സ്വരതാളങ്ങളെ ഭക്തിമയമാക്കിയ പാട്ടുകാരൻ

മരിയ ജോസ്

ഓ മാതാവേ… സ്വർഗ്ഗരാജ്ഞി…
നിന്നോടൊപ്പം ആരാധിപ്പൂ…

ശാന്തമായ വരികളിലൂടെ പരിശുദ്ധ അമ്മയോടൊപ്പം ഈശോയെ ആരാധിക്കുന്ന പ്രാർത്ഥനാനിർഭരമായ ഒരു പാട്ട്. ഫാ. ഷാജി തുമ്പേച്ചിറ തയ്യാറാക്കിയ ‘മരിയൻ’ എന്ന സംഗീത ആൽബത്തിലെ ഈ പാട്ട് പാടി പ്രാർത്ഥനയാക്കി മാറ്റിയത് ചമ്പക്കുളംകാരനായ ബോബി സേവ്യർ ആണ്. അഞ്ചാം വയസിൽ സംഗീതലോകത്തേയ്ക്ക് എത്തി, ഏഴാം ക്ലാസിൽ ആദ്യമായി പാടിയ പാട്ട് റെക്കോഡ് ചെയ്ത ആ ബാലനിൽ നിന്നുള്ള വളർച്ച ഇന്ന് എത്തിനിൽക്കുന്നത് അറുപതോളം ക്രിസ്ത്യൻ ഗാനങ്ങൾക്കു പിന്നിലെ സ്വരമാധുര്യമായിട്ടാണ്. ചമ്പക്കുളം കല്ലൂർക്കാട് സെന്റ് മേരീസ്  ബസിലിക്കയിൽ വർഷങ്ങളായി ക്വയർ അംഗമായ ബോബി സേവ്യർ തന്റെ സംഗീതജീവിതത്തെക്കുറിച്ച് ലൈഫ് ഡേയുമായി പങ്കുവയ്ക്കുകയാണ്.

നാടകങ്ങളുടെ ചുറ്റുപാടുകളിൽ വളർന്ന ബാല്യം

ചമ്പക്കുളം മാളിയേക്കൽ എം.കെ സേവ്യർ – മറിയാമ്മ സേവ്യർ ദമ്പതികളുടെ മകനായ ബോബി സേവ്യർ പിച്ചവയ്ക്കാൻ തുടങ്ങിയതുപോലും അനേകം കലാകാരന്മാരുടെ നടുവിലായിരുന്നു. മാളിയേക്കൽ കുടുംബത്തിലെ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും കലാപാരമ്പര്യം നാടകവുമായി ബന്ധപ്പെട്ടു കിടന്നതിനാൽ തന്നെ പലപ്പോഴും വീട് ഒരു നാടക കളരിയായി. നാടകപരിശീലനവും അഭിനയവും നാടകത്തിന്റെ പശ്ചാത്തലസംഗീതവും അതിന്റെ കമ്പോസിങ്ങും ഒക്കെയായി മാളിയേക്കൽ വീട് ശബ്ദമുഖരിതമായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ വളക്കൂറുള്ള ഒരു മണ്ണിലേയ്ക്കാണ് ദൈവം ബോബിയെന്ന പാട്ടുകാരനെ അയച്ചത്.

