എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ

[avatar user=”Sheen” size=”thumbnail” align=”right”]Sheen Palakuzhy[/avatar]

പതിവുപോലെ വൈകിട്ടു മൂന്നരയ്ക്ക് സ്കൂൾ വിട്ടു. സ്കൂൾ ബസുകൾ ആദ്യത്തെ ട്രിപ്പ് പോയിക്കഴിഞ്ഞു. രണ്ടാമത്തെ ട്രിപ്പിനുള്ള കുട്ടികൾ ബസ് കാത്തു നിൽക്കുന്നു. മറ്റു കുട്ടികൾ വരിവരിയായി പുറത്തേക്കു പൊയ്ക്കൊണ്ടിരിക്കുന്നു.

മൂന്നാം ക്ലാസിലെ കുറെ ആൺകുട്ടികൾ ഗ്രൗണ്ടിന്റെ ഒരു മൂലയിൽ കൂടി നിൽക്കുന്നു. അവിടെ രണ്ടു കുട്ടികൾ തമ്മിൽ ഒരു തർക്കം നടക്കുകയാണ്. എന്തിനെ ചൊല്ലിയാണ് ആ തർക്കമെന്ന് ഇപ്പോൾ വ്യക്തമല്ല. തല്ലുകൂടി പരിഹാരം കണ്ടെത്താൻ സാഹചര്യം അനുവദിക്കാത്തതിനാൽ പ്രശ്നം ഉന്നതതല പരിഹാരത്തിന് സമർപ്പിക്കപ്പെട്ടു:

ഹുസൈൻ: (ദേഷ്യവും പരിഭവവും കലർന്ന ശബ്ദത്തോടെ) “ഫാദർ… ഫാദർ… ഹീ റ്റുക് മൈ റ്റോയ്കാർ സെൽ!”

അബി: (അദ്ഭുതപ്പെട്ട്) “നോ ഫാദർ…! ദിസ് ഈസ് മൈൻ!”

ഹുസൈൻ: (കണ്ണുനിറഞ്ഞ്) “നോ… നോ… ഐ ബ്രോട്ട് ദിസ് ഫ്രം മൈ ഹോം റ്റുഡേ മോണിംഗ്!”

അബി: (ചുണ്ടുവിറച്ച്) “നോ ഫാദർ… ഗോഡ് പ്രോമിസ്… ദിസ് ഈസ് മൈൻ.” (കൂട്ടുകാരെ ചൂണ്ടി) ദാ ഇവരെല്ലാം കണ്ടതാ…!

ഹുസൈന്റെ വിശ്വസ്തരായ കൂട്ടുകാർ: “യെസ് ഫാദർ… ഇതു ഹുസൈന്റെയാ”

അബിയുടെ, കൂടുതൽ വിശ്വസ്തരായ കൂട്ടുകാർ: “നോ ഫാദർ… ഇതു അബിയുടെ തന്നെയാ!”

ഹുസൈനും അബിയും ഒരുമിച്ച്: (ഏങ്ങലടിക്കാൻ ശ്രമിച്ചുകൊണ്ട്) “ഇ… തെ… ന്റെ… യാ… ണു… ഫാദർ…!”

ഞാൻ: (ഇരു കരങ്ങളുമുയർത്തി) “ശരി… ശരി… കരയാതിരിക്കൂ… തർക്കവസ്തു എവിടെ… കാണട്ടെ…?”

ഉടൻതന്നെ തർക്കവസ്തു ഹാജരാക്കപ്പെട്ടു. പൊട്ടിപ്പൊളിഞ്ഞ് ആയുസ്സു തീരാറായ ഒരു റ്റോയ്കാർ സെൽ! (മുഖത്ത് ലേശം പുച്ഛം ആകാം)
തർക്കവസ്തുവിലേക്കും പരാതിക്കാരുടെ മുഖത്തേക്കും ഞാൻ മാറി മാറി നോക്കി. (അൽപ്പ നേരം ചിന്താമഗ്നനായി നിൽക്കുന്നു) വാദം കഴിഞ്ഞു. സാക്ഷികളെ വിസ്തരിച്ചു. ഇനി സത്യം കണ്ടുപിടിച്ച് വിധി പ്രസ്താവിക്കണം.

പക്ഷെ സത്യം എങ്ങനെ കണ്ടുപിടിക്കും?

“നിങ്ങൾ രണ്ടു പേരും ഓഫീസിലേക്കു വരൂ.”

