കുട്ടികളും കാലാവസ്ഥയുമായി ബന്ധപ്പെട്ട അപകടസൂചിക യൂണിസെഫ് പുറത്തിറക്കി

മധ്യപൂർവ്വദേശങ്ങൾ, വടക്കേ ആഫ്രിക്ക എന്നീ പ്രദേശങ്ങളിലെ ലക്ഷക്കണക്കിന് കുട്ടികൾ കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട അപകടങ്ങൾ നേരിടേണ്ടിവരുമെന്ന് യൂണിസെഫ് വ്യക്തമാക്കി. ഇത് സംബന്ധിച്ച കാലാവസ്ഥാ അപകടസൂചിക യൂണിസെഫ് പുറത്തിറക്കി. കണക്കുകൾ പ്രകാരം ഈജിപ്തിലാണ് കുട്ടികൾ കാലാവസ്ഥയുമായി ബന്ധപ്പെട്ട കൂടുതൽ അപകടങ്ങൾ നേരിടുന്നത്.

ഈജിപ്തിൽ മാത്രം ഏതാണ്ട് അൻപത്തിമൂന്ന് ലക്ഷത്തോളം കുട്ടികൾ ഉഷ്‌ണതരംഗങ്ങൾ മൂലം ബുദ്ധിമുട്ടനുഭവിക്കേണ്ടി വരുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 2050- ഓടെ ഈജിപ്ത്, ജിബുത്തി, യമൻ, സുഡാൻ എന്നിവിടങ്ങളിലായി ഏതാണ്ട് ഒരു കോടിയിലധികം ശിശുക്കളും, അൻപത്തിനാല് ലക്ഷത്തോളം മുതിർന്ന കുട്ടികൾക്കും കാലാവസ്ഥാവ്യതിയാനങ്ങളുമായി ബന്ധപ്പെട്ട ദുരിതഫലങ്ങൾ നേരിടേണ്ടിവരുമെന്നും യൂണിസെഫ് വ്യക്തമാക്കി.

ഐക്യരാഷ്ട്രസഭയുടെ നവംബറിൽ ഈജിപ്തിൽ നടക്കാനിരിക്കുന്ന കോൺഫറൻസിനു മുന്നോടിയായി തയ്യാറാക്കിയ ഈ സൂചികയിൽ, ഈജിപ്തിലെ കുടുംബങ്ങൾ, പ്രത്യേകിച്ച് കുട്ടികൾ നേരിടേണ്ടിവരുന്ന കാലാവസ്ഥയുമായി ബന്ധപ്പെട്ട കണക്കുകൾക്ക് കൂടുതൽ പ്രാധാന്യം നൽകിയിട്ടുണ്ട്. സമീപരാജ്യങ്ങളേക്കാൾ കൂടുതൽ ചൂടനുഭവിക്കുന്ന പ്രദേശമാണിത്. കഴിഞ്ഞ മുപ്പതു വർഷങ്ങളിൽ ഓരോ പത്തു വർഷങ്ങളിലും അര ഡിഗ്രി സെൽഷ്യസിന്റെ ചൂടാണ് ഈജിപ്തിൽ വർദ്ധിച്ചുവരുന്നത്.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.