മകന്റെ മെത്രാഭിഷേക ചടങ്ങിൽ ഡീക്കനായ അച്ഛൻ; ന്യൂസിലാൻഡിൽ ഇത് ചരിത്ര സംഭവം

മകന്റെ മെത്രാഭിഷേക ചടങ്ങുകൾക്ക് പങ്കെടുത്ത് ഡീക്കനായ അച്ഛൻ. ന്യൂസിലാന്റിലെ ഓക്ക്‌ലാൻഡിലെ സഹായ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ട ബിഷപ്പ് മൈക്കൽ ഗീലന്റെ മെത്രാഭിഷേക ചടങ്ങുകൾക്കാണ് പിതാവും ഡീക്കനുമായ ഹെങ്ക് ഗീലൻ പങ്കെടുത്തത്. മാർച്ച് ഏഴിനായിരുന്നു സംഭവം.

ഓക്ക്‌ലാൻഡിലെ സെന്റ് പാട്രിക് കത്തീഡ്രലിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരുന്ന മെത്രാഭിഷേക ചടങ്ങുകൾ സ്ഥല പരിമിതി മൂലം വോഡഫോൺ ഇവന്റ്സ് സെന്ററിൽ നടത്തുകയായിരുന്നു. ഓക്ക്‌ലാൻഡിലെ സഹായ മെത്രാനായി 48 കാരനായ മകൻ അഭിഷേകം ചെയ്യപ്പെടുമ്പോൾ പിതാവ് നിറകണ്ണുകളോടെ പ്രാർത്ഥനയിലായിരുന്നു. തന്റെ മക്കൾ ഈ നിലയിലേയ്ക്ക് എത്തുമെന്ന് പിതാവ് ഒരിക്കലും കരുതിയിരുന്നില്ല. എങ്കിലും അദ്ദേഹം ഞങ്ങൾക്ക് ഏറ്റവും മികച്ച പരിശീലനം നൽകി. ഞങ്ങൾ അതിൽ വളരുകയും ചെയ്തു എന്ന് നിയുക്‌ത സഹായ മെത്രാൻ പറഞ്ഞു.

പാപ്പമോവ തീരത്ത് നിന്നുള്ള ഡീക്കൺ തന്റെ മക്കളെ കുറിച്ച് അഭിമാനിക്കുകയും എല്ലാറ്റിനും ഉപരിയായി ദൈവത്തിനു നന്ദി പറയുകയും ചെയ്യുന്നു. കാരണം സഭയുടെ ശുശ്രൂഷയ്ക്കായ് ദൈവമാണ് മകനെ ഉയർത്തിയത് എന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. ഹെങ്ക് ഗീലന്റെ ആറ് മക്കളിൽ മൂത്തയാൾ ആണ് ബിഷപ്പ് മൈക്കൽ ഗീലൻ.

ന്യൂസിലാൻഡിലെ സഭയുടെ ചരിത്രത്തിൽ തന്നെ ആദ്യമായ് നടക്കുന്ന ഈ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ മൂവായിരത്തിൽ അധികം വിശ്വാസികൾ എത്തിയിരുന്നു.