ഞാൻ ഓഫീസിലേക്കു നടന്നു. ആവലാതിക്കാർ മടിച്ചു മടിച്ച് എന്നെ അനുഗമിച്ചു. തർക്കമുതൽ മേശപ്പുറത്തു വച്ച് മേശയുടെ അടിയിൽ നിന്നും ഞാൻ ഒരു ചൂരൽ വലിച്ചെടുത്തു. ഒട്ടും കൂസലില്ലാത്ത അവരുടെ നിൽപ്പു കണ്ടപ്പോൾ എന്റെ കണ്ണുകളിലേക്കു ദേഷ്യം ഇരച്ചുകയറി. മുഖം ചുവന്നു. ചുണ്ടുകൾ കോപത്താൽ വിറച്ചു. ആവലാതിക്കാരുടെ കണ്ണുകളിൽ ഇരുട്ടു കയറി. പിന്നെ ‘ആക്ഷൻ ഹീറോ ബിജു’ എന്ന മട്ടിൽ ഞാൻ ഇങ്ങനെ ആക്രോശിച്ചു:
“ഇമ്മാതിരി സാധനങ്ങൾ സ്കൂളിൽ കൊണ്ടുവരാൻ പാടില്ലെന്നറിയില്ലേടാ? സെല്ലുമായി ക്ലാസിൽ വന്നിരിക്കുന്നു! (കണ്ണുരുട്ടി) നീയൊക്കെ പഠിക്കാനാണോടാ വരുന്നത്! ഇത് എടുത്തവനല്ല, ഇതു കൊണ്ടു വന്നവനാണ് ആദ്യം തല്ലു കിട്ടാൻ പോകുന്നത്. (പല്ലുകടിച്ചു കൊണ്ട്) സത്യം പറഞ്ഞില്ലേൽ അടിച്ചു നിന്റെയൊക്കെ തുട ഞാൻ പൊട്ടിക്കും. പറയെടാ… ഇതാരാ കൊണ്ടുവന്നത്?”
മറുപടിയില്ല.

(ഇടി മുഴങ്ങുന്ന ഒച്ചയിൽ) “എടാ പറയാൻ!”
മറുപടിയില്ല.

(ചൂരൽ കൊണ്ടു മേശ മേൽ ആഞ്ഞടിച്ചു കൊണ്ട്) “എടാ പറയാൻ!”
ആവലാതിക്കാർ ഞെട്ടിത്തരിച്ചു.

“ഇവനാണു ഫാദർ… ഇതു കൊണ്ടുവന്നത്.”
“അയ്യോ അല്ല ഫാദറേ, ഞാനല്ല ഇവനാ…”
“അല്ല, ഇതിവന്റെയാണു ഫാദർ!”
“അല്ല ഫാദർ, ഇവൻ കള്ളം പറയുവാ…!”
“അപ്പോ ഇതു നിങ്ങൾ രണ്ടു പേരുടേതുമല്ല…?
“അല്ല ഫാദർ!”
“പിന്നാരുടേതാ?”
“അത്… അറിയില്ല ഫാദർ”
(അക്ഷമയോടെ) “പിന്നെ നിങ്ങളുടെ കയ്യിൽ ഇതെങ്ങനെ?”
(കരഞ്ഞുകൊണ്ട്) “ക… ക… കളഞ്ഞു കിട്ടീതാ.”

കേസിൽ അത്ര പെട്ടന്ന് അങ്ങനെയൊരു ട്വിസ്റ്റുണ്ടാവുമെന്ന് ഞാൻ കരുതിയതേയില്ല.
“അങ്ങനെയാണെങ്കിൽ ഇതിന്റെ ഉടമസ്ഥൻ വരട്ടെ. അപ്പോ കൊടുക്കാം. എന്തു പറയുന്നു?”
“ശരി ഫാദർ” അവർ തലകുലുക്കി.
“അപ്പോ പ്രശ്നം തീർന്നല്ലോ?”
(കണ്ണുതുടച്ചു കൊണ്ട്)”ഉം…”
“എന്നാൽ പോടാ വീട്ടിൽ!”
“താങ്ക്യൂ… ഫാദർ”
കിട്ടാത്ത തർക്കമുതലിനെ ചൊല്ലിയുള്ള ദുഃഖത്തെ കിട്ടാത്ത അടിയുടെ സന്തോഷം കൊണ്ടു കീഴടക്കി ആവലാതിക്കാർ തിരിച്ചുപോയി. പിന്നീടൊരിക്കലും അവർ ആ വഴി വന്നില്ല.

എന്നാൽ യഥാർത്ഥത്തിൽ സംഭവിച്ചത് മറ്റൊന്നായിരുന്നു!

REWIND 2x 4x 8x <<] STOP ■ PLAY [>>

“നിങ്ങൾ രണ്ടു പേരും ഓഫീസിലേക്കു വരൂ.”
ഞാൻ ഓഫീസിലേക്കു നടന്നു. ആവലാതിക്കാർ മടിച്ചു മടിച്ച് എന്നെ അനുഗമിച്ചു. തർക്കമുതൽ മേശപ്പുറത്തു വച്ച് ഞാൻ കസേരയിലിരുന്നു. കണ്ണിൽ നിറയെ ഭയത്തോടെ നിൽക്കുകയാണ് വാദിയും പ്രതിയും. എന്താണിനി സംഭവിക്കാൻ പോകുന്നത്?
പാവം കുട്ടികൾ! എനിക്കവരോടു സ്നേഹവും വാൽസല്യവും തോന്നി. ഞാനവരുടെ മുഖത്തു നോക്കി പുഞ്ചിരിച്ചു. ചിരിക്കാൻ അവർക്കു മടിയുള്ള പോലെ തോന്നിയെങ്കിലും അവരുടെ കണ്ണുകളിൽ നിന്നു ഭയം തെല്ലകന്നു. ഞാനവരെ വിളിച്ച് എന്റെ അടുത്തു നിർത്തി.
“മക്കളേ അനുവാദമില്ലാതെ മറ്റൊരാളുടെ വസ്തുക്കൾ സ്വന്തമാക്കുന്നത് എത്ര മോശമാണ്! അതിന്റെ പേരിൽ സ്കൂളിൽ വരുമ്പോൾ വഴക്കുണ്ടാക്കുന്നത് അതിനേക്കാൾ കഷ്ടമല്ലേ!”

