ജപമാല പ്രാര്‍ത്ഥനയുടെ ആവിര്‍ഭാവം

ഒക്ടോബര്‍ മാസം ക്രൈസ്തവര്‍ക്ക് ജപമാല സമര്‍പ്പണത്തിന്റെ ഭക്തി തുളുമ്പുന്ന സായാഹ്നങ്ങ​ളാണ്. വിശുദ്ധാത്മാക്കളുടെ ആത്മീയപ്രഭയാല്‍ ധന്യമായ ഒക്ടോബറില്‍ ജപമണികളെ പൂര്‍ണ്ണമായും ധ്യാനിക്കുമ്പോള്‍ ക്രൈസ്തവ കുടുംബങ്ങള്‍ പനിനീര്‍സുഗന്ധത്താല്‍ പരിപൂരിതമായി തീരുകയാണ്. ക്രിസ്തീയ ഭവനങ്ങളില്‍ മാത്രമല്ല, കേരളത്തിലെ ദേവാലയങ്ങളിലൊക്കെ ആഘോഷമായ ദശദിന ജപമാല സമര്‍പ്പണവും അഖണ്ഡജപമാല സമര്‍പ്പണയഞ്ജങ്ങളുമൊക്കെ നടത്തി ജപമാല ഭക്തിയെ ഉദ്ദീപിപ്പിക്കുന്ന മാസമാണ് ഒക്ടോബര്‍.

സന്ധ്യാപ്രാര്‍ത്ഥനകളെ മറച്ചുകൊണ്ട്‌ ചാനല്‍പ്പെട്ടിയിലെ പരമ്പരകള്‍ നിറഞ്ഞപ്പോള്‍ നന്മനിറഞ്ഞ മറിയത്തിന്റെ സ്തുതിപ്പുകളകന്ന് സ്ത്രീവിലാപങ്ങളുടെ രോദനങ്ങളാണ് പ്രാര്‍താനാമുറികളിലുയരുന്നത്​. പക്ഷെ ഒക്ടോബറിലെ ത്രിസന്ധ്യകളെ നന്മനിറഞ്ഞ സ്തുതിപ്പുകളുടെ ആവര്‍ത്തനംകൊണ്ട് മുഖരിതമാക്കാന്‍ വിസ്മരിക്കുന്നില്ല. ഒക്ടോബറിലെ ​പ്രാര്‍ത്ഥനാ സായാഹ്നങ്ങ​ളില്‍ നിന്നും ആത്മസഖിയും അമ്മുവിന്‍റെ അമ്മയുമൊക്കെ മാറ്റിനിര്‍ത്തി നന്മനിറഞ്ഞ മറിയത്തെ സ്തുതിച്ച് പരസ്പരം സ്തുതികള്‍ ചൊല്ലാം. ചന്ദനമഴ പെയ്യിക്കാതെ മറിയത്തിന്റെ അനുഗ്രഹമഴ നമ്മുടെ കുടുംബങ്ങളില്‍ പെയ്യിക്കാം.

ജപമാല പ്രാര്‍ത്ഥനയുടെ ആവിര്‍ഭാവം
ജപമണികളുടെ സായാഹ്നങ്ങള്‍ -01  ​

സഭയില്‍ ഉടലെടുത്ത ആല്‍ബിജന്‍സിയന്‍ പാഷണ്ഡ​തയ്ക്കെതിരെയുള്ള ആയുധമായിരുന്നു ജപമാല പ്രാര്‍ത്ഥന. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഫ്രാന്‍‌സില്‍ രൂപംകൊണ്ട ആല്‍ബിജന്‍സിയന്‍ പാഷണ്ഡ​തയുടെ സൂത്രധാരകര്‍ മനിക്കേയരുടെ പിന്‍ഗാമികളായിരുന്നു. തിരുസ്സഭയെ ലോകത്തുനിന്നും തുടച്ചുമാറ്റുമെന്ന പ്രതിജ്ഞയോടെ തിരുസ്സഭക്കെതിരെയായിരുന്നു ഇവരുടെ പ്രവര്‍ത്തനങ്ങള്‍. ഏറെപ്പേര്‍ സഭ വിട്ടുപോയി. ഈ പ്രതി​സന്ധിയില്‍ നിന്ന് സഭയെ രക്ഷിക്കാന്‍ കൂട്ടായ പരിശ്രമങ്ങള്‍ സഭാധികാരികള്‍ നടത്തി. പക്ഷെ ഫലം കാണായ്കയാല്‍ ആത്മാക്കളുടെ രക്ഷയില്‍ അതീവ തിക്ഷ്ണമതിയായിരുന്ന ഫാ. ഡൊമിനിക്കിനെ സ്പെയിനില്‍ നിന്നും ഫ്രാന്‍സിലേക്ക് വരുത്തി. നോട്ടര്‍ഡാം ദേവാലയത്തില്‍ മൂന്നുദിവസം പ്രാര്‍ത്ഥനാനിരതനായിരുന്ന ഫാ. ഡൊമിനിക്കിന് പരിശുദ്ധ മറിയം പ്രത്യക്ഷപ്പെട്ടുകൊണ്ട് പറഞ്ഞു: “ആല്‍ബിജന്‍സിയന്‍ പാഷണ്ഡ​തയ്ക്കെതിരെയുള്ള യുദ്ധജയത്തിനായി പരിശുദ്ധ ത്രിത്വത്തിന്റെ അടിസ്ഥാന ശിലയായ മാലാഖയുടെ കീര്‍ത്തനം ചൊല്ലുക.” മാലാഖയുടെ കീര്‍ത്തന​മാണ് ‘നന്മനിറഞ്ഞ മറിയമേ സ്വസ്തി, കര്‍ത്താവ്‌ നിന്നോടുകൂടെ’ എന്നത്. ഈ കീര്‍ത്തനമുപയോഗിച്ച്  നിരന്തരം പ്രാര്‍ഥിച്ചതിന്റെ ഫലമായി ആല്‍ബിജന്‍സിയന്‍ പാഷണ്ഡത തുടച്ചു മാറ്റപ്പെട്ടു. അങ്ങനെ വിശുദ്ധ ഡൊമിനിക്കിലൂടെയാണ് 1214-ല്‍ തിരുസ്സഭയ്ക്ക് ജപമാല പ്രാര്‍ത്ഥന ലഭ്യമായത്.

