അള്‍ത്താരയിലേയ്ക്ക് ഇവര്‍ പ്രവേശിക്കുമ്പോള്‍ നമുക്ക് പ്രാര്‍ത്ഥിക്കാം

നിരവധി യുവ വൈദികരാണ് ഈ ദിവസങ്ങളില്‍ കേരളത്തിൽ അങ്ങോളം ഇങ്ങോളം ക്രിസ്തുവിനായി അഭിഷിക്തരാകുന്നത്. ഈ പുണ്യ നിമിഷങ്ങളിൽ നവ വൈദികർക്കായി പ്രാർത്ഥനകളോടെ കരങ്ങള്‍ ചേര്‍ക്കാം.

ഒരുക്കങ്ങൾ അതിന്റെ അവസാന നിമിഷങ്ങളിലേയ്ക്ക് കടക്കുകയാണ്. നീണ്ട പന്ത്രണ്ടു വർഷങ്ങളിൽ ആഗ്രഹിച്ചു പ്രാർത്ഥിച്ചും ഒരുങ്ങിയും കാത്തിരുന്ന വിശുദ്ധിയുടെ പരിപൂർണ്ണ നിമിഷങ്ങൾ. ദീർഘനാളത്തെ ഒരുക്കങ്ങളുടെയും പഠനങ്ങളുടെയും ബോധ്യങ്ങളുടെയും അതിലുപരി ആഴമായ വിശ്വാസത്തിൽനിന്നുരുത്തിരിഞ്ഞ ദൈവത്തെ കൈകളിൽ വഹിക്കുവാനുള്ള  അടങ്ങാത്ത ആഗ്രഹത്തിന്റെയും പൂർത്തീകരണം.

ക്രിസ്തുവിന്റെ നിർമല സക്രാരികളാകുവാനുള്ള സ്വപ്നം പൂർത്തീകരിച്ചു കൊണ്ട് നിരവധി നവ വൈദികർ അൾത്താരയിലേയ്ക്ക് ആഗതമാകുകയാണ്. വരുന്ന ദിവസങ്ങളിൽ കേരളത്തിലെ രൂപതകളും സന്യാസ സമൂഹങ്ങളും തിരുപ്പട്ട ശുശ്രൂഷകൾക്ക് സാക്ഷിയാകുവാൻ പോവുകയാണ്. നിരവധി യുവ വൈദികരാണ് കേരളത്തിൽ അങ്ങോളം ഇങ്ങോളം ദൈവത്തിനായി തങ്ങളുടെ ജീവിതം സമർപ്പിക്കുന്നത്. ഈ പുണ്യ നിമിഷങ്ങളിൽ നവ വൈദികർക്കായി പ്രാർത്ഥനകളോടെ ആയിരിക്കാം.

ലോകത്തിന്റെതായ സുഖങ്ങൾ മാറ്റിവെച്ചു ദൈവത്തിനായി ഒരു കൂട്ടം യുവാക്കൾ അഭിഷിക്തരായി തീരുമ്പോൾ ലോകം വെച്ച് നീട്ടുന്ന പ്രതിസന്ധികളെ തരണം ചെയ്യുക എന്നത് പ്രയാസകരമായ ഒന്നാണ്. ദൈവത്തിനും മനുഷ്യർക്കും ഇടയിൽ നിൽക്കുന്ന മധ്യസ്ഥനായി തീരുകയാണ് പൗരോഹിത്യ ശുശ്രൂഷയിലൂടെ അവര്‍.  വിവിധ ജീവിത സാഹചര്യങ്ങളിൽ ഉള്ള ആളുകളുടെ ഇടയിലേക്ക് സ്വന്തം നാടും വീടും മാതാപിതാക്കളെയും വിട്ടു ദൈവത്തിന്റെ പ്രതിപുരുഷനായി, ശുശ്രൂഷകനായി ആണ് ഓരോ വൈദികനും കടന്നു വരുക. വിശുദ്ധമായ ജീവിതത്തിലൂടെ ദൈവത്തിന്റെ പരിശുദ്ധമായ സ്നേഹത്തെ ഒരു സമൂഹത്തിലേക്ക് ഒഴുക്കുന്ന ഉപകരണങ്ങളാണ് ഓരോ വൈദികനും. തൂവെള്ള വസ്ത്രത്തിനുള്ളിൽ അതിനിർമ്മലമായ ഹൃദയം സൂക്ഷിക്കേണ്ട വ്യക്തികൾ. നിർമ്മലമായ കരങ്ങളിൽ പരിശുദ്ധനായവനെ വഹിക്കുന്നവർ. ഒരു ഇടവകയുടെ പ്രാർത്ഥനാ ജീവിതത്തിന്റെയും ആത്മീയതയുടെയും പ്രതീകമായി  ആ സമൂഹം ഒത്തൊരുമിച്ചു ഏറ്റവും ആഘോഷത്തോടെയും പ്രാർത്ഥനാപൂർവ്വവും നവ വൈദികനെ അൾത്താരയിലേയ്ക്ക് ആനയിക്കുന്ന ഈ നിമിഷങ്ങളിൽ അവർക്കായി പ്രാർത്ഥിക്കാം. പ്രതിസന്ധികകളിൽ ഉഴലുന്ന വൈദികർക്ക് പ്രാർത്ഥനയുടെ പിൻബലം നൽകാം.

