ഹൈദരാബാദ് അതിരൂപതയ്ക്ക് പുതിയ ആർച്ചുബിഷപ്പ്

കർണൂലിലെ ബിഷപ്പ് ആന്റണി പൂലയെ ഹൈദരാബാദിലെ ആർച്ചുബിഷപ്പാക്കി ഫ്രാൻസിസ് പാപ്പാ ഉയർത്തി. ഹൈദരാബാദിലെ ആർച്ച് ബിഷപ്പ് തുമ്മ ബാലയുടെ വിരമിക്കലിനെ തുടർന്നാണ് പുതിയ നിയമനം. 2011 മുതൽ ഒൻപതു വർഷത്തോളം ഹൈദരാബാദ് അതിരൂപതയുടെ ആർച്ചുബിഷപ്പായിരുന്നു അദ്ദേഹം. 2019 ഏപ്രിലിൽ ബിഷപ്പുമാരുടെ വിരമിക്കൽ പ്രായം 75 ആക്കിയിരുന്നു.

1961 നവംബർ 15 -ന് ആന്ധ്രാപ്രദേശിലെ ചിന്ധുകൂരിലാണ് ബിഷപ്പ് ആന്റണി പൂല ജനിച്ചത്. കർണൂലിലെ മൈനർ സെമിനാരിയിൽ ചേർന്ന അദ്ദേഹം ബാംഗ്ലൂരിലെ സെന്റ് പീറ്റേഴ്‌സ് പൊന്തിഫിക്കൽ മേജർ സെമിനാരിയിൽ പഠിച്ചു. 1992 ഫെബ്രുവരി 20 -ന് വൈദികനായി. 2008 ഫെബ്രുവരി എട്ടിന്  നാൽപ്പത്തിയാറാമത്തെ വയസിൽ കർണൂലിലെ ബിഷപ്പായി നിയമിതനായി.

യൂത്ത് കമ്മീഷൻ തെലുങ്ക് മേഖല, പട്ടികജാതി / പിന്നോക്ക വിഭാഗ കമ്മീഷൻ, ആന്ധ്രപ്രദേശ് സോഷ്യൽ സർവീസ് സൊസൈറ്റി എന്നിവയുടെ ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. തെലുങ്ക് കാത്തലിക് ബിഷപ്പ്സ് കൗൺസിലിന്റെ സെക്രട്ടറി ജനറലായും ട്രഷററായും സേവനമനുഷ്ഠിച്ചു. 28 വർഷം വൈദികനായും 12 വർഷം ബിഷപ്പായും അദ്ദേഹം സേവനമനുഷ്ഠിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.