ജപമാല ​പ്രാര്‍ത്ഥനയുടെ ആദിരൂപത്തില്‍ നിന്നും നിരവധി വ്യതിയാനങ്ങള്‍ക്ക് വിധേയമായാണ് ഇന്നത്തെ ജപമാല രൂപം പ്രാപിച്ചിട്ടുള്ളത്. ‘മാതാവിന്റെ സങ്കീർത്തന​ങ്ങള്‍’ എന്ന പേരില്‍ 1483-ല്‍ ഒരു പുസ്തകം ഡൊമിനിക്കന്‍ സന്യാസി പ്രസിദ്ധീകരിക്കുകയുണ്ടായി. ഇതില്‍ 15 രക്ഷാകര രഹസ്യങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇവയില്‍ രണ്ടെണ്ണമൊഴികെ  ബാക്കിയെല്ലാം ഇന്നത്തെ ജപമാല രഹസ്യങ്ങളിലും ഉള്‍പ്പെട്ടിട്ടുണ്ട്. 1569-ല്‍ പീയൂസ് അഞ്ചാമന്‍ പാപ്പയാണ് ജപമാല രഹസ്യങ്ങളെ ഔദ്യോഗികമായി അംഗീകരിച്ചത്. ഇതോടൊപ്പം ‘നന്മനിറഞ്ഞ മറിയമേ’ എന്ന വചനതിനുശേഷം ‘പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ…’ എന്ന പ്രാര്‍ത്ഥനയും  ‘പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി’ എന്ന സമാപന വാക്യവും കൂട്ടിച്ചേര്‍ത്ത് ജപമാല പൂര്‍ണ്ണമാക്കി.

1​571-ല്‍ ഒക്ടോബറില്‍ ലൊപ്പാന്റോ ​കടലിടുക്കില്‍ നടന്ന യുദ്ധത്തില്‍ ഓസ്ട്രിയയിലെ ഡോം ജുവാന്‍ തുര്‍ക്കികളുടെ നാവിക പടയുമായി ഏറ്റുമുട്ടിയപ്പോള്‍ വിശുദ്ധ പീയൂസ് അഞ്ചാമന്‍ പാപ്പായും ജനങ്ങളും ജപമാല ചൊല്ലിക്കൊണ്ടിരുന്നു. ഒടുവില്‍ ക്രിസ്ത്യന്‍ സൈന്യം തുര്‍ക്കികളെ പരാജയപ്പെടുത്തുകയും ആയിരക്കണക്കിന് ക്രിസ്ത്യാനികളെ മോചിപ്പിക്കുകയും ചെയ്തു. ഈ വിജയത്തിന്റെ വാര്‍ഷികം വിജയമാതാവിന്റെ തിരുനാളായി കൊണ്ടാടണമെന്ന് നിശ്ചയിച്ചു. 1583-ലെ വിയന്നാ യുദ്ധത്തിലും ജപമാല പ്രാര്‍ത്ഥന വഴിയാണ് വിജയമുണ്ടായത്. ‘Fighting Prayer’ എന്നു വിളിക്കപ്പെടുന്ന ജപമാലയുടെ ഈ ഫലദായകത്വം മനസ്സിലാക്കി പതിമൂന്നാം ഗ്രിഗോറിയോസ് പാപ്പ പതിനാറാം നൂറ്റാണ്ടിന്റെ അവസാനം ജപമാലയ്ക്കായി ഒരു തിരുനാള്‍ അംഗീകരിച്ച് ജപമാല ഭക്തിക്ക് ഔപചാരിക പ്രചാരം നല്‍കി. അന്നുതൊട്ടു ഇന്നോളം സഭാതനയര്‍ ഒന്നടങ്കം ജപമാലയെ പരിപാവന ഭക്തിയോടെ സമീപിക്കുകയും വര്‍ഷംതോറും ഒക്ടോബര്‍ ഏഴാം തിയതി ജപമാലരാജ്ഞിയുടെ തിരുനാളായി കൊണ്ടാടുകയും ഒക്ടോബര്‍ മാസം മുഴുവന്‍ ജപമാല ഭക്തിയുടെ മാസമായി മാറ്റി വയ്ക്കപ്പെടുകയും ചെയ്തു. 1716-ല്‍ ഹങ്കറിയിലെ എവുജിന്‍ രാജകുമാരന്‍ ഒരിക്കല്‍ കൂടെ തുര്‍ക്കികളെ പരാജയപ്പെടുത്തിയപ്പോള്‍ ജപമാലത്തിരുനാള്‍ സാര്‍വ്വത്രിക സഭയില്‍ കൊണ്ടാടാന്‍ നിശ്ചയിച്ചു.

