ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി പേപ്പല്‍ ഫൗണ്ടേഷന്‍ 9.2 മില്യണ്‍ ഡോളര്‍ ഗ്രാന്റ് പ്രഖ്യാപിച്ചു

അറുപത്തിനാലു രാജ്യങ്ങളിലെ ക്രൈസ്തവ സമൂഹത്തിന്റെ ആത്മീയവും ഭൗതീകവുമായ ക്ഷേമം ഉറപ്പാക്കാന്‍ ഫിലാഡല്‍ഫിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പേപ്പല്‍ ഫൗണ്ടേഷന്‍ 9.2 മില്യണ്‍ ഡോളര്‍ ഗ്രാന്റ് പ്രഖ്യാപിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്ന് സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ നിന്ന് തിരഞ്ഞെടുക്കുന്ന അന്തിമ പട്ടികയ്ക്ക് പാപ്പായാണ് അംഗീകാരം നല്‍കുന്നത്. തുക ദേവാലയങ്ങളുടെയും സ്‌കൂള്‍ കെട്ടിടങ്ങളുടെയും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കും ഇതര സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കും നല്‍കും.

പശ്ചിമേഷ്യയിലെ ദൈവാലയങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ ഫ്രാന്‍സിസ് പാപ്പാ നടത്തിയ ആഹ്വാനം ഈ വര്‍ഷത്തെ ഗ്രാന്റ് വിതരണത്തില്‍ പ്രത്യേകം പരിഗണിക്കുമെന്ന് പേപ്പല്‍ ഫൗണ്ടേഷന്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാനും ബോസ്റ്റണ്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദ്ദിനാള്‍ ഷോണ്‍ ഒമാലി പറഞ്ഞു.

ദേവാലയങ്ങള്‍, ചാപ്പലുകള്‍, ലബോറട്ടറികള്‍, ലൈബ്രറികള്‍ തുടങ്ങിയവയുടെ പുനര്‍നിര്‍മ്മാണം, കത്തോലിക്കാ ആശുപത്രിയില്‍ ഡയാലിസിസ് സെന്ററിന്റെ നിര്‍മ്മാണം, അനാഥരും വൈകല്യമുള്ളവരുമായ കുട്ടികളുടെ വിദ്യാഭ്യാസം, വിരമിച്ച സന്യസ്തരുടെ താമസം, മനുഷ്യക്കടത്തിനെതിരെയുള്ള പോരാട്ടം തുടങ്ങിയവയാണ് ഫൗണ്ടേഷന്‍ ലക്ഷ്യം വച്ചിരിക്കുന്ന പ്രധാന പദ്ധതികള്‍. കഴിഞ്ഞ വര്‍ഷം 59 രാജ്യങ്ങള്‍ക്കായി 90 ലക്ഷം ഡോളറിന്റെ സഹായപദ്ധതികള്‍ പേപ്പല്‍ ഫൗണ്ടേഷന്‍ നടപ്പാക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.