കാർഷികപാരമ്പര്യത്തെ മുറുകെപ്പിടിച്ച ഒരു ഇടവകയും ഒരുകൂട്ടം യുവജനങ്ങളും

    മരിയ ജോസ്

    ഒരു നാടിന്റെ തനതായ സമ്പത്താണ് മണ്ണിനെ അറിയുന്ന കർഷകർ. ഒരുപക്ഷേ, കേരളത്തിന്റെ കർഷകപാരമ്പര്യം പുതുതലമുറയ്ക്ക് മുന്നിൽ നിന്ന് മാഞ്ഞുതുടങ്ങുന്ന സമയത്താണ് ഒരുകൂട്ടം യുവജനങ്ങൾ നെൽകൃഷി എന്ന ആശയവുമായി മുന്നോട്ട് വരുന്നത്. നെല്ല്, കൃഷി ചെയ്യുന്നത് കണ്ടിട്ടുണ്ട് എങ്കിലും എങ്ങനെ ചെയ്യണം എന്നറിയാതെ നിന്ന അവർക്ക് നിർദ്ദേശങ്ങളുമായി കാർന്നോന്മാരെത്തിയതോടെ ഡബിൾ ഉഷാറായി. അങ്ങനെ യുവജനങ്ങൾ പാടത്തേയ്ക്കു ഇറങ്ങി. ഒപ്പം നിർദ്ദേശങ്ങളുമായി ഇടവകയിലെ അച്ചായന്മാരും ഒപ്പം നിന്നു. അങ്ങനെ പ്രാർത്ഥനയോടെയും രൂപതാധ്യക്ഷന്റെ ആശീർവാദത്തോടെയും അവർ കൃഷി തുടങ്ങി. അറിയാം പാലാ രൂപതയിലെ മുളക്കുളം സെന്റ് മേരീസ് കത്തോലിക്കാ പള്ളിയിലെ എസ്എംവൈഎം  യുവാക്കളുടെ നെൽകൃഷിയെ…

    പാലാ രൂപതയിൽ ഈ വർഷം കർഷക വർഷമായി ആണ് ആചരിക്കുന്നത്. കൃഷിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നതിനും മറ്റുമായി ധാരാളം പ്രവർത്തനങ്ങൾ രൂപത തലത്തിൽ നടന്നിരുന്നു. അത്തരം പ്രവർത്തനങ്ങളിൽ നിന്നു ലഭിച്ച പ്രചോദനത്താലാണ് എന്തെങ്കിലും വ്യത്യസ്തമായി ഇടവക തലത്തിൽ ചെയ്യണം എന്ന ആശയം ഉടലെടുക്കുന്നത്. എന്തിനും തയ്യാറായി നിൽക്കുന്ന യുവജനങ്ങളാണ് ഒരു ഇടവകയുടെ കരുത്തെന്ന് അറിയാവുന്ന വികാരി ഫാ. ജോസഫ് കളപ്പുരയ്ക്കൽ ഉടൻ തന്നെ ഇടവകയിലെ യുവജനങ്ങളെ വിളിച്ചു കൂട്ടി. ആ ചർച്ചകളാണ് നെൽകൃഷി നടത്തുക എന്ന തീരുമാനത്തിലേയ്ക്ക് എത്തിയത്. യുവജനങ്ങൾ ഉഷാറായി. ഇനി എവിടെ നടത്തും എന്നുള്ള ചോദ്യം ചെന്നുനിന്നത് ഇടവകയിൽ തരിശായി കിടക്കുന്ന ശ്രീ. ജോൺസൻ ആലപ്പാട്ടിന്റെ പാടത്തിലാണ്. വർഷങ്ങളായി കാനഡയിലാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പക്കൽ ഈ ആവശ്യം ഉന്നയിച്ചു.

    യുവജനങ്ങളിൽ കാർഷിക മനോഭാവം വളർത്തുന്നതിനായി തന്റെ കൃഷിഭൂമി സൗജന്യമായി വിട്ടുകൊടുക്കുവാൻ അദ്ദേഹം തയ്യാറായിരുന്നു. അങ്ങനെ ആളും അരങ്ങും ഒരുങ്ങി. “മുളക്കുളം ഇടവകയിൽ ധാരാളം കൃഷിക്കാർ ഉണ്ട്. നെൽപ്പാടങ്ങളുമുണ്ട്. യുവാക്കൾ പലരും ചെറുപ്പം മുതൽ കൃഷി ചെയ്യുന്നത് കണ്ടാണ് വളർന്നുവന്നത്. എങ്കിൽ തന്നെയും ആദ്യമായി പാടത്തിറങ്ങുന്നതിന്റെ ഒരു അപരിചിതത്വം ഉണ്ടായിരുന്നു. ഈ തടസം മാറുന്നതിനായി അവരുടെ മാതാപിതാക്കളും മറ്റു മുതിർന്നവരും സഹായത്തിനായി എത്തിയതോടെ കാര്യങ്ങൾ കൂടുതൽ വേഗത്തിലായി” – ജോസഫ് അച്ചൻ പറഞ്ഞു. അങ്ങനെ രണ്ടര ഏക്കർ വരുന്ന പാടം ഉഴുതുമറിച്ചു നിലമൊരുക്കി. വിത്തുകൾ പാകി. നെൽകൃഷിക്കുള്ള ചട്ടം കൂട്ടലുകൾ എല്ലാം നടത്തി.