ജപമാലഭക്തി അലിഞ്ഞു ചേര്‍ന്നിട്ടുള്ള ആധ്യാത്മിക- സാമുഹിക സംസ്കാരമാണ് കേരള കത്തോലിക്കാ സഭയുടേത്. മലനാടിന്റെ കത്തോലിക്കാ മക്കളുടെ മനസ്സിലും മാംസത്തിലും മജ്ജയിലും മസ്തിഷ്കത്തിലുമൊക്കെയുള്ള ക്രൈസ്തവ ഊര്‍ജ്ജം ജപമാലയുടെ നിരന്തര നിഗൂഡസ്പര്‍ശത്താല്‍ ഊഷ്മളമാണ്. അതുകൊണ്ടാണ് സന്ധ്യാ പ്രാര്‍ത്ഥനകളുടെ ‘മുടക്കി’കളായി ടെലിവിഷന്‍ പരമ്പരകള്‍ കടന്നു വന്നിട്ടും ജപമാല സമര്‍പ്പണം ഇവിടെ കാലഹരണപ്പെടാത്ത പ്രാര്‍ത്ഥനയായും ആവര്‍ത്തനവിരസതയില്ലാത്ത ഭക്തമുറയായും ഇന്നും അവശേഷിക്കുന്നത്. ഇത് ഒക്ടോബറില്‍ പൂക്കുന്ന ജപമാല പുണ്യം തന്നെയാണ്.

മാനവ ജീവിതത്തിന്റെ കെട്ടിലും മട്ടിലും രൂപത്തിലും അനുദിനം വേഷപ്പകര്‍ച്ചകള്‍ വരുത്തിക്കൊണ്ടിരിക്കുകയും കംപ്യുട്ടര്‍-ഇന്റര്‍നെറ്റ്‌ ശ്രേണികളുടെയും നവ മാധ്യമങ്ങളുടെയും ഹൃദയം വരെ മാറ്റി​​വയ്ക്കുന്നത് സര്‍വ്വസാധാരണമായിത്തീരുകയും ജീനുകളുപയോഗിച്ചുള്ള സൃഷ്ടികര്‍മ്മങ്ങളും നൂതന ആണവകരാറുകളുമൊക്കെ സജീവമാകുമ്പോഴും ജപമാല ഭക്തിക്ക് കാലഹരണം സംഭവിക്കുന്നില്ല. പഴയവ പലതും വിസ്മൃതമാക്കപ്പെടുമ്പോഴും കാലാകാലങ്ങളായി തുടരുന്ന ജപമാല ഭക്താഭ്യാസ മുറയ്ക്ക് ഇന്നും ഗ്ലാനി സംഭവിക്കാതെ തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതൊരു വിസ്മയനീയ കാഴ്ച തന്നെയാണ്. ചന്ദ്രയുഗത്തിലും ശുക്രയുഗത്തിലും എന്നല്ല, എല്ലാ യുഗങ്ങളിലും സുഗന്ധഹാരിയായ ഒരു ഹാരമാണ് ജപമാലയെന്ന്‍ വ്യക്തമാക്കുകയാണ്.

ജപമാല ​ ക്രൈസ്തവ സഭയ്ക്ക് നവീനാനുഗ്രഹങ്ങള്‍ നിരവധി നേടിത്തന്നിട്ടുണ്ടെന്ന് ഊര്‍ബന്‍ നാലാമന്‍ പാപ്പ വെളിപ്പെടുത്തുമ്പോള്‍ ഭീകര വിപത്തുകളെ വിപാടനം ചെയ്യുന്ന ആയുധമാണ് ജപമാലയെന്നു സിക്സ്റ്റസ് നാലാമന്‍ പാപ്പായും പ്രഖ്യാപിച്ചിരിക്കുന്നു.

നാളെ: ജപമാല മാസാചരണത്തിന്റെ ഉപജ്ഞാതാവ്​

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.