ഞായറാഴ്ച പ്രസംഗം – പുതുവര്‍ഷ പ്രസംഗം

പിറവി രണ്ടാം ഞായര്‍/ ലൂക്കാ 2:21-35
റോമന്‍ വര്‍ഷം ആരംഭിച്ചപ്പോള്‍ ആദ്യമാസത്തിനു ജാനൂസ് എന്ന ദേവന്റെ പേരു നല്‍കി. അങ്ങനെ ജനുവരി ഉണ്ടായി. ആ പേര് നല്‍കാന്‍ കാരണം ഒരു പുതുവര്‍ഷം തുറക്കപ്പെടുന്നു എന്നുള്ളതുകൊണ്ടാണ്.

ജാനൂസിന് രണ്ട് മുഖങ്ങള്‍ ഉള്ളതായി  റോമാക്കാര്‍ സങ്കല്‍പ്പച്ചിരുന്നു. ഒന്ന് മുന്നിലേക്കും മറ്റതു പിന്നിലേക്കും തിരിഞ്ഞിരിക്കുന്നു. ഒരു അര്‍ത്ഥപൂര്‍ണ്ണമായ സങ്കല്‍പ്പമാണ്. കഴിഞ്ഞുപോയ വര്‍ഷത്തെ ശരിയായി അവലോകനം ചെയ്യാനും നവവല്‍സരത്തെ തികഞ്ഞ ആത്മവിശ്വാസത്തോടെ സമീപിക്കാനും കഴിയട്ടെയെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ഏവര്‍ക്കും പുതുവത്സരത്തിന്റെ ആശംസകള്‍ സ്‌നേഹപൂര്‍വ്വം നേരുന്നു.

പിറവിക്കാലത്തിന്റെ രണ്ടാം ഞായറാഴ്ച നാം വിചിന്തനവിഷയമാക്കുക വി. മത്തായിയുടെ സുവിശേഷം ഒന്നാം അധ്യായം 18മുതല്‍ 25 വരെയുള്ള വാക്യങ്ങളാണ്. 18-ാം വാക്യത്തില്‍ നാം ഇപ്രകാരം വായിക്കുന്നു. ”അവന്റെ മാതാവായ  മറിയവും ജോസഫും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയും അവര്‍ സഹവസിക്കുന്നതിനു മുമ്പ് അവള്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി കാണപ്പെട്ടു.” മറിയത്തിന്റെ ഗര്‍ഭധാരണം ദൈവത്തിന്റെ പ്രത്യേക ഇടപെടലിലൂടെ സംഭവിച്ചതാണെന്ന് വ്യക്തമാക്കുകയാണ് സുവിശേഷകന്‍. ”അബ്രാഹത്തിന്റെ പുത്രനായ ദാവീദിന്റെ പുത്രന്‍ ക്രിസ്തുവിന്റെ വംശാവലി ഗ്രന്ഥം” (മത്താ1:1) എന്ന് പറഞ്ഞ് സുവിശേഷഗ്രന്ഥം ആരിഭിക്കുന്ന മത്തായി ആവര്‍ത്തിച്ച് ഉപയോഗിക്കുന്ന ഒരു ഫോര്‍മുലയുമാണ്, ”അബ്രാഹം ഇസാഹാക്കിന്റെപിതാവായിരുന്നു. ഇസഹാക്ക് യാക്കോബിന്റെ പിതാവായിരുന്നു. ”യാക്കോബ് ജോസഫിന്റെ പിതാവായിരുന്നു.” എന്നതിനുശേഷം ”ജോസഫ്  മറിയത്തിന്റെ ഭര്‍ത്താവായിരുന്നു” എന്ന് എഴുതിയിരിക്കുന്നു.

മത്തായി ശ്ലീഹാ. അവസാനം ഇപ്രകാരം ഒരു ക്രമഭംഗം വരുത്തിയത് യൗസേപ്പിതാവ് യേശുവിന്റെ ശാരീരിക പിതാവല്ല മറിച്ച്, യൗസേപ്പിതാവ് ഈശോയെ നിയമത്തിന് മുമ്പില്‍ ദത്തെടുക്കുന്നതു വഴിയാണ് ഈശോയുടെ പിതാവാകുന്നത് എന്ന് കാണിക്കാന്‍ വേണ്ടിയാണ്. ഇതിലൂടെ നാം തിരിച്ചറിയുക ഈശോയുടെ ജനനത്തിന്റെ അതിസാധാരണത്വമാണ്. മനുഷ്യന്റെ ഇച്ഛയില്‍ നിന്നല്ല, മറിച്ച് ദൈവശക്തിയുടെ ഫലമായാണ് ഈശോ ജനിക്കുക.