    കൃഷിയിറക്കാൻ സമയമായപ്പോൾ കർഷകരെ ഏറെ സ്നേഹിക്കുന്ന കല്ലറങ്ങാട്ട് പിതാവിനെ തന്നെ ഉദ്ഘാടനത്തിനായി അവർ ക്ഷണിച്ചു. ഏറെ സ്നേഹത്തോടെ അദ്ദേഹവും ഓടിയെത്തി. ആധുനിക ലോകത്തിൽ കൃഷിയിൽ നിന്നു അകന്നുപോയ യുവാക്കൾ തന്നെ കാർഷികമേഖലയെ തിരിച്ചുപിടിക്കണം എന്ന് ആഹ്വാനം ചെയ്തു ആ പിതാവും പാടത്തിറങ്ങി. ഞാറ് നട്ട് യുവജനങ്ങളുടെ സംരംഭം ഉദ്ഘാടനം ചെയ്തു. തുടർന്ന് പാടത്തിലെ ചെളിയിലേയ്ക്ക് ഇറങ്ങിയ യുവാക്കളുടെ മുഖത്ത് ഒരു വിജയിയുടെ ഭാവമായിരുന്നു. കരയ്ക്കിരുന്നു നിർദ്ദേശങ്ങൾ നൽകിയ മുതിർന്നവരുടെ മുഖത്ത് കാർഷികമേഖലയുടെ വളർച്ചയെ കുറിച്ചോർത്തെന്നോണം ഒരു പ്രതീക്ഷയുടെ പുഞ്ചിരിയും. യുവാക്കൾക്ക് നിദ്ദേശങ്ങൾ നൽകി പണിക്കാരും അവർക്കൊപ്പം ഉണ്ടായിരുന്നു. മറ്റു സഹായങ്ങൾ എല്ലാം ഒരുക്കി ഒരു വിഭാഗം യുവതികളും ഈ സംരംഭത്തിന്റെ ഭാഗമായി.

    മുൻപ് പല തരത്തിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട് എസ്എംവൈഎം പ്രവർത്തകർ. ഇടവകയിൽ ഏതു കാര്യത്തിനും സജീവമായി പ്രവർത്തിക്കുന്ന ഈ യുവജനങ്ങൾ കഴിഞ്ഞ വർഷം ആക്രി പെറുക്കി വിറ്റ് അതിൽ നിന്നു ലഭിച്ച തുകയിൽ നിന്നും ഒരു വീട് പണിതു നൽകിയിരുന്നു. ഈ വർഷവും ഇത്തരം പ്രവർത്തനം തുടരാനാണ് തീരുമാനം. നെൽകൃഷിയിൽ നിന്നും ലഭിക്കുന്ന വരുമാനം പാവപ്പെട്ട കുടുംബത്തിന് വീടുവച്ചു നൽകുവാൻ ചിലവിടും എന്ന് ജോസഫ് അച്ചൻ വെളിപ്പെടുത്തി. ഒപ്പം യുവാക്കൾക്ക് ഒരു വരുമാനമാർഗ്ഗം എന്ന നിലയിൽ കൃഷിയെ ഉയർത്തിക്കൊണ്ടു വരണം എന്നാണ് ഈ ഇടവകയുടെ ആഗ്രഹം.

    യുവജനങ്ങളുടെ ഇടയിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാർഷിക മേഖലയോടുള്ള അനുഭവത്തെ ഉണർത്തുന്നതിനുള്ള ഈ പരിപാടിക്ക് വൻ പിന്തുണയാണ് ലഭിക്കുന്നത്. കർഷകൻ ഉള്ളിടത്തോളം കാലം ഒരു രാജ്യം നിലനിൽക്കും. കർഷകരുടെ അവസാനം ഒരു രാജ്യത്തിന്റെ തന്നെ അവസാനമായി മാറും. ഈ ഒരു വലിയ തിരിച്ചറിവ് സമൂഹത്തിലേയ്ക്ക് പകരുവാനും കൃഷിയെയും കർഷകനെയും പ്രോത്സാഹിപ്പിക്കുവാനുള്ള പ്രചോദനവും ഈ പരിപാടിയിലൂടെ യുവജനങ്ങളിൽ വളരട്ടെ. മണ്ണിനെ അറിയുന്ന യുവജനങ്ങൾ നാളെ കർഷകന്റെ രക്ഷകരായി മാറും. അങ്ങനെ സംഭവിക്കും എന്ന് നമുക്കും പ്രത്യാശിക്കാം.

    മരിയ ജോസ് 

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.