വളർത്താം പോസിറ്റീവ് ചിന്തകൾ, അതിജീവിക്കാം ഏതു അവസ്ഥകളെയും!

മിനു മഞ്ഞളി

കേരളത്തെ നടുക്കിയ വെള്ളപ്പൊക്കത്തിന്റെ അലയടികളിൽ നിന്നും മലയാളി ഇന്നും ഉയർത്തെഴുന്നേറ്റിട്ടില്ല. ശാന്തമായ ഉറക്കത്തിന്റെ നിമിഷത്തിനു നടുവിലും തൊട്ടുണർത്തി ഒഴുകി വന്ന ആ ക്ഷണിക്കാത്ത അതിഥിയെ- വെള്ളത്തെ ഇത്രമേൽ ഭയപ്പാടോടെ ഞാൻ ഇതുവരെ നോക്കിയിട്ടില്ല. നനഞ്ഞു കുതിർന്ന കിടക്കകളും ജീവിതങ്ങൾക്കും സമ്പാദ്യങ്ങൾക്കും മുൻപിൽ ജീവനെ കാത്തുരക്ഷിക്കാം എന്നോർത്ത് ഓടിയകന്നു നീന്തി പോയ ആ രാവുകളെ ഭീതിയോടെയല്ലാതെ ആർക്കു ഓർക്കാനാകും. ഒഴുകി നടന്നു എങ്ങോ മാഞ്ഞു പോയ പല ജീവിതങ്ങളും ബാക്കി വച്ചതു ഉറ്റവരുടെ കണ്ണീർ തുള്ളികളും ഓർമകളും മാത്രം.

ഞെട്ടലിന്റെ അകമ്പടിയോടെ വാർത്താമാധ്യമങ്ങൾ തേടിപ്പോയ മറുനാടൻ മലയാളിക്കു മുന്നിലേക്ക് കടന്നു വന്ന ആ ശബ്ദത്തെ മറക്കാൻ വയ്യ. മരണത്തെ കാത്തു നിന്ന അവസ്ഥയിൽ ഒരു കൈത്താങ്ങായി കടന്നു വന്ന ഹെലികോപ്റ്റർ യാത്രയെ വിവരിക്കുന്ന ഒരു ഓഡിയോ ക്ലിപ്പ്. ഉറ്റവരെയും ഉടയവരും സുരക്ഷിതമല്ലെന്നു ഉറപ്പുവരുത്തിന്നതിനിടയിൽ കടന്നു വന്ന ആ ചിന്താരീതി ഒരു ചെറു പുഞ്ചിരി വിടർത്തിയെന്നു പറഞ്ഞാൽ അതിശയോക്തി ആകില്ല. ” ഞാൻ ഹെലികോപ്റ്ററിൽ കേറി.. മോളെ..അതിനൊക്കെ ഒരു ഭാഗ്യം വേണം..” എന്ന് നീളുന്നു ആ ഓഡിയോ. ഒരു പോസിറ്റീവ് ചിന്തയാണ് വളരെ നിഷ്കളങ്കമായി ആ പെൺകുട്ടി സുഹൃത്തുമായി പങ്കുവച്ചത്. ആ സുഹൃത്ത് അനേകായിരങ്ങൾക്കു ആ ഓഡിയോ ക്ലിപ്പ് പങ്കുവച്ചതിലൂടെ ചെറുപുഞ്ചിരി വിടർത്താൻ ഇവിടെ സാധ്യമാവുകയാണ്‌. കണ്ടില്ലേ, പോസിറ്റീവ് എനെർജിയുടെ മാസ്മരിക ശക്തി.

ഏതു നിമിഷങ്ങളിലും നമ്മിലുള്ള ആത്‌മവിശ്വാസം കൈവെടിയാതിരിക്കാൻ ശ്രദ്ധിക്കാം. മക്കളെയും അതിനായി പരിശീലിപ്പിച്ചെടുക്കാം. എത്ര വലിയ പ്രതിസന്ധിഘട്ടത്തെയും നിഷ്പ്രയാസം നേരിടുവാൻ പോസിറ്റീവ് ചിന്തകൾ നമ്മെ സഹായിക്കും. പോസിറ്റീവ് ചിന്തകൾ വളർത്തിയെടുക്കുന്നത് വഴി നമുക്കു ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ എന്തെല്ലാമെന്ന് നോക്കിക്കാണാം.

കഷ്ടകാലങ്ങൾ ആർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാമെന്നിരുന്നാലും നമ്മിൽ നിന്നുണരുന്ന പോസിറ്റീവ് ചിന്തകൾ ജീവിതത്തോട് പുതിയൊരു കാഴ്ചപ്പാട് വളർത്തിയെടുക്കും. ഒത്തിരി നല്ല ആളുകളെ ജീവിതത്തോട് അടുപ്പിക്കുവാനും നമുക്ക് ഉണർവേകുന്ന പുതിയ സംഭവങ്ങൾ അരങ്ങേറുവാനും അതൊരു നിമിത്തമായി മാറുകയും ചെയ്യുന്നു. മാനസികമായി സമാധാനവും സന്തോഷവും അനുഭവിക്കുവാനും വഴിതെളിക്കപ്പെടുന്നു. നമ്മിലെ ആ സാമീപ്യത്തിന്റെ ഉണർവും ശക്തിയും മൂലം ചുറ്റുമുള്ളവരിലേക്കും ആ എനർജി പകരാന്‍ നമുക്കാകുന്നു. ചിലർ പറയുന്നത് കേട്ടിട്ടില്ലേ? ആ ആളോട് സംസാരിക്കുമ്പോൾ എന്തോ ഒരു മാനസിക സന്തോഷം അനുഭവപ്പെടുന്നു എന്ന്. എന്തിനു പറയുന്നു ചില ആളുകളുടെ ചിരി തന്നെ മതി എന്ത് പ്രതിസന്ധികളെയും മറികടക്കുവാനുള്ള ശക്തിയിലേക്കു നമ്മെ കൊണ്ടെത്തിക്കുവാൻ.

നമ്മിലെ പോസിറ്റീവ് കാഴ്ചപ്പാടുകൾ ആകർഷിക്കുകയും നാം ആകർഷിക്കപ്പെടുകയും ചെയ്യുന്ന നല്ല വ്യക്തിത്വങ്ങൾ കൂടുതൽ ശോഭയാർന്ന ഭാവി ജീവിതം വാഗ്ദാനം ചെയ്യുന്നു. മോശം അവസ്ഥകളെ കൂടുതൽ മോശപ്പെട്ട അവസ്ഥയിലേക്കു കൊണ്ടു ചെന്നെത്തിക്കുന്ന ആളുകളുമായും സാഹചര്യങ്ങളുമായും സ്വാഭാവികമായി ഇത്തരത്തിലുള്ളവർ ഒഴിഞ്ഞു നിൽക്കുന്നു. കൂടുതൽ നന്മയാർന്ന ജീവിത സാഹചര്യങ്ങളെ എത്തിനോക്കുവാൻ അവസരങ്ങൾ തുറക്കപ്പെടുകയും ചെയ്യുന്നു.

മിനു മഞ്ഞളി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.