ഈശോയുടെ ജനനം ദൈവീക ശക്തിയുടെ ഫലമായതുകൊണ്ട് യേശുവിനെ അനുഗമിക്കുന്നവരും യേശുവിനുവേണ്ടി  പ്രവര്‍ത്തിക്കുന്നവരും ദൈവീകശക്തിയുടെ പ്രതിഫലനം ഉള്‍ക്കൊള്ളുന്നവരാകണമെന്ന് വചനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഇന്ന് വി. കുര്‍ബാനയിലൂടെയാണ് നമ്മിലേക്ക് ദൈവികശക്തി പ്രവഹിക്കുന്നത്. വി. അപ്രേം പറുന്നു: ”മംഗളവാര്‍ത്താ വേളയില്‍ കന്യാമറിയത്തില്‍ സംഭവിച്ചതും. വി. കുര്‍ബാനയുടെ അവസരത്തില്‍ ഓരോ ബലിപീഠത്തില്‍ സംഭവിക്കുന്നതും സമാനമായ കാര്യങ്ങളാണ്.” പരിശുദ്ധാത്മാവ് വന്ന് ആവസിച്ചപ്പോള്‍ ദിവ്യശിശു ജന്മമെടുത്തു. അതുപോലെ, ഓരോ വി. കുര്‍ബാനയിലും പരിശുദ്ധാത്മാവ് ബലിപീഠത്തിലെ അപ്പത്തിന്റെയും വീഞ്ഞിന്റെയുമേല്‍ ആവസിക്കുമ്പോള്‍ അവ ഈശോയുടെ ശരീരവും രക്തവുമായി മാറുന്നു. പരി. അമ്മയുടെ ഉദരത്തില്‍ സംഭവിച്ച മനുഷ്യാവതരാത്തിന്റെ തുടര്‍ച്ചയിലുള്ള സജീവപങ്കാളിത്തം നമ്മെ ദൈവീകശക്തിയാല്‍ നിറയപ്പെട്ട വ്യക്തികളാക്കി  തീര്‍ക്കും.

സുവിശേഷത്തില്‍ ഒന്നും സംസാരിക്കാത്ത യൗസേപ്പിതാവിനെക്കുറിച്ച് സുവിശേഷം പറയുന്നത് യൗസേപ്പ് നീതിമാനായിരുന്നുവെന്നാണ്. പുതിയനിയമത്തില്‍ നീതി ആദ്യം നടപ്പിലാക്കിയ വ്യക്തി യൗസേപ്പിതാവാണ്. യഹൂദ കാഴ്ചപ്പാടില്‍ നീതിമന്‍ എന്ന് പറയുന്നത് മോശയുടെ നിയമം അണുവിട തെറ്റികാതെ അനുസരിക്കുന്നവനാണ്. മറിയത്തിന്റെ അതിസ്വഭാവിക ഗര്‍ഭധാരണം യൗസേപ്പിനെ ആത്മസംഘര്‍ഷത്തിലാഴ്ത്തിയെങ്കിലും ഫരിസേയരുടെയും നിയമജ്ഞരുടെയും നിയമത്തിലധിഷ്ഠിതമായി നീതിയെ അതിലംഘക്കുന്ന നീതി. അതായത് സ്‌നേഹത്തിന്റെ നിയമം യൗസേപ്പ് നടപ്പിലാക്കി. വിവാഹ വാഗ്ദാനത്തിനുശേഷം ഭര്‍ത്താവറിയാതെ ഗര്‍ഭിണിയാകുന്ന ഭാര്യയ്ക്ക് കല്‍പ്പിക്കപ്പെട്ടിരിക്കുന്ന ശിക്ഷാവിധിയെക്കുറിച്ച് നിയമാവര്‍ത്തനപുസ്തകം 22-ാം അധ്യായം 21-ാം വാക്യത്തില്‍ നാം ഇപ്രകാരം കാണുന്നുണ്ട്, ”അവര്‍ ആ യുവതിയെ അവളുടെ പിതൃഭവനത്തിന്റെ വാതില്‍ക്കല്‍ കൊണ്ടുപോകുകയും അവളുടെ നഗരത്തിലെ പുരുഷന്മാര്‍ അവളെ കല്ലെറിഞ്ഞ് കൊല്ലുകയും ചെയ്യണം.” യൗസേപ്പ് നിയമത്തിലധിഷ്ഠിതമായ നീതി  മാത്രം നടപ്പാക്കുന്ന വ്യക്തിയായിരുന്നെങ്കില്‍ മറിയത്തെ വേണമെങ്കില്‍ മരണത്തിന് വിട്ടുകൊടുക്കാമായിരുന്നു. എന്നാല്‍ ദൈവത്തിന്റെ കാരുണ ഹൃദയം സ്വന്തമാക്കിയ യൗസേപ്പ് ദൈവിക വെളിപാടുകളെ അനുധാവനം ചെയ്തുകൊണ്ട് മറിയത്തോട് കാരുണ്യത്തോടും അനുകമ്പയോടും പെരുമാറി. അവളെ സമൂഹത്തിന്റെ മുമ്പില്‍ അപഹാസ്യപ്പെടുത്താന്‍ ശ്രമിച്ചില്ലായെന്നത് യൗസേപ്പ് നടപ്പിലാക്കിയ നീതിയുടെ ശ്രേഷ്ഠത.

