ആരാധനാസംഗീതത്തിന്റെ ദൃശ്യവിരുന്നായി ബെത്ഗാസോ

തിരുവല്ല: മലങ്കര കത്തോലിക്കാ സഭയുടെ ആരാധനക്രമത്തിലെ വ്യത്യസ്തങ്ങളായ തിരുക്കര്‍മങ്ങളില്‍ ഉപയോഗിച്ചുവരുന്ന ഇരുപതോളം ഗാനങ്ങള്‍ കോര്‍ത്തിണക്കി സംഘടപ്പിച്ച ബെത്ഗാസോ ഹൃദ്യമായ അനുഭവമായി. തിരുവല്ല സെന്റ് ജോണ്‍സ് കത്തീഡ്രല്‍ ഹാളില്‍ ഇന്നലെ വൈകുന്നേരം നടന്ന ബെത്ഗാസോ സംഗീത ദൃശ്യാവിഷ്‌കരണ പരിപാടി സഭയുടെ ലിറ്റര്‍ജി കമ്മീഷനാണ് സംഘടിപ്പിച്ചത്.

കമ്മീഷന്‍ സെക്രട്ടറി റവ.ഡോ.ഐസക് പറപ്പള്ളില്‍  നേതൃത്വം നല്‍കിയ 50 അംഗ ഗായകസംഘത്തില്‍ 10 വൈദികര്‍, രണ്ട് ശെമ്മാശന്മാര്‍, 38 അല്മായര്‍ എന്നിവരുണ്ടായിരുന്നു. വിവിധ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ നടന്ന പരിപാടി കാഴ്ച്ചക്കാര്‍ക്ക് ദൃശ്യവിരുന്നായി. പ്രശസ്ത സംഗീതജ്ഞരുടെ സന്ദേശങ്ങളും ഗാനങ്ങളും ഇതോടൊപ്പം അവതരിപ്പിച്ചു.

പരിപാടിയുടെ ഉദ്ഘാടനം മൂവാറ്റുപുഴ രൂപതാധ്യക്ഷന്‍ ഡോ.ഏബ്രഹാം മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത നിര്‍വ്വഹിച്ചു. ലിറ്റര്‍ജി കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത ആമുഖസന്ദേശം നല്‍കി. ബിഷപ്പുമാരായ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, ജോസഫ് മാര്‍ തോമസ്, ഗീവര്‍ഗീസ് മാര്‍ മക്കാറിയോസ്, യൂഹാനോന്‍ മാര്‍ തിയഡോഷ്യസ് തുടങ്ങിയവരും പങ്കെടുത്തു. രണ്ട് സിഡികളുടെ പ്രകാശനവും ചടങ്ങില്‍ നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.