“വാതിൽ പടിയിൽ നോക്കി നില്ക്കാൻ ഇനി അമ്മ ഇല്ലല്ലോ”- കണ്ണീരിൽ കുതിർന്ന ഓർമ്മകളുമായി ഒരു അദ്ധ്യാപിക

ഇന്ന് ലോക മാതൃദിനം. നൊന്തു പെറ്റ കുഞ്ഞുങ്ങൾക്ക് ആവോളം സ്നേഹം പകർന്ന, അതിനായി തന്റെ കാര്യങ്ങൾ പോലും മാറ്റിവെക്കുന്ന അമ്മമാരുടെ സ്മരണകളാൽ നിറയുന്ന ദിനം. ആരാണമ്മ? സ്നേഹമാണ് അമ്മ. ആ സ്നേഹം പലപ്പോഴും നാം തിരിച്ചറിയുന്നത് അമ്മയിൽ നിന്ന് അകന്നിരിക്കുമ്പോഴാണ്. ഇന്ന് ഈ മാതൃ ദിനത്തിൽ മരിച്ചു പോയ തന്റെ അമ്മയെ കുറിച്ച് കണ്ണീരോടെ, അധ്യാപികയായ മഞ്ജു ജേക്കബ് പറഞ്ഞ വാക്കുകളാണ് ചുവടെ ചേർക്കുന്നത് – അമ്മയെക്കുറിച്ചല്ല, ഭർത്താവിൻ്റെ അമ്മയെക്കുറിച്ചുള്ള കുറിപ്പാണ്… വായിക്കാം അമ്മയെന്ന സ്നേഹവസന്തത്തിന്റെ വിലയറിയാം.

ഇന്ന് എന്നോടൊപ്പം അമ്മയില്ല. ജീവിതത്തിൽ എന്നായാലും ഒരു മടക്കയാത്ര ഉണ്ടെന്നത് സത്യമാണ്. ‘അമ്മേ’ എന്ന് വിളിക്കാൻ എനിക്ക് കൊതി തോന്നുന്നു. ഇപ്പോൾ ഓരോ പുലർച്ചയിലും ഞാൻ തിരിച്ചറിയുന്നു അമ്മ എന്റെ കൂടെയില്ല എന്ന സത്യം.

അമ്മ കൂടെയില്ല എങ്കിലും അമ്മയെന്ന സ്നേഹതീരം എന്നെ കൊതിപ്പിക്കുന്നു. ആ സ്നേഹതീരത്ത് എത്ര നിന്നാലും കൊതി തീരില്ല. ഈ തീരത്തെ മഞ്ഞും മഴയും വെയിലും എനിക്ക് ആശ്വാസവും സുരക്ഷിതത്ത്വവും കരുതലുമായിരുന്നു. അങ്ങോട്ട് ഒന്നും കൊടുക്കാതെ ഇങ്ങോട്ട് നിരന്തരം പെയ്തു കൊണ്ടിരിക്കുന്ന സ്നേഹ മഴ ഈ തീരത്തിനു മാത്രം സ്വന്തമായിരുന്നു.

രാവിലെ പണി തീർത്തു സ്‌കൂളിലേക്ക് ഓടുമ്പോൾ ‘നീ കഴിച്ചോ’ എന്ന് അമ്മ ചോദിക്കും. സമയം കിട്ടിയില്ല എന്ന എന്റെ മറുപടിക്കു കാത്തു നിൽക്കാതെ ഓടിപോയി ചായ ഇട്ടു കൊണ്ടുവന്നു ചൂടാറ്റി, എന്നെ കുടിപ്പിച്ചു യാത്രയാകുന്ന അമ്മ. കണ്ണെത്താദൂരം മറയുവോളം വഴിയരികിൽ നോക്കി നിൽക്കുന്ന എന്റെ അമ്മ.

എന്റെ മുഖം ഒന്ന് വാടിയാൽ ആരാ വഴക്കുപറഞ്ഞത്, എന്താ കുഞ്ഞേ പറ്റിയത് എന്ന നൂറു ചോദ്യങ്ങൾക്കുള്ളിലെ കരുതൽ കൊണ്ട് നിനക്ക് ഞാനുണ്ട് എന്ന് പറയാതെ പറഞ്ഞിരുന്നു അമ്മ.

ഉച്ചയാകുമ്പോൾ, അമ്മ ചോറുണ്ടോ എന്നറിയാൻ വിളിക്കുമ്പോൾ ‘മോൾ ചോറുണ്ടോ’ എന്ന് ആദ്യം ചോദിക്കുന്ന അമ്മ. തലവേദനയായി സ്കൂളിലേയ്ക്ക് പോകുമ്പോൾ ഇടക്കിടെ അമ്മ വിളിക്കും – എങ്ങനെയുണ്ടെന്നറിയാൻ. കുറവുണ്ടെന്നറിഞ്ഞാൽ ആശ്വസത്തോടെ ഫോൺ വയ്ക്കും. നാലുമണിക്ക് സ്‌കൂൾ വിട്ടു തിരികെ വരുമ്പോൾ അൽപ്പം താമസിച്ചാൽ ആകുലതയോടെ വഴിയരികിൽ നോക്കി നിൽക്കും അമ്മ.  ഇനി അങ്ങനെ ഒന്നു വിളിക്കാൻ, കാത്തുനിൽക്കാൻ ആളില്ലല്ലോ എന്നോർക്കുമ്പോൾ….

