മദർ തെരേസായുടെ കൂട്ടുകാരി പറഞ്ഞത്

ഫാ. ജെൻസൺ ലാസലെറ്റ്
ഫാ. ജെൻസൺ ലാസലെറ്റ്

നിങ്ങളിൽ എത്ര പേർ കൽക്കട്ടയിലെ മദർ തെരേസായുടെ കോൺവെൻ്റിൽ പോയിട്ടുണ്ട്? മദർ ജീവിച്ചിരിക്കുമ്പോഴല്ല കേട്ടോ, മരിച്ചതിനുശേഷം. പോയിട്ടുള്ളവർ, ഞാൻ എഴുതുന്നത് ശ്രദ്ധിച്ചു വായിക്കുക. ഇനി പോകാനുള്ളവരും ശ്രദ്ധിച്ചുതന്നെ വായിച്ചോളൂ!

അവിടുത്തെ ചാപ്പലിനുള്ളിൽ വാതിലിനോടു ചേർന്നിരുന്നു പ്രാർത്ഥിക്കുന്ന മദറിൻ്റെ ഒരു രൂപം വച്ചിട്ടുണ്ട്. ഹൃദയസ്പർശിയായ ഒരു രൂപം. മറ്റൊരു ദേവാലയത്തിലും അങ്ങനെയൊരു രൂപം ഇതുവരെയും ഞാൻ കണ്ടിട്ടില്ല. ഒരു കൗതുകം കൊണ്ട് ഞാന്‍ ആ രൂപത്തോട് ചേർന്നിരുന്ന് അല്പസമയം പ്രാർത്ഥിച്ചതുമോർക്കുന്നു. ചാപ്പലിൽ നിന്നും പുറത്തിറങ്ങിയപ്പോൾ, എൻ്റെ കൂടെയുണ്ടായിരുന്ന വ്യക്തി, മദർ തെരേസയുടെ കൂടെ ആദ്യ ബാച്ചിലുണ്ടായിരുന്ന ഒരു സിസ്റ്ററിനെ എനിക്ക് പരിചയപ്പെടുത്തി തന്നു (ആ സിസ്റ്റർ ഇന്ന് ജീവിച്ചിരിപ്പില്ല).

ഞാന്‍ ആ സിസ്റ്ററിനോടു ചോദിച്ചു: “എന്തുകൊണ്ടാണ് മദർ ഇരുന്ന് പ്രാർത്ഥിക്കുന്ന രൂപം അൾത്താരയുടെ മുമ്പിൽ വയ്ക്കാതെ പള്ളിയുടെ പുറകിൽ ഭിത്തിയോടു ചേർത്തുവച്ചിരിക്കുന്നത്?”

വൃദ്ധയായ ആ സിസ്റ്റർ പുഞ്ചിരിച്ചുകൊണ്ട് ഇങ്ങനെ മറുപടി പറഞ്ഞു: “അച്ചാ, വളരെ നല്ല ചോദ്യം. അച്ചൻ മദറിൻ്റെ ജീവചരിത്രം വായിച്ചിട്ടുണ്ടെന്നു കരുതുന്നു. പ്രേഷിതചൈതന്യത്താൽ ജ്വലിച്ചിരുന്ന ഒരു സ്ത്രീയായിരുന്നു അവർ. പ്രാർത്ഥിക്കാൻ പോലും സമയമില്ലാതെയുള്ള പ്രേഷിതപ്രവർത്തനം. അതായിരുന്നു ആദ്യത്തെ മദർ. പ്രേഷിതവേല തന്നെയാണ് പ്രാർത്ഥനയും എന്ന് അവര്‍ വിശ്വസിച്ചിരുന്നു. എന്നാൽ, പിന്നീടവർക്കു മനസിലായി തമ്പുരാനിൽ നിന്ന് ശക്തി ലഭിക്കാതെയുള്ള സേവനങ്ങളെല്ലാം ദൈവീകമല്ല, മാനുഷികമാണെന്ന്. അതിൽ ദൈവത്തിനല്ല മഹത്വം, മനുഷ്യനാണെന്ന്. ആ ബോധ്യം ലഭിച്ച അന്നുമുതൽ മരണം വരെ, അമ്മ ഇവിടെയുള്ള സമയങ്ങളിൽ ചാപ്പലിലെ പുറകിലെ ഭിത്തിയോട് ചേർന്നിരുന്ന് മണിക്കൂറുകളോളം പ്രാർത്ഥിക്കുമായിരുന്നു… എല്ലാ മഹത്വവും അവിടുത്തേയ്ക്ക് നൽകിക്കൊണ്ടും എല്ലാ ശക്തിയും അവിടുന്നിൽ നിന്ന് സ്വീകരിച്ചുകൊണ്ടുമുള്ള
പ്രാർത്ഥന…

