കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്ന നിർമ്മിത ബുദ്ധിക്ക് നിരോധനം ഏർപ്പെടുത്തണം: ഫ്രഞ്ച് പ്രസിഡന്റ്

കുട്ടികളുടെ മാനസികാരോഗ്യത്തിന് ഭീഷണിയാകുന്ന എവിടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിരോധിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഫ്രഞ്ച് ദിനപത്രമായ ‘ലെസ് ഇക്കോസ്’ന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചില സമൂഹമാധ്യമങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന മാക്രോൺ, എഐ ഉപയോഗം കുട്ടികളിൽ മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടാക്കുകയാണെങ്കിൽ അത് കർശനമായി നിരോധിക്കണമെന്നും വ്യക്തമാക്കി. “ഇത് എഐ ആണെന്നതുകൊണ്ട് മാത്രം ഇവിടെ നിയമങ്ങളില്ലാത്ത കാട്ടുനീതി നടപ്പിലാക്കാൻ കഴിയില്ല,” മാക്രോൺ പറഞ്ഞു. കുട്ടികളുടെ തലച്ചോറിനെയും മാനസികാരോഗ്യത്തെയും എഐ ഭീഷണിപ്പെടുത്തുന്ന ഘട്ടങ്ങളിൽ അത് തടയപ്പെടണം.

പാരിസ് സമാധാന ഫോറത്തിൽ ഇത് സംബന്ധിച്ച കാര്യങ്ങൾ അംഗീകരിക്കുന്നതിന് മുന്നോടിയായാണ് മാക്രോണിന്റെ ഈ പ്രസ്താവന. കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിദഗ്ധ സമിതി ചൊവ്വാഴ്ച അദ്ദേഹത്തിന് റിപ്പോർട്ട് സമർപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.