക്ക് പകർന്നു നൽകുകയും, അവരെ നമ്മുടെ അനുദിന പ്രാർഥനകളിൽ ഓർക്കുകയും ചെയ്യുക.
ചിന്ത
വിടപറച്ചിലുകൾ ഒരിക്കലും അവസാനമല്ല, മറിച്ച് നമ്മുടെ മനസ്സിൽ അവർക്കായി പണിതുയർത്തിയ സ്നേഹത്തിന്റെ സ്മാരകങ്ങളുടെ തുടക്കമാണ്.

ഫാ. ജി. കടൂപ്പാറയിൽ MCBS




