സമാധാനത്തിനുള്ള നോബല്‍ സമ്മാനം രണ്ടു പേര്‍ക്ക്

2018 -ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാക്കളെ പ്രഖ്യാപിച്ചു. ആഫ്രിക്കന്‍ നാടായ കോംഗൊ സ്വദേശിയായ സ്ത്രീരോഗവിദഗ്ധന്‍ ഡെന്നീസ് മുക്ക്വെജെയും ഇറാക്കിലെ യസ്ദി കുര്‍ദിഷ് മനുഷ്യാവകാശ പ്രവര്‍ത്തക നാദിയ മുറാദുമാണ് പുരസ്‌ക്കാര ജേതാക്കാള്‍. നോര്‍വെയുടെ തലസ്ഥാനമായ ഓസ്ലോയില്‍ വെള്ളിയാഴ്ച രാവിലെയാണ് നൊബേല്‍പുരസ്‌ക്കാര സമിതി ജേതാക്കളെ പ്രഖ്യാപിച്ചത്.

യുദ്ധക്കുറ്റകൃത്യങ്ങളിലേക്ക് ലോക ശ്രദ്ധയെ തിരിക്കുന്നതിനു കാതലായ സംഭാവനകള്‍ നല്‍കിയവരാണ് സമ്മാനജേതാക്കളായ ഡെന്നീസ് മുക്ക്വെജയും നാദിയ മുറാദും എന്ന് പുരസ്‌ക്കാര സമിതി ചൂണ്ടിക്കാട്ടി. സംഘര്‍ഷങ്ങളുടെയും യുദ്ധങ്ങളുടെയും അവസരങ്ങളില്‍ നടന്നിട്ടുള്ള ലൈംഗിക അതിക്രമങ്ങളിലേക്ക് അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധതിരിക്കാനും പലപ്പോഴും കുറ്റവാളികളെ തിരിച്ചറിയാനും ഇരുവരുടെയും പ്രവര്‍ത്തനങ്ങള്‍ സഹായകമായിട്ടുണ്ടെന്നും നൊബേല്‍ പുരസ്‌ക്കാര കമ്മിറ്റി വിശദീകരിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ സ്വാച്ഛാധിപതി കിം ജോംഗ് ഉനും ഉള്‍പ്പെടെ 331 വ്യക്തികള്‍ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്യപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.