പെസഹാദിനത്തിലെ വോട്ടെടുപ്പ് മാറ്റിവയ്ക്കണം: ലെയ്റ്റി കൗണ്‍സില്‍

കൊച്ചി: ഇന്ത്യയുള്‍പ്പെടെ ലോകമെമ്പാടും ക്രൈസ്തവസമൂഹം പുണ്യദിനമായി ആചരിച്ച് ആരാധനാകര്‍മ്മങ്ങള്‍ നടത്തുന്ന പെസഹാദിനമായ ഏപ്രില്‍ 18-ന് രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് മാറ്റിവയ്ക്കണമെന്ന് സി.ബി.സി.ഐ. ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറോട് ആവശ്യപ്പെട്ടു.

ആസാം, ചത്തീസ്ഗഡ്, ബീഹാര്‍, ജമ്മു-കാശ്മീര്‍, കര്‍ണ്ണാടക, മഹാരാഷ്ട്ര, ത്രിപുര, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, പുതുച്ചേരി, മണിപ്പൂര്‍, ഒഡീഷ, തമിഴ്‌നാട് എന്നീ 13 സംസ്ഥാനങ്ങളിലെ 97 ലോകസഭാമണ്ഡലങ്ങളിലേയ്ക്കാണ് പെസഹാദിനമായ ഏപ്രില്‍ 18-ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ 39 പാര്‍ലമെന്റ് മണ്ഡലങ്ങളും കര്‍ണ്ണാടകത്തിലെ 14 പാര്‍ലമെന്റ് മണ്ഡലങ്ങളും ഇതില്‍പ്പെടും. ഒന്നേകാല്‍ കോടിയിലേറെ ക്രൈസ്തവരാണ് 97 മണ്ഡലങ്ങളില്‍ വോട്ടു ചെയ്യേണ്ടതെന്നുള്ളത് പൊതുതെരഞ്ഞെടുപ്പില്‍ വളരെ നിര്‍ണ്ണായകവുമാണ്. ഈ 13 സംസ്ഥാനങ്ങളിലെയും വിവിധ ക്രൈസ്തവ ദേവാലയങ്ങളോടനുബന്ധിച്ചുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും പോളിംങ് കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കേണ്ടതുമാണ്. പെസഹാദിനത്തില്‍ ക്രൈസ്തവദേവാലയങ്ങളില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ എത്തിച്ചേരുമ്പോള്‍ പോളിംഗ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കപ്പെടും. ക്രൈസ്തവസമൂഹത്തിന്റെ ആത്മീയവികാരങ്ങള്‍ മാനിച്ചും തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനും പെസഹാദിനമായ ഏപ്രില്‍ 18-ന് പ്രഖ്യാപിച്ചിരിക്കുന്ന പാര്‍ലമെന്റ് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണം.

കേന്ദ്രഭരണ പ്രദേശങ്ങളായ ദാദ്രാ നഗര്‍ഹവേലിയിലും ദാമന്‍ ദിയൂവിലും ദുഃഖവെള്ളിയാഴ്ചത്തെ പൊതുഅവധി റദ്ദാക്കിയ അഡ്മിനിസ്‌ട്രേറ്റര്‍ നടപടി അപലപനീയവും ഭരണഘടനയിലെ മതേതര തത്വങ്ങള്‍ക്ക് വിരുദ്ധവുമാണ്. ദുഃഖവെള്ളി, രാജ്യത്തെ 17 പൊതുഅവധികളില്‍ പെടുന്നതാണെന്നിരിക്കെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഈ പൊതുഅവധി റദ്ദ്‌ ചെയ്തത് ക്രൈസ്തവ നീതിനിഷേധമാണെന്നും അവധി പുനഃസ്ഥാപിക്കണമെന്നും വി.സി. സെബാസ്റ്റന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