എൻ്റെ മകൾക്കു കണക്കിന് മാർക്ക് കുറയുമ്പോൾ വഴക്കു പറയരുത് എന്ന് പറഞ്ഞു അവൾക്കായി എൻ്റെ മുന്നിൽ മാധ്യസ്ഥ്യം പിടിച്ചിരുന്നു അമ്മ. ഈ അമ്മയാണ് കൊച്ചിനെ വഷളാക്കുന്നതെന്നു അന്ന് ഞാൻ അമ്മയോട് പറയുമായിരുന്നു. അമ്മയ്ക്ക് മക്കളെ സ്നേഹിക്കാൻ മാത്രമല്ലെ അറിയാമായിരുന്നുള്ളു. ഭർത്താവ് വഴക്കു പറയുമ്പോൾ എന്തിനാ അവളുടെ അടുത്ത് ദേഷ്യപ്പെടുന്നത് എന്ന് ചോദിക്കുന്ന അമ്മ, ഞാൻ ഭർത്താവുമായി പിണങ്ങിയിരിക്കുമ്പോൾ അവനെ വിഷമിപ്പിക്കേണ്ട എന്ന് പറഞ്ഞു ഞങ്ങളെ ചേർത്തു നിർത്തും.

സ്റ്റാഫ് റൂമിൽ അധ്യാപകരുടെ ഇടയിൽ വിശേഷങ്ങൾ പറയുമ്പോൾ “നിനക്കെന്ത് സുഖമാ ഒന്നും അറിയണ്ടല്ലോ, വീട്ടിൽ നീ അമ്മായിയമ്മയും അമ്മ മരുമോളും അല്ലേ” എന്ന ചോദ്യത്തെ നിസാരമായി കണ്ടിരുന്നു എങ്കിലും അമ്മേ ഇന്ന് ഞാൻ തിരിച്ചറിയുന്നു ആ ചോദ്യത്തിന്റെ ബലവും സൗന്ദര്യവും എന്തായിരുന്നു എന്ന്. അമ്മ ഉണ്ടായിരുന്നിടത്തോളം കാലം ശമ്പളം കിട്ടുമ്പോൾ അത് അമ്മയുടെ കൈവശം ആയിരുന്നു കൊടുത്തിരുന്നത്. ഇന്ന് അത് വിറയാർന്ന കൈകൾ കൊണ്ട് അച്ഛൻ വാങ്ങുമ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നു. എന്റെ മാത്രമല്ല അച്ഛന്റെയും…

ഈ കണ്ണുനീർ അമ്മ കാണുന്നുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. അമ്മേ എന്ന് വിളിക്കുവാൻ ഇടക്ക് കൊതി തോന്നുമ്പോൾ അമ്മ ഉറങ്ങിയിരുന്ന മുറിയുടെ വാതിലിൽ ചെന്ന് നിന്ന് വിളിക്കും. ‘എന്താടാ…’ എന്നുള്ള അമ്മയുടെ മറുപടിക്കായി ആയിരം തവണ കാതോർക്കും. ആ വിളി കാതുകൾ കൊണ്ട് കേൾക്കാനാകില്ല എങ്കിലും ഹൃദയത്തിൽ നൂറാവൃത്തി കേട്ടുകഴിഞ്ഞു ഞാൻ.

അമ്മേ, ഒരിക്കൽ കൂടെ അമ്മ മടങ്ങി വരുമോ. അമ്മയോട് ഒരിക്കൽ കൂടെ എനിക്ക് പറയണം, അമ്മ എനിക്ക് ജീവനായിരുന്നു എന്ന്. ഒന്നു മടിയിൽ കിടക്കണം, തോളോടു തോൾ ചേർത്തുവെച്ച് ഒന്നുറങ്ങണം. പറ്റുന്നില്ലമ്മാ… അമ്മയില്ലാതെ. അമ്മയോളം വലുതായി ഒന്നും കണ്ടെത്താൻ ഈ മകൾക്കു കഴിയുന്നില്ല. ഇപ്പോഴും ചോദിക്കാൻ എനിക്ക് ഒത്തിരി സംശയങ്ങൾ ബാക്കിയുണ്ട്. എൻെറ അമ്മക്കുമാത്രം ഉത്തരം തരാൻ കഴിയുന്നവ. അമ്മയെന്ന സ്നേഹതീരത്തുനിന്നുള്ള എന്റെ യാത്ര ദിവസങ്ങൾ പിന്നിടുമ്പോൾ ഒരു ചിന്ത എന്റെ ഹൃദയം തുളയ്ക്കുന്നു. അമ്മയെന്ന കുളിർക്കാറ്റിനെ അൽപ്പം കൂടെ സ്നേഹിക്കാമായിരുന്നു… അമ്മേ എനിക്ക് അമ്മയെ സ്നേഹിച്ചു മതിയായിട്ടില്ലായിരുന്നു…

തയ്യാറാക്കിയത്: മരിയ ജോസ്

3 COMMENTS

  1. അറ്റുപോയ സ്നേഹചിറകിന്റെ പിടച്ചില്‍ ഇതിൽ കാണുന്നു..ഈ ദിവ്യമായ സ്നേഹം മരണത്തെ അതിജീവിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.