സീറോ മലബാർ സഭയിൽ നിന്നും മലങ്കര സഭയിൽ നിന്നും ലത്തീന്‍ സഭയിൽ നിന്നും വിവിധ സന്യാസ സഭകളില്‍നിന്നും നിരവധി ഡീക്കന്മാരാണ് ഈ ആഴ്ചകളിൽ പൗരോഹിത്യ ജീവിതത്തിലേയ്ക്ക്  പ്രവേശിക്കുന്നത്. സീറോ മലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട്ട് ഈ വര്‍ഷം ഡിസംബറില്‍ നടത്തിയ ഡീക്കന്മാരുടെ സമ്മേളനത്തിന് 146 ഡീക്കന്മാരാണ് എത്തിച്ചേര്‍ന്നത്. അന്ന് പങ്കെടുക്കാത്തവരുടെ എണ്ണവും കൂടിചേരുമ്പോള്‍ സീറോ മലബാർ സഭയിലെ നവ വൈദികരുടെ എണ്ണം 200 കടക്കും. ലത്തീന്‍ രൂപതകളിലേയും മലങ്കര രൂപതകളിലെയും നവ വൈദികരും കൂടിചേരുമ്പോള്‍ വലിയ സംഖ്യയാണ്. നോക്കുക, കേരള സഭയെ ദൈവം എത്രമാത്രമാണ്‌ അനുഗ്രഹിച്ചിരിക്കുന്നത് എന്ന്.

കേരളത്തില്‍ 12 രൂപതകളാണ് ലത്തീന്‍സഭയ്ക്ക് ഉള്ളത്. അതില്‍ വരാപ്പുഴ രൂപതയിലെ തിരുപ്പട്ടങ്ങള്‍ സാധാരണ ഈസ്റ്റര്‍ കഴിഞ്ഞാണ് നടക്കുന്നത്.

സീറോ മലങ്കര സഭയിലെ 11 രൂപതകളിലും ഒരു എക്സ്ആര്‍ക്കെറ്റിലും ഒരു സന്യാസ സഭയിലും കൂടി 54 തിരുപ്പട്ടങ്ങള്‍.

എറണാകുളം രൂപതയിൽ നിന്ന് പത്തു നവ വൈദികരാണ് ഈ ആഴ്ചകളില്‍ അഭിഷിക്തരാകുന്നത്. ചങ്ങനാശേരി രൂപതയിൽ നിന്നും 17 നവവൈദികരാണ് പൗരോഹിത്യത്തിലേയ്ക്ക് പ്രവേശിക്കുക. തലശേരി അതിരൂപതയ്ക്കായി 10 പേർ  തിരുപ്പട്ടം സ്വീകരിക്കും. തൃശൂർ അതിരൂപതയിൽ നിന്നും ആറും ഇരിങ്ങാലക്കുട രൂപതയിൽ നിന്നും എട്ടും നവ വൈദികരാണുണ്ടാവുക. സിഎംഐ സന്യാസ സമൂഹത്തിൽ നിന്നും 47 വൈദികരും എംസിബിഎസ് സന്യാസ സമൂഹത്തിൽ നിന്ന് 18 വിന്‍സന്‍ഷ്യന്‍ സമൂഹത്തിൽ നിന്ന് 14 വൈദികരാണ് അടുത്ത ദിവസങ്ങളിൽ അഭിഷിക്തരാകുന്നത് (ലിസ്റ്റ് അപൂര്‍ണ്ണമാണ്). മറ്റു രൂപതകളിൽ നിന്നും നിരവധി വൈദികർ തങ്ങളുടെ പൗരോഹിത്യ ജീവിതത്തിലേയ്ക്ക് വരും ദിവസങ്ങളിൽ പ്രവേശിക്കുന്നു.

ഈ ധന്യ നിമിഷത്തിൽ നമ്മുടെ പ്രാർത്ഥനകളും നവ വൈദികർക്കു ആവശ്യമാണ്. പ്രാർത്ഥനയോടെ അവരെ അൾത്താരയിലെയ്ക്ക്‌ കൈപിടിച്ച് നടത്താം.

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.