വി. ലൂക്കായുടെ സുവിശേഷത്തില്‍ മറിയമാണ് ദൈവിക വെളിപാട് സ്വീകരിക്കുന്നതെങ്കില്‍, മത്തായിയുടെ സുവിശേഷത്തില്‍ ദൈവിക വെളിപാടുകളുടെ സ്വീകര്‍ത്താവ് ജോസഫാണ്. 20-ാം വാക്യത്തില്‍ എല്ലാം ഓര്‍ത്ത് വ്യസനിച്ചിരിക്കുന്ന ജോസഫിനോട് മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ നീ ശങ്കിക്കേണ്ടെന്ന് കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍ വന്നു പറുന്നു. യൗസേപ്പിതാവിന് എല്ലാം സ്വപ്നത്തില്‍ നല്‍കപ്പെടുന്നു.  ദൈവത്തിന്റെ രക്ഷാകര പദ്ധതിയില്‍ യൗസേപ്പിന് വലിയൊരു സ്ഥാനമുണ്ട്. 24-ാം വാക്യത്തില്‍ നാം ഇപ്രകാരം വായിക്കുന്നു, ”ജോസഫ് നിദ്രയില്‍ നിന്ന് ഉണര്‍ന്ന്, കര്‍ത്താവിന്റെ ദൂതന്‍ കല്‍പ്പിച്ചതുപോലെ പ്രവര്‍ത്തിച്ചു. വി. ലൂക്കായുടെ സുവിശേഷം 3-ാം അധ്യായം 35-ാം വാക്യത്തില്‍ നാം കാണുന്നുണ്ട്.” ദൈവത്തിന്റെ ഹിതം നിര്‍വഹിക്കുന്നവനാരോ അവനാണ് എന്റെ സഹോദരനും, സഹോദരിയും അമ്മയുമെന്ന് ഈശോ പറഞ്ഞ യുഗാന്ത കുടുംബത്തില്‍പ്പെട്ടയാളാണ് യൗസേപ്പ്. കാരണം, യൗസേപ്പ് ദൈവത്തിന്റെ ഹിതം സ്വന്തം ജീവിതത്തില്‍ നിറവേറ്റി. തനിക്ക് സ്വപ്നത്തിലൂടെ വെളിവാക്കപ്പെട്ട ദൈവഹിതം സ്വന്തം ജീവിതത്തില്‍ നിറവേറ്റിക്കൊണ്ട് ഈശോയുടെ പിതാവായിത്തീര്‍ന്ന യൗസേപ്പിനെപ്പോലെ നമുക്കും ദൈവഹിതം ദൈവത്തോട് ആരായാനും അത് നിറവേറ്റിക്കൊണ്ട് ഈശോയുടെ ഏറ്റവും അടുത്ത വ്യക്തിയുമായിത്തീരാന്‍ പരിശ്രമിക്കാം; അതിന് ദൈവഹിതത്തിന് നമുക്ക് കാതോര്‍ക്കാം.

