പാപ്പാ മാപ്പ് നല്‍കി; ഏണസ്റ്റോ വീണ്ടും വൈദികന്‍

കാനന്‍ നിയമം ലംഘിച്ച് മന്ത്രിപദവി സ്വീകരിച്ചതിലൂടെ വൈദിക പൗരോഹിത്യത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട ഫാ. ഏണസ്റ്റോ കാര്‍ഡെനലിന് പൗരോഹിത്യശുശ്രൂഷയിലെ വിലക്കുകള്‍ പിന്‍വലിച്ച് ഫ്രാന്‍സിസ് പാപ്പ. 94 കാരനായ ഏണസ്റ്റോയ്ക്ക് 35 വര്‍ഷത്തിനു ശേഷമാണ് അജപാലനദൗത്യം തുടരാനുള്ള അധികാരം തിരിച്ചുനല്‍കുന്നത്.

അദ്ദേഹത്തിന്റെ മേല്‍ ചുമത്തപ്പെട്ടിട്ടുള്ള എല്ലാ കൃറ്റകൃത്യങ്ങള്‍ക്കും പാപമോചനം നല്‍കുന്നതായും പൗരോഹിത്യവരം തിരിച്ചുനല്‍കണമെന്ന് നിക്കരാഗ്വയിലെ പൊന്തിഫിക്കല്‍ പ്രതിനിധി വഴി സമര്‍പ്പിച്ച നിവേദനം അംഗീകരിക്കുന്നതായും ഫ്രാന്‍സിസ് പാപ്പ പ്രസ്താവനയിലൂടെ അറിയിച്ചു. കവിയും വിമോചന ദൈവശാസ്ത്ര പ്രവര്‍ത്തകനും എഴുത്തുകാരനുമായി അറിയപ്പെടുന്ന ഇദ്ദേഹം സേച്ഛാധിപത്യത്തിനെതിരായുള്ള നിരവധി വിപ്ലവങ്ങളില്‍ സജീവമായിരുന്നു. ഈ പശ്ചാത്തലമാണ് രാഷ്ട്രീയത്തില്‍ സജീവമായതിനും മന്ത്രിപദവിയിലേക്ക് ഉയര്‍ത്തപ്പെടാനും കാരണമായത്.

1984-ല്‍ വി. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പയാണ് ഫാ. കാര്‍ഡെനലിന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനെതിരെ ഇത്തരത്തില്‍ കടുത്ത നടപടി സ്വീകരിച്ചത്. തെറ്റ് തിരിച്ചറിഞ്ഞ് 1994-ല്‍ സാന്‍ഡിനിസ്ത സഖ്യത്തില്‍ നിന്ന് രാജി വച്ചെങ്കിലും അദ്ദേഹത്തിനെതിരായ സഭാനിലപാടില്‍ മാറ്റമുണ്ടായില്ല. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് നിക്കരാഗ്വയിലെ ആശുപത്രിയില്‍ ഇപ്പോള്‍ ചികിത്സയിലാണ് അദ്ദേഹം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.