ഉർസുലൈൻ സന്യാസഭ മുൻ മേധാവിയുടെ വിയോഗത്തിൽ അനുശോചിച്ച് മുംബൈ അതിരൂപത

മേരി ഇമ്മാക്കുലേറ്റ് ഓഫ് ഉർസുലൈൻ സഭാ അംഗവും ഇറ്റാലിയൻ പൗരയുമായ സി. ജിയോവാന സാവരിയ അൽബേറോണിയുടെ നിര്യാണത്തിൽ അനുശോചിച്ച് മുംബൈ അതിരൂപത. 22 കിടക്കകൾ മാത്രമുണ്ടായിരുന്ന ഒരു നഴ്സിംഗ് ഹോമിനെ ഒരു മൾട്ടി സ്പെഷ്യലിറ്റി സ്ഥാപനമായും മെഡിക്കൽ ഗവേഷണ കേന്ദ്രമായും മാറ്റുന്നതിനായി സുപ്രധാന പങ്കാണ് സിസ്റ്റർ ജിയോവാന വഹിച്ചത്. എളിയ ജീവിതവും സേവന സന്നദ്ധതയും ഒരു മിഷനറി എന്ന നിലയിൽ ഈ സന്യാസിനിയെ ശ്രദ്ധേയയാക്കി.

”ജീവിത സംസ്കാരത്തിന്റെ ഉന്നമനത്തിനായി ഒരു ഡോക്ടർ എന്ന നിലയിലും ഒരു മിഷനറി എന്ന നിലയിലും എക്കാലവും ജിയോവാന അമ്മ നിസ്വാർത്ഥമായി പ്രവർത്തിച്ചു. അവരുടെ കാഴ്ചപ്പാടും ധാർമ്മികതയും പ്രോത്സാഹനവുംകൊണ്ട് മികച്ച രീതിയിലേക്കുയർന്ന ആശുപത്രി ഇന്ന് ഒരു ഗവേഷണ സ്ഥാപനം കൂടിയായി മാറിയിരിക്കുകയാണ്. മുംബൈ അതിരൂപത എക്കാലവും അവരോട് കടപ്പെട്ടിരിക്കുന്നു.” അനുശോചന സന്ദേശത്തിൽ മുംബൈ അതിരൂപത അധ്യക്ഷൻ മാർ ഗ്രെഷ്യസ് ക്രൂക്സ് പറഞ്ഞു.

“ഉർസുലൈൻ സന്യാസ സഭയുടെ പ്രൊവിൻഷ്യൽ സുപ്പീരിയർ, സുപ്പീരിയർ ജനറൽ, ഇന്ത്യൻ മിഷന്റെ സുപ്പീരിയർ, എന്നീ ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിർവഹിച്ച ഡോക്ടർ സിസ്റ്റർ ജിയോവനയുടെ കഠിനാധ്വാനത്തിന്റെയും ആത്മ സമർപ്പണത്തിന്റെയും ഫലമായി ദക്ഷിണാഫ്രിക്കയിൽ ഉർസുലൈൻ സന്യാസ സഭയുടെ ഒരു  മിഷൻ ബ്രാഞ്ച് തുടങ്ങുവാൻ സാധിച്ചു. എല്ലാറ്റിനും ഉപരിയായി ഒരു വലിയ മനുഷ്യ സ്നേഹിയായ ഡോക്ടർ എന്നതുപോലെ തന്നെ ഉള്ളിലുണ്ടായിരുന്ന ‘അമ്മ’ വാത്സല്യംകൊണ്ട് ഹൃദയങ്ങളെ നേടിയിരുന്ന ഒരു സമര്‍പ്പിത ആയിരുന്നു. അവരുടെ ജീവിതം നൽകിയ പ്രകാശം ഉർസുലൈൻ സന്യാസ സഭയ്ക്ക് എക്കാലവും വലിയ പ്രചോദനമായിരിക്കും,” -മുംബൈ ഹോളി ഫാമിലി ഹോസ്പിറ്റൽ ഡയറക്ടർ സിസ്റ്റർ ബീന മാധവത്ത് പ്രസ്താവിച്ചു.

ഏഴു പതിറ്റാണ്ടോളം ഇന്ത്യയിൽ ചിലവഴിച്ച ജിയോവാന അമ്മ, 1948 -ലാണ് ഇന്ത്യയിലേക്ക് എത്തിച്ചേർന്നത്. ഡൽഹിയിലെ ലേഡി ഡിഞ്ച് മെഡിക്കൽ കോളേജിൽ നിന്ന് വൈദ്യശാസ്ത്ര പഠനം പൂർത്തിയാക്കിയ അവർ കാൺപൂർ, കോഴിക്കോട് , വൈത്തിരി, മുംബൈ എന്നിവിടങ്ങളിലെ ആശുപത്രികളിൽ സേവനം ചെയ്തു. അവരുടെ സംരക്ഷണവും പുഞ്ചിരിയും ആളുകളോടുള്ള മൃദുവായ സമീപനവും എല്ലാവരുടെയും ഹൃദയം കവർന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.