അസ്സീസി മാര്‍ഗ്ഗേ സമാധാനദൂതയായ് വി. അല്‍ഫോന്‍സാ

ഞാന്‍ നിങ്ങള്‍ക്ക് സമാധാനം തന്നിട്ടു പോകുന്നു. എന്റെ സമാധാനം ഞാന്‍ നിങ്ങള്‍ക്കു നല്കുന്നു. ലോകം നല്കുന്നതുപോലയല്ല ഞാന്‍ നല്കുന്നത്(യോഹ. 14: 27). ഈശോ വാഗ്ദാനം ചെയ്ത സമാധാനം ലോകത്തിന്റെ ശക്തികള്‍ക്ക് നല്കാന്‍ സാധിക്കാത്ത നന്മയാണ്. ദൈവകൃപ വന്നു നിറയുമ്പോള്‍ കിട്ടുന്നതാണ് ഈ സമാധാനം. സമാധാനം ലഭിക്കണമെങ്കില്‍ ശരീരത്തിലും മനസ്സിലും ഹൃദയത്തിലും ആത്മാവിലും നാം ഈശോയോട് ഒന്നാകണം. ഈശോയുടെ കുരിശിനോട് ചേര്‍ന്നുനിന്ന് സഹനങ്ങളും വേദനകളും പ്രതിസന്ധികളും അനുഭവിക്കുന്നവര്‍ക്ക് ഈശോ കൊടുത്ത ആന്തരിക സ്വസ്ഥതയാണിത്. ഈ സമാധാനമാണ് വി. ഫ്രാന്‍സിസ് അസ്സീസിയും വി. അല്‍ഫോന്‍സായും തങ്ങളുടെ ജീവിതസരണിയില്‍ അനുഭവിച്ചത്.

സമാധാനത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ തെളിഞ്ഞുനില്ക്കുന്ന ചിത്രം അസ്സീസിയിലെ വി. ഫ്രാന്‍സിസിന്റേതാണ്. ക്രൂശിതനോടുള്ള അഗാധമായ സ്‌നേഹവും വിസ്വസാഹോദര്യവും വിശുദ്ധനെ സമാധാനദൂതനാക്കി മാറ്റി. നാഥാ എന്നെ നിന്റെ സമാധാനത്തിന്റെ ഉപകരണമാക്കണമേ എന്ന പ്രാര്‍ത്ഥന വി. ഫ്രാന്‍സിസിന്റെ ഹൃദയത്തില്‍ നിന്നും ഉതിര്‍ന്നു. വി. ഫ്രാന്‍സിസ് തെളിച്ച പാതയിലൂടെ സമാധാനദൂതനായ് ക്രൂശിതന്റെ പിന്നാലെ നടന്നുനീങ്ങിയ വി. അല്‍ഫോന്‍സാമ്മ സമാധാനപ്രാര്‍ത്ഥന തന്റെ ജീവിതം കൊണ്ടെഴുതി പ്രകാശിപ്പിച്ചു.

സമാധാനത്തിന്റെ ആത്മാവ് സ്‌നേഹമാണെന്ന് ഈ കാലഘട്ടത്തില്‍ നമ്മുടെ ഫ്രാന്‍സിസ് പാപ്പാ ജീവിതംകൊണ്ട് നമ്മോടു പറയുന്നു. അതേ, സ്‌നേഹത്തില്‍നിന്ന് സമാധാനം പൊട്ടിവിരിയുന്നു. സഹനം സ്‌നേഹമാണെന്ന് ജീവിതം കൊണ്ട് എഴുതിയ അല്‍ഫോന്‍സാമ്മയില്‍ സമാധാനം കതിരണിഞ്ഞുനിന്നു. രോഗത്തിനുമേല്‍ രോഗമെന്ന അവസ്ഥ വന്ന് വേദനകൊണ്ട് പിടഞ്ഞപ്പോഴും ”എന്റെ കര്‍ത്താവ് ഇതില്‍ക്കൂടുതല്‍ വേദനിച്ചില്ലേ, എന്നെ ശുശ്രൂഷിക്കാന്‍ സഹോദരിമാരുണ്ടല്ലോ” എന്ന ചിന്തകളോടെ മനസമാധാനം കാത്തുസൂക്ഷിച്ചവളാണ് അല്‍ഫോന്‍സാമ്മ. ചെയ്യാത്ത കുറ്റങ്ങള്‍ ആരോപിക്കപ്പെടുമ്പോള്‍ ഞാന്‍ ആ കുറ്റം ചെയ്തതായിരിക്കണം എന്നു പറഞ്ഞുകൊണ്ട് കുറ്റങ്ങള്‍ ഏറ്റെടുക്കുന്ന അല്‍ഫോന്‍സാമ്മയുടെ മനസ്സിലും മുഖഭാവത്തിലും വളരെ സമാധാനം അനുഭവിക്കുന്നവളായി കാണപ്പെട്ടിരുന്നു. ഫ്രാന്‍സിസ്‌കന്‍ ആരാമത്തില്‍ സമാധാനദൂതനായ് വിളങ്ങിയ വി. അല്‍ഫോന്‍സാമ്മ നമ്മുടെ ജീവിതവഴിത്താരയില്‍ ശാന്തിദൂതരാകാന്‍ നമ്മെ ആഹ്വാനം ചെയ്യുന്നു.

സി. സെലിന്‍ തെരേസ് എഫ്. സി. സി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.