ഈസ്റ്റര്‍ സ്ഫോടനത്തിന്റെ അനന്തരഫലം: ശ്രീലങ്കയില്‍ ക്രൈസ്തവരുടെ വിശ്വാസം ആഴപ്പെടുന്നു

ശ്രീലങ്കയില്‍ ഈസ്റ്റര്‍ദിനത്തിലെ സ്ഫോടനത്തിന്റെ മുറിവുകള്‍ ഇനിയും ഉണങ്ങിയിട്ടില്ല. ഉറ്റവരുടെ വേര്‍പാടിന്റെ വേദനകള്‍ക്കിടയിലും ശ്രീലങ്കയിലെ വിശ്വാസികള്‍ ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ ആഴപ്പെടുകയാണ്. സ്ഫോടനത്തിന് ഇരയായവരുടെ ഭവനങ്ങളില്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ക്കം രഞ്ജിത്ത് നടത്തിയ സന്ദര്‍ശനത്തിലാണ് വിശ്വാസികള്‍ ദൈവത്തോടും ദൈവാലയത്തോടും കൂടുതല്‍ അടുക്കുകയാണെന്ന് തെളിഞ്ഞത്.

“വേര്‍പാടിന്റെ വേദനകള്‍ക്കിടയിലും ദൈവത്തില്‍ കൂടുതല്‍ പ്രത്യാശ വയ്ക്കുന്ന ആളുകളെയാണ് എനിക്ക് കാണുവാന്‍ കഴിഞ്ഞത്. അത് എന്നെ കൂടുതല്‍ ചിന്തിപ്പിച്ചു. മുറിവുകള്‍ക്കും സഹനങ്ങള്‍ക്കും കരച്ചിലുകള്‍ക്കുമിടയില്‍ അവര്‍ക്ക്, ക്രിസ്തുവില്‍ സമാധാനം കണ്ടെത്തുവാന്‍ കഴിയുന്നു” – കര്‍ദ്ദിനാള്‍ രഞ്ജിത് വ്യക്തമാക്കി.

ഉറ്റവരും ഉടയവരും മരിച്ച അനേകം ആളുകളെ ഞാന്‍ കണ്ടു. അവരോട്ടു ഒന്നുമാത്രമേ എനിക്ക് പറയാനുണ്ടായിരുന്നുള്ളൂ – “ദൈവം നിങ്ങളെ സ്നേഹിക്കുന്നു. മരണമടഞ്ഞവര്‍ ദൈവത്തിന്റെ സന്നിധിയില്‍ ആയിരിക്കാം” – കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു.