പഞ്ചേന്ദ്രിയങ്ങളിലൂടെ മറ്റുള്ളവരുമായി ബന്ധപ്പെടാൻ ദൈവം ആഗ്രഹിക്കുന്നു: മ്യാൻമറിലെ ജനങ്ങളോട് കർദിനാൾ ബോ

മ്യാൻമറിലെ സൈനിക അട്ടിമറിക്കു പിന്നാലെയുണ്ടായ പ്രതിസന്ധികളെ തരണം ചെയ്യാൻ പഞ്ചേന്ദ്രിയങ്ങളിലൂടെ മറ്റുള്ളവരുമായി ബന്ധപ്പെടാൻ ദൈവം ആഗ്രഹിക്കുന്നു വെന്ന് മ്യാൻമറിലെ കർദ്ദിനാൾ ചാൾസ് ബോ. ഞായറാഴ്‌ച വിശുദ്ധ ബലിയർപ്പണ മദ്ധ്യേ യേശു അപ്പം വർധിപ്പിച്ച സംഭവം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

“ഭക്ഷണം, മരുന്ന്, വൈദ്യ സഹായം, ഓക്സിജൻ, നീതിയെ അടിസ്ഥാനമാക്കിയുള്ള സമാധാനം എന്നിവയ്ക്കായി മ്യാൻമറിലെ ജനത കഠിനമായ വിശപ്പ് അനുഭവിക്കുന്നു. എങ്കിലും സമ്പന്നമായ പ്രകൃതി വിഭവങ്ങളാൽ മ്യാന്മറിനെ ദൈവം അനുഗ്രഹിച്ചിട്ടുണ്ട്. ഇത് 55 ദശലക്ഷം ആളുകൾക്ക് ഭക്ഷണം നൽകാനായി മ്യാന്മറിലേക്കുള്ള ദൈവത്തിന്റെ അഞ്ച് അപ്പമാണ്. എങ്കിലും മ്യാന്മറിൽ പട്ടിണി ഉണ്ടാകുമെന്നു യുണൈറ്റഡ് നേഷൻസ് വേൾഡ് പ്രോഗ്രാം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിനാൽ ആശ്വാസം, രോഗശാന്തി, സമാധാനം, നീതി, സമൃദ്ധി എന്നിവയുടെ അഞ്ച് അപ്പം അവിടുന്ന് നൽകണമെന്ന് ഞങ്ങൾ പ്രാര്ത്ഥിക്കുന്നു.” -കർദ്ദിനാൾ ബോ പറഞ്ഞു.

മ്യാന്മറിൽ സൈനിക അട്ടിമറിക്കു ശേഷം കോവിഡ് രോഗബാധ നിരക്ക് കുത്തനെ ഉയർന്നു. സാമ്പത്തിക ഭദ്രതയിലുള്ള വീഴ്ച, ദാരിദ്ര്യം, തൊഴിലില്ലായ്‌മ എന്നിവയെല്ലാം മ്യാൻമറിലെ ജനതയെ ദുരിതത്തിലാഴ്ത്തിക്കൊണ്ടിരിക്കുകയാണ്. മറ്റുള്ളവരുടെ സഹായത്തിനായുള്ള നിലവിളി യേശുവിന്റെ കണ്ണുകളിലൂടെ നോക്കിക്കാണണം. പരസ്പരം സ്നേഹിച്ചും ശുശ്രൂഷിച്ചും ഈ പ്രതിസന്ധിയെ മറികടക്കണം എന്ന് കർദ്ദിനാൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.