അതുകൊണ്ടാണ് മദർ ഇരുന്നു പ്രാർത്ഥിച്ച അതേ സ്ഥലത്ത് അങ്ങനെയൊരു രൂപം ഞങ്ങൾ വച്ചിരിക്കുന്നത്. എപ്പോൾ പള്ളിയിൽ ചെന്നാലും ഞങ്ങൾക്ക് ആ രൂപം കാണാം. അതു കാണുമ്പോൾ, അമ്മ ഞങ്ങളോടൊപ്പമിരുന്ന് പ്രാർത്ഥിക്കുന്ന ഒരനുഭവമാണ്. ഞങ്ങളുടെ പ്രവൃത്തികളെല്ലാം അവിടുത്തെ മഹത്വത്തിനു വേണ്ടിയാണെന്നും അവിടുന്നാണ് ഞങ്ങളെ നയിക്കുന്നതെന്ന ഉറപ്പും ഞങ്ങൾക്കപ്പോൾ ലഭിക്കും.”

തമ്പുരാനിൽ നിന്ന് ശക്തി ലഭിക്കാതെയുള്ള സേവനങ്ങളെല്ലാം മാനുഷികമാണ് ദൈവീകമല്ല എന്ന മദറിൻ്റെ ബോധ്യം വിചിന്തനീയമാണ്. ക്രിസ്തുവിൻ്റെ ഒരു വചനം ഓർക്കുന്നത് നല്ലതാണ്: “ഉന്നതത്തില്‍ നിന്നു വരുന്നവന്‍ എല്ലാവര്‍ക്കും ഉപരിയാണ്‌.  ഭൂമിയില്‍ നിന്നുള്ളവന്‍ ഭൂമിയുടേതാണ്‌. അവർ ഭൗമിക കാര്യങ്ങൾ സംസാരിക്കുകയും ചെയ്യുന്നു” (യോഹ. 3:31).

അതെ, നമ്മളെല്ലാവരും ഭൂമിയിൽ നിന്നുളളവരാണ്. ഈ ഭൂമിയിൽ മരിച്ചുവീഴേണ്ടവരാണ്. എന്നാൽ ക്രിസ്തുവുണ്ട്, സ്വർഗ്ഗീയനായി ഉന്നതത്തിൽ നിന്നു വന്നവൻ. അവനിലേയ്ക്ക് കണ്ണുകളുയർത്തി അവൻ്റെ മഹത്വത്തിനുവേണ്ടി നന്മകൾ ചെയ്യുമ്പോൾ നമ്മളും ദൈവീകരാകും.

ഈ കാലഘട്ടത്തിൽ കുറേയേറെ നന്മപ്രവൃത്തികൾ നമ്മൾ ചെയ്യുന്നില്ലേ? ഒന്നോർത്തു നോക്കിക്കേ… നമ്മുടെ സേവനങ്ങളിൽ നിഴലിക്കുന്നതു നമ്മളാണോ അതോ ക്രിസ്തുവാണോ എന്ന്? യഥാർത്ഥമായ പ്രാർത്ഥനയും ദൈവവിശ്വാസവും കൂടാതെയുള്ള സന്നദ്ധപ്രവൃത്തികൾ ചിലപ്പോൾ നമ്മെ അഹങ്കാരികളാക്കും. അങ്ങനെയുള്ള പ്രവൃത്തികളുടെയെല്ലാം കേന്ദ്രബിന്ദു നമ്മൾ തന്നെയായിരിക്കും. അത് ഒരുമാതിരി ക്രിസ്തുവില്ലാത്ത ക്രിസ്തുമസ് കാർഡ് പോലെയാകും. ശരിയല്ലേ..?

ഫാ. ജെൻസൺ ലാസലെറ്റ്

1 COMMENT

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.