ഗ്വാഡലൂപ്പാ മാതാവിന്റെ കഥ

ഗ്വാഡലൂപ്പാ മാതാവിന്റെ തിരുനാൾ ദിനമാണ് ഡിസംബർ 12. പ്രദേശവാസിയായ ഒരു കർഷകന് മാതാവ് ദർശനം നൽകിയതും മാതാവിന്റെ സന്ദേശം ലോകത്തെ അറിയിക്കാനും വിശ്വസിപ്പിക്കാനും അദ്ദേഹം നടത്തിയ പോരാട്ടങ്ങളും പിന്നീട് ആ എളിയ മനുഷ്യൻ അമേരിക്കയുടെ സ്വർഗീയ മദ്ധ്യസ്ഥനായതുമെല്ലാം ചരിത്രത്തിലുണ്ട്.

ഒരു ഫാബ്രിക് ഫലകത്തിലാണ് ഗ്വാഡലൂപ്പാ മാതാവിന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നത്. നൂറുകണക്കിന് വർഷങ്ങൾ പഴക്കമുള്ള ഈ ചിത്രം ഒരത്ഭുതമായി വിശേഷിപ്പിക്കപ്പെടാറുണ്ട്. മെക്സിക്കോയുടെ രാഞ്ജിയായും അമേരിക്കയുടെ സ്വർഗീയ മദ്ധ്യസ്ഥയായുമെല്ലാം ഗ്വാഡലൂപ്പാ മാതാവ് അറിയപ്പെടുന്നുമുണ്ട്.

ആദ്യ ദര്‍ശനം

1531 ൽ മെക്സിക്കോയിലെ ടെപിയാകിലാണ് താൻ ദൈവമാതാവും സകല ജനതയുടെയും മാതാവുമാണെന്ന് വെളിപ്പെടുത്തി, പരിശുദ്ധ കന്യക പ്രത്യക്ഷപ്പെട്ടത്. പ്രദേശവാസിയായ, യുവാൻ ഡിയാഗോ എന്ന കർഷകനാണ് മലമുകളിൽ പരിശുദ്ധ അമ്മയുടെ തിളങ്ങുന്ന ചിത്രം കണ്ടത്. വിശ്വസിക്കുന്ന എല്ലാവരിലും തന്റെ സ്നേഹവും കരുതലും പകരുന്നതിനും പങ്കുവയ്ക്കുന്നതിനുമായി അവിടെ ഒരു ദേവാലയം പണിയണമെന്ന പരിശുദ്ധ അമ്മ യുവാനോട് ആവശ്യപ്പെട്ടു. താനാരെന്ന് വെളിപ്പെടുത്തിയശേഷമായിരുന്നു അത്.

പിന്നീട് മെക്സിക്കോ സിറ്റിയിലെ ആർച്ചുബിഷപ്പിനെ യുവാൻ ഇക്കാര്യം അറിയിച്ചു. ഇക്കാര്യം അവിശ്വസിച്ച ആർച്ചുബിഷപ്പ്൪, യുവാനോട് ദർശനത്തിന്റെ തെളിവും അത് മാതാവാണെന്നതിന് തെളിവും കൊണ്ടുവരാൻ ആവശ്യപ്പെട്ട് അദ്ദേഹത്തെ തിരിച്ചയച്ചു. അദ്ദേഹം വീണ്ടും മലമുകളിൽ ചെന്ന് മാതാവിനെ വീണ്ടും കണ്ടു. മലമുകളിൽ കയറി ഏതാനും പുഷ്പങ്ങൾ പറിച്ച് ആർച്ചുബിഷപ്പിന് കൊണ്ടുപോയി കൊടുക്കാൻ മാതാവ് യുവാനോട് ആവശ്യപ്പെട്ടു.

അത് മഞ്ഞുകാലമായിരുന്നിട്ടും ആ നാട്ടിലെങ്ങും ഒരു പൂവ് പോലും അവശേഷിക്കാതിരുന്നിട്ടും മലമുകളിൽ എത്തിയ യുവാൻ ആ കാഴ്ച കണ്ട് ഞെട്ടി. അതുവരെ താൻ കണ്ടിട്ടില്ലാത്ത തരത്തിലുള്ള പൂക്കളുടെ ഒരു ശേഖരം തന്നെ അവിടെയുണ്ടായിരുന്നു. അത് ഒരു കെട്ടാക്കി മാതാവ് യുവാന് കൊടുത്തു വിട്ടു. ഇത് അദ്ദേഹം ആർച്ചുബിഷപ്പിനെ കാണിച്ചു. മെക്സിക്കോയിൽ ഇല്ലാത്ത തരം കാസ്റ്റീലിയൻ റോസാണ് അതെന്ന് ആർച്ചുബിഷപ്പ് മനസിലാക്കി.

മാത്രവുമല്ല യുവാൻ ആ പൂക്കൾ പൊതിഞ്ഞുകൊണ്ടുവന്ന മേലങ്കിയിൽ മാതാവിന്റെ ഒരു മനോഹര ചിത്രവും പതിഞ്ഞിരുന്നു.

തല താഴ്ത്തി, കൈകൾ കൂപ്പിയ നിലയിലുള്ള ആ ചിത്രം അന്നുമുതൽ സൂക്ഷിക്കുന്നുണ്ട്. മെക്സിക്കോയിലെ ഏറ്റവും പരിശുദ്ധമായ വസ്തുവായാണ് അത് കണക്കാക്കപ്പെടുന്നത്. പ്രതിവർഷം 2 കോടിയോളം ആളുകളാണ് ഇവിടം സന്ദർശിക്കുന്നത്.

1990 ൽ മെക്സിക്കോ സന്ദർശിച്ച വി. ജോൺ പോൾ രണ്ടാമൻ പാപ്പാ യുവാൻ ഡിയാഗോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 2000 ത്തിൽ അദ്ദേഹം വിശുദ്ധ പദവിയിലേക്കും ഉയർത്തപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.