നാടകഗാനങ്ങളെ ഏറെ കൗതുകത്തോടെ വീക്ഷിച്ച ബാലൻ, നാലുവയസു വരെ സംസാരിക്കുന്നതിനുള്ള ചെറിയ ഒരു ബുദ്ധിമുട്ടിൽ കൂടെയാണ് കടന്നുപോയത്. നാവിനടിയിലെ ചെറിയ ഒരു കെട്ട് തടസമായി നിന്നപ്പോഴും സംഗീതത്തെ ഏറെ ഇഷ്ടപ്പെട്ടു, നെഞ്ചോട് ചേർത്തു. നാലാം വയസിൽ നടന്ന ചെറിയ ഒരു ഓപ്പറേഷനിലൂടെ ആ പ്രതിസന്ധികളെ തരണം ചെയ്ത ബോബിക്ക് ദൈവം അനുഗ്രഹമായി നൽകിയത് അസാധ്യമായ സ്വരമാധുര്യമായിരുന്നു. കുഞ്ഞിന്റെ സംഗീതവൈഭവം മനസിലാക്കിയ മാതാപിതാക്കൾ ശരിയായ പരിശീലനം നൽകുവാനും മറന്നില്ല. ചമ്പക്കുളത്തുള്ള സംഗീത അധ്യാപകൻ ജോർജ്ജ്കുട്ടി കണാവള്ളി മാഷിന്റെ കീഴിൽ ശാസ്ത്രീയസംഗീതം വളരെ ചെറുപ്പം മുതൽ അഭ്യസിച്ചിരുന്ന ബോബിക്ക് കലാപാരമ്പര്യത്തോടൊപ്പം സംഗീതപാരമ്പര്യവും അന്യമായിരുന്നില്ല. സംഗീതം ശാസ്ത്രീയമായി അഭ്യസിച്ച ആദ്യ ക്രിസ്ത്യൻ വനിതയായിരുന്ന അന്നാച്ചി ഭാഗവതർ ഇദ്ദേഹത്തിന്റെ ബന്ധുവായിരുന്നു. കൂടാതെ, ഹാർമോണിയത്തിലും വളരെ ചെറുപ്പം മുതൽ പരിശീലനം നേടിയിരുന്നു.

ബാലഗായകനിലേയ്ക്ക് വഴിതെളിച്ച സൺഡേ സ്‌കൂൾ കാലഘട്ടം

സംഗീതം പഠിക്കുന്നുണ്ട്. അതിനാൽ തന്നെ സൺണ്ടേ സ്‌കൂൾ കലോത്സവങ്ങളിലും സ്‌കൂളിൽ സബ് ജില്ലാ, ജില്ലാ കലോത്സവങ്ങളിലും പങ്കെടുക്കുന്നത് പതിവായി. അങ്ങനെയാണ് ബോബിയിലെ സംഗീതവാസന മാളിയേക്കൽ കുടുംബത്തിന് പുറത്തേയ്ക്കു അറിയപ്പെടുന്നത്. സൺണ്ടേ സ്‌കൂളിൽ നിന്നും മറ്റും മത്സരങ്ങൾക്കായി ഫൊറോനാ തലങ്ങളിലേയ്ക്ക് എത്തിയതോടെ ബോബി ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. അതിമനോഹരമായി പാട്ടുപാടുന്ന ആ കുഞ്ഞുഗായകനെ ശ്രദ്ധിക്കാതിരിക്കുവാൻ മറ്റുള്ളവർക്കും കഴിഞ്ഞില്ല.

പല മത്സരങ്ങളിലും സ്ഥിരം മത്സരാർത്ഥിയായതോടെയാണ് ഫാ. സെബാസ്റ്റ്യൻ പുന്നശ്ശേരിയുടെ കണ്ണുകൾ ബോബിയിൽ ഉടക്കിയത്. പുന്നശ്ശേരിയച്ചനിലൂടെ ചങ്ങനാശേരി അതിരൂപതയുടെ ആദ്യകാല മാധ്യമവിഭാഗമായ സന്ദേശ് കമ്മ്യൂണിക്കേഷനിലേയ്ക്കുള്ള ബോബിയുടെ വാതിൽ തുറക്കുകയായിരുന്നു. നാലഞ്ച് വർഷങ്ങളോളം സന്ദേശ് കമ്മ്യൂണിക്കേഷനുവേണ്ടി പാടുവാൻ ബോബിക്കു കഴിഞ്ഞു. ഈ സമയം ബോബിക്ക് വെറും പന്ത്രണ്ടു വയസ്  മാത്രമായിരുന്നു പ്രായം! ഈ പ്രായത്തിൽ തന്നെയാണ് ആന്റണി ഉരുളിയാനിക്കൽ അച്ചനുവേണ്ടി ക്രിസ്റ്റീൻ ധ്യാനങ്ങൾക്കായി പാട്ടുകൾ റെക്കോഡ് ചെയ്യുന്നത്. അങ്ങനെ ചെറുപ്പത്തിൽ തന്നെ സിഡിയിൽ പാട്ട് പാടുവാനുള്ള അവസരവും ബോബിക്ക് ലഭിച്ചു.