അവർ തലയാട്ടി.
“ചെറിയ കാര്യങ്ങൾക്കു വേണ്ടിയാണെങ്കിൽ പോലും കള്ളത്തരം പറയുകയും കാണിക്കുകയും ചെയ്യുന്നുത് ഇതിനേക്കാളെല്ലാം വലിയ തെറ്റാണ്. കള്ളം പറഞ്ഞ് നിങ്ങൾക്ക് ജീവിതത്തിൽ ഒന്നും ശാശ്വതമായി നേടാൻ പറ്റില്ല… പറ്റുമോ…?
“ഇല്ല” അവർ സമ്മതിച്ചു.

“നിങ്ങൾ രണ്ടു പേരും നല്ല കുട്ടികളാണ്! അതുകൊണ്ട് എവിടെയും സത്യമേ പറയാവൂ. എന്താ സംഭവിച്ചത്?”
അവർ പരസ്പരം നോക്കി. പിന്നെ ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നു.

“സത്യം പറഞ്ഞതിന്റെ പേരിൽ ഞാൻ നിങ്ങളെ വഴക്കു പറയുകയോ ശിക്ഷിക്കുകയോ ഇല്ല.”
അവർ നിശബ്ദരായി തലകുമ്പിട്ടു നിന്നതേയുള്ളൂ.

“ശരി… നിങ്ങളിപ്പോൾ പൊയ്ക്കൊള്ളൂ. എപ്പോഴെങ്കിലും എന്നോടു സത്യം പറയണമെന്നു തോന്നിയാൽ അപ്പോൾ വരൂ.”
അവർ തലയുയർത്തി എന്നെ നോക്കി. മറച്ചു പിടിക്കാനാവാത്ത ഒരു കുറ്റബോധം അവരുടെ മിഴികളിൽ ഞാൻ കണ്ടു. പക്ഷെ ഒന്നും മിണ്ടാതെ അവർ മടങ്ങിപ്പോയി.

അടുത്ത രണ്ടു ദിവസങ്ങളിലും അവർ വന്നില്ല. മൂന്നാം ദിവസം രാവിലെ ഇന്റർവെൽ സമയത്ത് രണ്ടു പേരും കൂടി എന്നെ കാണാനെത്തി.
“സോറി ഫാദർ. ഞങ്ങൾ ഫാദറിനോട് സത്യം പറയാനാ വന്നത്. ഫാദർ ഞാനാണ് സെൽ കൊണ്ടുവന്നത്. ഇവനു കൊടുക്കാൻ വേണ്ടിയാ കൊണ്ടുവന്നത്. രാവിലെ തന്നെ അവനു കൊടുക്കുകയും ചെയ്തു. എന്നാൽ വൈകുന്നേരമായപ്പോൾ എനിക്കതു തിരിച്ചു വേണമെന്നു തോന്നി. ചോദിച്ചപ്പോ അവൻ തന്നില്ല. അങ്ങനെയാ ഞങ്ങൾ തമ്മിൽ വഴക്കുണ്ടായത്. സോറി ഫാദർ. ഇനി ഇങ്ങനൊന്നും ചെയ്യില്ല; കളേളാം പറയില്ല.”
അവരുടെ നിഷ്ക്കളങ്കമായ കുറ്റസമ്മതം കേട്ട് എനിക്ക് ഉള്ളിൽ ചിരിവന്നു. സ്നേഹത്തോടെ ഞാനവരെ ചേർത്തുപിടിച്ചു. സത്യം പറഞ്ഞതിന് കൈനിറയെ ചോക്ലേറ്റും നഷ്ടപരിഹാരമായി സമ്മാനങ്ങളും നൽകി അവരെ യാത്രയാക്കുമ്പോൾ ഉള്ളിൽ ഒരു കുട്ടിക്കാലം ഉണരുകയായിരുന്നു.

നമ്മൾ കുഞ്ഞുങ്ങളായിരുന്നപ്പോൾ എത്ര നിഷ്ക്കളങ്കരും സ്വതന്ത്രരുമായിരുന്നു! വളരുമ്പോഴാണ് നമുക്ക് നമ്മെത്തന്നെ നഷ്ടപ്പെടുന്നത്!
‘സത്യം നിങ്ങളെ സ്വതന്ത്രരാക്കും’ എന്ന് ജീസസ് പറഞ്ഞത് എത്രയോ ശരിയാണ്!

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.