ഏശയ്യാ പ്രവാചകന്റെ പുസ്തകം 7-ാം അധ്യായം 14-ാം വാക്യത്തില്‍ നാം വായിക്കുന്നു, ”യുവതി ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും, അവന്‍ ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും.” പ്രവചനത്തിന്റെ പൂര്‍ത്തീകരണമാണ് ഈശോയുടെ ജനനത്തില്‍ നാം കാണുക. നമ്മോടൊത്ത് വസിക്കാന്‍ ദൈവം മനുഷ്യാവതാരം ചെയ്തു. പഴയനിയമത്തില്‍ ദൈവം അഗ്നിസ്തഭമായും മേഘത്തൂണായും തന്റെ സാന്നിധ്യം അറിയിച്ചു. ഇടിമുഴക്കത്തിലും ഭൂകമ്പത്തിലും കൊടുംങ്കാറ്റിലും ദൈവം സംസാരിച്ചു. എന്നാല്‍ യേശുവില്‍ ദൈവം നമ്മില്‍ ഒരുവനായി, മനുഷ്യനായി ഭൂമിയില്‍ അവതരിച്ചു. അതും അപ്പത്തിന്റെ ഭവനം എന്നര്‍ത്ഥമുള്ള ബത്‌ലഹേമില്‍ ഇമ്മാനുവേല്‍ ആയവന്‍ ഇന്നും നമ്മോടൊത്തുണ്ട്. ദിവ്യകാരുണ്യമെന്ന മഹാരഹസ്യത്തില്‍ യുഗാന്തം വരെ എന്നും ഞാന്‍ നിന്നോടുകൂടെയുണ്ടാകും എന്ന ക്രിസ്തുവചനത്തിന്റെ പൂര്‍ത്തീകരണമാണ് നാം കാണുക. ജീവിതത്തില്‍ ഉടനീളം ക്രിസ്തുവിന്റെ കൂടെയായിരിക്കുന്ന സാന്നിധ്യം അനുഭവിക്കുകയെന്നതാണ് വളരെ പ്രധാനപ്പെട്ട കാര്യം.

ഈ പുതുവത്സരത്തില്‍ വചനം നമുക്ക് നല്‍കുന്ന ചിന്തകളെ മനസ്സില്‍ സൂക്ഷിച്ചുകൊണ്ട് ജീവിതത്തെ ചിട്ടപ്പെടുത്താം. പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ് ദൈവികശക്തി ജീവിതത്തില്‍ പ്രതിഫലിപ്പിച്ചുകൊണ്ട് മറ്റുള്ളവരോട് സ്‌നഹത്തില്‍ അടിസ്ഥിതമായ നീതി പ്രവര്‍ത്തിക്കുന്നവരായി മാറാം. ദൈവഹിതം ജീവിതത്തില്‍ നിറവേറ്റുകയെന്നതാണ് നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാനം. അതിന് കൂടെയായിരിക്കുന്ന ദൈവത്തിന്റെ സാന്നിധ്യം തിരിച്ചറിയാനും നമ്മെ സംബന്ധിക്കുന്ന ദൈവത്തിന്റെ ഹിതം ആരാഞ്ഞ് ജീവിതത്തെ ചിട്ടപ്പെടുത്താനും പരിശ്രമിക്കാം. അങ്ങനെ നമ്മുടെ ജീവിതത്തെ ദൈവത്തോട് കൂടുതല്‍ ചേര്‍ത്ത് വച്ചുകൊണ്ട് പുതുവര്‍ഷത്തില്‍ പുതിയരു തുടക്കം കുറിക്കാം. അതിനുള്ള കൃപ ദൈവം നമുക്ക് ഓരോരുത്തര്‍ക്കും നല്‍കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.

ബ്ര. ആന്റോ കൊറ്റാടിക്കുന്നേല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.