ബാല്യകാലത്തിൽ സംഗീതവിശേഷങ്ങൾ അവിടംകൊണ്ട് അവസാനിച്ചുവെങ്കിലും സംഗീതജീവിതത്തിൽ പുതിയ സ്വപ്നങ്ങളുമായി ഒരു വലിയ യാത്രയിലായിരുന്നു, കൗമാരത്തിൽ നിന്നും യുവത്വത്തിലേയ്ക്ക് കടന്ന ഈ പാട്ടുകാരൻ. ഡിഗ്രി പഠന കാലയളവിൽ പണ്ഡിറ്റ് രമേശ് നാരായണൻ സാറിന്റെ പക്കൽ നിന്നും ഏതാനും വർഷങ്ങൾ ഹിന്ദുസ്ഥാനി സംഗീതം പഠിച്ചു. അതിനുശേഷം മീഡിയ വില്ലേജിൽ നിന്നും സൗണ്ട് എഞ്ചിനിയറിങ്ങിൽ ഡിപ്ലോമയും സ്വന്തമാക്കി. ഈ സമയത്താണ് ഷാജി തുമ്പേച്ചിറ അച്ചന്റെ നേതൃത്വത്തിലുള്ള സെലിബ്രൺസ്‌ ഇന്ത്യ നടത്തിയ ബെസ്ററ് വോയിസ് മത്സരത്തിൽ പങ്കെടുക്കുന്നതും വിജയിക്കുന്നതും. ഇത് സംഗീതരംഗത്തേയ്ക്കുള്ള മറ്റൊരു വാതിലായി മാറുകയായിരുന്നു ബോബിക്കു മുന്നിൽ.

സംഗീതലോകത്തെ ഗുരുസ്ഥാനീയനായി ഷാജി തുമ്പേച്ചിറ അച്ചൻ

2000-ലാണ് ബെസ്റ്റ് വോയിസ് കോംമ്പറ്റിഷൻ നടക്കുന്നത്. അതിനുശേഷം ഷാജി തുമ്പേച്ചിറ അച്ചനിലൂടെ സംഗീതലോകത്തിലേയ്ക്കുള്ള നിരവധി അവസരങ്ങൾ ലഭിക്കുകയായിരുന്നു. ആശ്ലേഷം എന്ന സിഡിയിലൂടെയാണ് മുതിർന്നശേഷം ബോബി സംഗീതരംഗത്തേയ്ക്ക് തിരികെയെത്തുന്നത്. അതിനുശേഷം മരിയൻ എന്ന ആൽബത്തിൽ ‘ഓ മാതാവേ…’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചു. അനേകം ധ്യാനവേദികളിൽ എന്നും ഒരു പ്രാർത്ഥനയായി ആലപിക്കപ്പെടുന്ന ഈ ഗാനം അദ്ദേഹത്തിന്റെ ജീവിതത്തിൽ നൽകിയ സംതൃപ്തി ചെറുതായിരുന്നില്ല. കൂടാതെ, ദി പാഷൻ എന്ന ആൽബത്തിലെ പാദം കഴുകി എന്നെ മുത്തീട്ടും, ഉരുളിയാനിക്കലച്ചന്റെ ആദിമസഭയിൽ അപ്പസ്തോലഗണത്തിൽ തുടങ്ങി നിരവധി ആൽബങ്ങളിൽ പാട്ടുകൾ പാടുവാൻ അവസരം ലഭിച്ചു. ക്രിസ്തീയ ഭക്തിഗാനരംഗത്ത് ബോബി സേവ്യർ എന്ന ഗായകന് വ്യക്തമായ ഒരു ഇടം നൽകുന്നതില്‍ ഷാജിയച്ചൻ വഹിച്ച പങ്ക് നിർണ്ണായകമാണ്. ബോബി പാടിയ 60-ഓളം പാട്ടുകളിൽ ഭൂരിഭാഗവും ഷാജിയച്ചന്റെ സീഡികളിലാണ് പാടിയിരിക്കുന്നത്.

