“പ്രാര്‍ത്ഥന മാത്രമാണ് ഞങ്ങളുടെ ആയുധം” – തട്ടിക്കൊണ്ടു പോകപ്പെട്ട വൈദികനായി വേദനയോടെ നൈജീരിയൻ ബിഷപ്പ്

നൈജീരിയയിലെ സോക്കോടോ രൂപതയില്‍ നിന്നും ആറു ദിവസങ്ങള്‍ക്കു മുമ്പ് അഞ്ജാതര്‍ തട്ടിക്കൊണ്ടു പോയ വൈദികന്റെ മോചനത്തിനായി പ്രാര്‍ത്ഥനയെ മുറുകെപ്പിടിച്ച് നൈജീരിയയിലെ മെത്രാന്മാര്‍. 75 വയസ്സുള്ള ഫാ. ജോസഫ് കെകെ എന്ന വൈദികനെയാണ് ദിവസങ്ങള്‍ക്കു മുമ്പ് അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയത്. ഈ വൈദികന്റെ മോചനത്തിനായി പ്രാര്‍ത്ഥന മാത്രമാണ് തങ്ങളുടെ ആയുധമെന്ന് വെളിപ്പെടുത്തി ബിഷപ്പ് മാത്യു ഹസ്സന്‍ കുക്കാ.

“ഞങ്ങളുടെ പ്രതിനിധി അവരുമായി ചർച്ച നടത്തുന്നുണ്ട്. പക്ഷേ, അവർ സംസാരിക്കുന്ന മനുഷ്യത്വരഹിതമായ രീതികളും ഭീഷണികളും വളരെ വേദനാജനകമാണ്. അക്രമികള്‍ 2,40,000 യു.എസ് ഡോളര്‍ മോചനദ്രവ്യമായി ആവശ്യപ്പെട്ടുവെങ്കിലും പിന്നീടത് 1,20,000 ആയി കുറച്ചു. സുരക്ഷാ ഏജന്‍സികള്‍ പറയുന്നതുപോലെ, തട്ടിക്കൊണ്ടു പോയവർ വെറും കുറ്റവാളികളാണ്. ഇവരുടെ ലക്ഷ്യം പണം മാത്രമാണ്” – പൊന്തിഫിക്കല്‍ സന്നദ്ധസംഘടനയായ ‘എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്‌’ (എ.സി.എന്‍) നോട് ബിഷപ്പ് വെളിപ്പെടുത്തി.

കട്സിന സംസ്ഥാനത്തില്‍ സെന്റ്‌ വിന്‍സെന്റ് ഫെറെര്‍ കത്തോലിക്കാ ദേവാലയം ആക്രമിച്ച ആയുധധാരികള്‍ മുപ്പത്തിമൂന്ന് വയസ് മാത്രം പ്രായമുണ്ടായിരിന്ന ഫാ. അല്‍ഫോണ്‍സോ ബെല്ലോയെ കൊലപ്പെടുത്തുകയും ഫാ. ജോസഫ് കെകെയെ തട്ടിക്കൊണ്ടു പോവുകയുമായിരുന്നു. കിരാതസംഘങ്ങള്‍ വിളയാടുന്ന നൈജീരിയയില്‍ അക്ഷരാര്‍ത്ഥത്തില്‍, തങ്ങള്‍ വാളിനു കീഴെയാണ് കഴിയുന്നതെന്നും ബിഷപ്പ് പറഞ്ഞു.

കത്തോലിക്കാ വൈദികരെയും വിശ്വാസികളെയും തട്ടിക്കൊണ്ടു പോകുന്നത് നൈജീരിയയില്‍ പതിവുസംഭവമായി മാറിയിരിക്കുകയാണ്. വടക്കന്‍ നൈജീരിയയിലെ കടൂണ അതിരൂപതയില്‍ 8 പേരെ കൊലപ്പെടുത്തിയ ശേഷം ഒരു കത്തോലിക്കാ വൈദികന്‍ ഉള്‍പ്പെടെ 10 പേരെ തട്ടിക്കൊണ്ടു പോയത് ഇക്കഴിഞ്ഞ മെയ് 17-നാണ്. രാജ്യത്തെ സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് കത്തോലിക്ക മെത്രാന്മാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ടെങ്കിലും നൈജീരിയന്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിഷ്ക്രിയരാകുന്നത് അക്രമസംഭവങ്ങള്‍ വർദ്ധിക്കുന്നതിന് ഇടയാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.