ബോബിയും ഷാജിയച്ചനും തമ്മിലുള്ള ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ബോബിയെ സംബന്ധിച്ചിടത്തോളം ഗുരുസ്ഥാനീയനാണ് അച്ചൻ. വളരെ ചെറുപ്പം മുതൽ ബോബിയുടെ സംഗീതജീവിതത്തിൽ തിരുത്തലുകളും പ്രോത്സാഹനങ്ങളുമായി അച്ചനുണ്ടായിരുന്നു. ചമ്പക്കുളം ഇടവകക്കാരനായ അച്ചൻ ശെമ്മാച്ചനായിരുന്ന കാലം മുതൽ കൂടെക്കൂട്ടിയതാണ് ബോബിയെന്ന കുഞ്ഞുപാട്ടുകാരനെ. ആദ്യകാലങ്ങളിൽ അച്ചൻ കമ്പോസ് ചെയ്ത പല പാട്ടുകളും ബോബിക്ക് പാടാൻ വേണ്ടിയായിരുന്നു. അങ്ങനെ ഗുരുവായ അച്ചനും ശിഷ്യനായിരുന്ന ബോബിയും സമയത്തിന്റെ പൂർത്തീകരണത്തിൽ ദൈവത്തിന്റെ വചനത്തിനു സാക്ഷ്യം വഹിക്കാൻ വീണ്ടും സംഗീതലോകത്ത് കൈകോർത്തു.

പുതിയ തലങ്ങളിലേയ്ക്ക്

പിന്നീട് പല ആൾക്കാരുമായും ചേർന്ന് പ്രവർത്തിക്കുവാൻ ബോബിക്ക് കഴിഞ്ഞു. അതിലൊരാളാണ് കെ.ജി. പീറ്റർ. നൂറോളം സീഡികളിൽ പാട്ടുകൾ പാടിയശേഷം ആത്മീയ യാത്രയുടെ സംഗീതവിഭാഗത്തിൽ പ്രവേശിച്ച ബോബി, പവർ വിഷൻ ചാനലിന്റെ മ്യൂസിക് ഡയറക്ടറായും പ്രവർത്തിച്ചു. ഈ കാലയളവിൽ പശ്ചാത്തലസംഗീതം, ടൈറ്റിൽ മ്യൂസിക്കും മറ്റും ചെയ്തു. കൂടാതെ, മസ്‌ക്കറ്റിലുള്ള നാടകസമിതിയായ മസ്‌ക്കറ്റ് തിയേറ്റർ ഗ്രൂപ്പിനായി നാടകസംഗീതങ്ങളും ചെയ്തുകൊടുത്തിരുന്നു.

ഇനി ഇതൊന്നുമല്ലാതെ തികച്ചും വ്യക്തിപരമായ ഒരു സ്ഥാനം അദ്ദേഹത്തിനുണ്ട്. അഞ്ചാം വയസു മുതൽ എപ്പോൾ എത്തിനിൽക്കുന്ന മുപ്പത്തിയെട്ടു വയസുവരെ തന്റെ ഇടവകയായ കല്ലൂർക്കാട് സെന്റ് മേരീസ് ബസിലിക്കയിൽ പ്രധാന ഗായകനാണ് ബോബി. ചുരുക്കിപ്പറഞ്ഞാൽ നാട്ടുകാരുടെ സ്വന്തം പാട്ടുകാരൻ. പാടത്തും പറമ്പിലും കാലാവസ്ഥയോടും മണ്ണിനോടും മല്ലിട്ടു കൃഷിചെയ്യുന്ന കുട്ടനാട്ടുകാരുടെ ജീവിതവ്യഥകൾ പ്രാർത്ഥനയാക്കി, പാട്ടാക്കി മാറ്റുന്ന ഈ ഗായകൻ അൾത്താരയോട് ചേർന്നുനിന്നു കൊണ്ട് തന്റെ സംഗീതജീവിതം തുടരുകയാണ്. ഈ യാത്രയിൽ അദ്ദേഹത്തിനു പിന്തുണയുമായി ഭാര്യ ടിന്റുവും മക്കളായ സേവ്യർ, സെറിൻ, ഹെലൻ എന്നിവരും ഒപ്പമുണ്ട്.

മരിയ ജോസ്

1 COMMENT

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.